Web Desk

തിരുവനന്തരപുരം

February 09, 2020, 5:06 pm

പൊലീസ് സ്റ്റേഷനിൽ പരാതിക്കാരന് ദുരനുഭവം വല്ലതും ഉണ്ടായോ? ഉന്നത ഉദ്യോഗസ്ഥന്റെ വിളി നേരിട്ടെത്തും- പുതിയ പരിഷ്കാരം ഇങ്ങനെ

Janayugom Online

പരാതിക്കാരെ വെള്ളം കുടിപ്പിക്കുന്ന പല പൊലീസുകാരം ഉണ്ടാകും. എന്നാൽ ഇനി അത്തരം പ്രശ്നങ്ങളൊന്നും തന്നെ പരാതിക്കാർക്ക് ഇനി ഉണ്ടാകില്ല, അത്തരമൊരു പരിഷ്ക്കാരം കൊണ്ടു വന്നിരിക്കുകയാണ് കേരള പൊലീസിൽ. ഇനി മുതൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ പരാതിക്കാരെ നേരിട്ട് വിളിക്കും. പരാതി നൽകാൻ എത്തിയ ആൾക്ക് പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാനുള്ള അവസരമാണിത്. ജില്ലാ പോലീസ് മേധാവിമാരാണ് പരാതിക്കാരെ വിളിക്കുക. തന്റെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് ജില്ലാ പൊലീസ് മേധാവി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് ഈ വിവരങ്ങൾ അന്വേഷിക്കും.

റേഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും സംസ്ഥാന പോലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും. ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതി. പോലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. രാതിക്കാരുടെ പ്രതികരണം വിലയിരുത്തി പോലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുമെന്നും ഇദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: New arrange­ments to ensure qual­i­ty ser­vice in ker­ala police

You may also like this video