August 9, 2022 Tuesday

ആത്മവൃക്ഷത്തിന്റെ വേരുകൾ

മിനി വിനീത്
January 26, 2020 9:01 am

വിവിധങ്ങളായ ആസ്വാദന രീതികളെ തൃപ്തിപ്പെടുത്തും വിധം വിഷയ വൈവിധ്യം നിറഞ്ഞ കവിതകൾ ഉൾക്കൊള്ളുന്ന ഒരു സമാഹാരമാണ് രാജു ഡി മംഗലത്തിന്റെ ‘ബുദ്ധന്റെ പ്രേമലേഖനം.’ സമകാലികതയും ചരിത്രവും കണ്ടുമുട്ടുന്ന ഒരു പൊതു ഇടമാണ് ഈ കവിതകൾ. കവിത കൊണ്ടൊരു കല്ല്. ഭാരതത്തിന്റെ സമ്പന്നമായ ഋഷി പരമ്പരയിലെ രജത താരകമാണ് മഹാ ബുദ്ധൻ. ചോദ്യങ്ങൾക്കുത്തരം തേടി, ചോദ്യങ്ങൾ മാത്രമവശേഷിപ്പിച്ച് ഇറങ്ങി നടന്നവൻ. കവിതകളിൽ പരാമർശമായും അല്ലാതെയും കടന്നു വരുന്ന ജ്ഞാനഗൗതമനു മുൻപിൽ ചില ചോദ്യങ്ങളുമായി നിൽക്കുന്ന കവിയെ കവിതകളിലാകമാനം കാണാം. വിരുദ്ധങ്ങളായ രണ്ട് ജീവ തലങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് സ്വേച്ഛാധിപതിയും ബുദ്ധനും. ഈ വൈരുദ്ധ്യം പുറംമോടികളിൽ മാത്രമാണെന്നും ഇവർ ഒരേ പാതയിൽ സഞ്ചരിക്കുന്ന സമാന്തര രേഖകളാണെന്നും സ്ഥാപിക്കുകയാണ് ‘കിളി ’ എന്ന കവിതയിലൂടെ. തങ്ങളെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങൾ ഇല്ലാതാവുക എന്നതാണ് രണ്ടു പേരുടേയും ആവശ്യം. ഇടശ്ശേരി തന്റെ കവിതയിൽ പറഞ്ഞ“വിഷമതരങ്ങളാം സാമൂഹ്യ തലങ്ങളിൽ വിഷവല്ലി പോലെ ” പടരാൻ ശ്രമിക്കുന്ന, പ്രതികരിക്കുന്ന ജനതയുടെ പ്രതീകമാണ് ഇവിടെ കലപില കൂട്ടുന്ന കിളി.

തങ്ങളുടെ അപ്രമേയാധാധികാരം ഉപയോഗിച്ച് ഇരുകൂട്ടരും ഈ ചിലയ്ക്കലിനെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു. സർവ്വസംഗപരിത്യാഗിയെങ്കിലും ബുദ്ധൻ ഒരു മത പ്രതീകം കൂടിയാണ്. മതവും അധികാരവും അരങ്ങുവാഴുന്ന സമകാലിക രാഷ്ട്രത്തിന്റെ ശക്തമായ അടയാളപ്പെടുത്തലാണ് ഈ കവിത. ബുദ്ധനെ ചോദ്യം ചെയ്യുന്ന കിളി ‘ബുദ്ധന്റെ പ്രേമലേഖനം’ എന്ന കവിതയിലുമുണ്ട്. ബോധിയുടെ മുകളിലിരിക്കുന്ന മുറിവേറ്റ പക്ഷിയുടെ ചോദ്യത്തിനു മുന്നിൽ അവന്റെ നിർവാണം നഗ്നമാക്കപ്പെടുന്നു. പല രാത്രികളിലും ഒരു പക്ഷേ ആ ചോദ്യം ബുദ്ധന്റെ സമാധാനം കെടുത്തിയിട്ടുണ്ടാവാം എന്നൊരു തിരിച്ചറിവിലാണ് ‘പ്രിയപ്പെട്ടവളേ’ എന്ന് തുടങ്ങുന്ന ഒരു മറുപടി അദ്ദേഹം എഴുതിയിട്ടുണ്ടാവാം, അത് മറ്റൊരാൾക്കും മനസ്സിലാകാത പോയതാണ്. ”ആ മനസ്സ് ആർക്കും വായിക്കാൻ പറ്റാതെ പോയതാണ് എന്ന സ്വയം സമാധാനിപ്പിക്കലിന്റെ പ്രതിഫലനമാണ് ‘അന്തർധാനം ചെയ്ത നദിയുടെ ലിപി’ എന്ന പ്രയോഗം. ശ്രദ്ധേയമായ മറ്റൊരു ബുദ്ധ കവിതയാണ് ‘ബുദ്ധനെ അടച്ച സെൽ’. പണ്ടു മുതൽക്കുതന്നെ ഈ കവികളും കലാകാരൻമാരുമെല്ലാം ജാലകത്തിരശ്ശീലയ്ക്ക് നീല നിറം കല്ലിച്ചു നൽകിയത് എന്തുകൊണ്ടാവാം എന്ന എന്റെ സന്ദേഹത്തെ ഒന്നുകൂടെ ഓർമ്മപ്പെടുത്തി. ഈ കവിതയിലെ ഒരു വരിയാണ് ” അവൻ കയറിച്ചെന്ന ഇരുട്ടു നിറഞ്ഞ പ്രഭാതം”. ഇരുട്ട് എന്നാൽ കപില വസ്തുവിന്റെ സ്നേഹമാകുന്ന വെളിച്ചത്തെ നഷ്ടപ്പെടുത്തിയവൻ എന്നും, മനുഷ്യ ദു:ഖങ്ങളാകുന്ന ഇരുട്ട് എന്ന അർത്ഥത്തിലും ചിന്തിക്കാം. താൻ നഷ്ടപ്പെടുത്തിക്കളഞ്ഞ സ്നേഹത്തേയോർത്ത് ഒരിക്കലെങ്കിലും അദ്ദേഹം ദു:ഖിക്കും എന്നു കുടി കവിത പറയുന്നു.

“സോവിയറ്റ് യൂണിയൻ ഇന്ത്യയെ ആക്രമിക്കും വരെ ജീവിച്ചിരിക്കാൻ എനിക്കായെങ്കിലെന്ന് ഞാനാശിക്കുന്നു. അവരുടെ ബോംബുകൾക്ക് പള്ളിയെന്നോ അമ്പലമെന്നോ മോസ്കെന്നോ ഭേദമില്ലല്ലോ ” ഇന്ത്യയിൽ മതഭ്രാന്ത് അഴിഞ്ഞാടിയിരുന്ന കാലത്ത് ടാഗോർ തമാശയെന്ന മട്ടിൽ പറഞ്ഞ വാക്കുകളാണിത്. അതിനെക്കാളുമൊക്കെ വിഷലിപ്തമായ ഒരു രാഷ്ട്രീയ /മത അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. മതാധികാരത്തിന്റെ, ദുർഗന്ധം വമിക്കുന്ന മുഖത്തിനു നേരേയുള്ള പ്രതിക്ഷേധങ്ങളും ഈ സമാഹാരത്തിൽ കാണാം “വയറ്റിൽ നിന്ന് കേൾക്കുന്ന ആട്ടിൻകുട്ടിയുടെ കരച്ചിലും കുപ്പായത്തിൽ അഴുകിയ രാത്രിയുടെ രോമങ്ങളും (സ്നേഹിതൻ), “എന്റെ ഉൺമ ഇരുട്ടിലാണ് (നിഴൽ ) “നേർച്ചപ്പെട്ടി പൊതിയുന്ന നരകത്തിലെ ഈച്ചകൾ ” ” അരമനകളിലെ മുന കുർത്ത മൃഗ ലിംഗങ്ങൾ ” തുടങ്ങിയ വരികൾ ഉദാഹരണം.. മതം എന്ന ചട്ടക്കൂട് സ്ത്രീക്ക് ഒരിക്കലും സുരക്ഷ നൽകുന്നില്ല എന്ന സത്യത്തോട് ചേർത്തു വായിക്കാവുന്ന മറ്റൊരു കവിതയാണ് ഭഗവതി. ഭഗവതിയായി തുള്ളി നിൽക്കുമ്പോഴും ഭക്തന്റെ ശാരീരിക പീഠനത്തിനിരയാകുന്ന പെൺകുട്ടി പ്രതികരിക്കാൻ പോലും കഴിയാതെ നിശബ്ദയാകുന്ന ദയനീയ കാഴ്ച കവിത കാട്ടിത്തരുന്നു അവനവനിലേക്കുള്ള പാത തത്വശാസ്ത്രങ്ങൾ അവയുടെ മഹത്വങ്ങളിൽ നിന്ന് പുറകോട്ടു പോവുകയും തീവ്രദേശീയതയുടെ ഭാഗമായിത്തീരുകയും ചെയ്ത ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുക മാത്രമല്ല കവി ചെയ്തിരിക്കുന്നത്. ‘അവനവനെക്കുറിച്ചുള്ള തിരിച്ചറിവാണ് ജ്ഞാനത്തിന്റെ തുടക്കം എന്ന ബുദ്ധവചനത്തെ ചില കവിതകളിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നുമുണ്ട്.പ്രതികരണ ശേഷിയറ്റു കൊണ്ടിരിക്കുന്ന തന്റെ വർഗ്ഗത്തെക്കുറിച്ചുള്ള സന്ദേഹമാവാം, ഞാൻ കവിയല്ല “ഒറംഗസീബിന്റെ കുതിര “യാണെന്ന് കവിയെക്കൊണ്ട് പറയിച്ചത്.

സുഫിവര്യൻ, ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യുകയും ഖുറാൻ മുഴുവനായും പകർത്തിയെഴുതുകയും ചെയ്തയാൾ. ഇതേ ഒറംഗസീബ് തന്നെയാണ് പിതാവിനെയും സഹോദരനെയും വധിച്ച് അധികാരം നേടിയതും അനേകായിരം പേരെ കൊന്നൊടുക്കുകയും ചെയ്തത്. ഔറംഗസീബിന്റെ കുതിരയെന്നാൽ എല്ലാ കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടും പ്രതികരിക്കാൻ പറ്റാതെ പോയൊരാൾ എന്നാണർത്ഥം. അധികാരത്തിന്റെയും പുരസ്ക്കാരത്തിന്റെയും മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന കവികൾ വർത്തമാനകാലത്തിലെ വളരെ സാധാരണമായൊരു കാഴ്ചയാണ്. സ്വന്തം ലാഭനഷ്ടം നോക്കി മാത്രം സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഇവർക്കു ചേരുന്ന വിശേഷണം തന്നെയാണ് ‘ഔറംഗസീബിന്റെ കുതിര.’ പ്രണയത്തെ വളരെ യാഥാർത്ഥ്യബോധത്തോടെ സമീപിച്ചിരിക്കുന്ന പ്രണയകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. “പ്രണയം എന്ന വാക്ക് ഇറങ്ങിപ്പോയ സ്റ്റേഷൻ ഓർമ്മയില്ലെന്നു” പറയുമ്പോഴും ആ വേദനയ്ക്കുള്ള കുറിപ്പടികളാണ് തന്റെ കവിതകളെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. കവിതയിലൂടെ ഒരുവളെ അഗാധമായി പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ പുറകിൽ കേട്ട ‘കിടക്കുന്നില്ലേ’ എന്ന ശബ്‘ദത്തെ “എണ്ണയിടാത്ത വിജാഗിരി കരയുന്ന സ്വരം ” എന്ന് വിശേഷിപ്പിച്ചത് കാല്പനികതയുടെ മായാ പ്രപഞ്ചത്തിൽ നിന്നും പുറത്തു കടന്നതിന്റെ അസഹിഷ്ണുതയാണെന്ന് കരുതാം. “ഇലകളേക്കാൾ നിശബ്ദരും നിശ്ചലരുമാണ് കവികൾ ” എന്ന ആത്മവിമർശനം നടത്തുമ്പോളും ഏതാണ്ടെല്ലാ സമകാലിക വിഷയങ്ങളോടും കവിതയിലൂടെ പ്രതികരിച്ചിട്ടുണ്ട് ഈ കവി. സമൂഹത്തോടുള്ള ജാഗ്രതയുടെ നേർസാക്ഷ്യങ്ങളെങ്കിലും “തബലയായ് മാറുന്ന അലുമിനിയം ചട്ടി” ” നോട്ടുബുക്കിലെ മയിൽപ്പീലി” തുടങ്ങിയ ചിരബിംബങ്ങൾ ഈ കൃതിയിലും കാണാം. മിക്കവാറും എല്ലാ കവിതകളിലും ഞാൻ, നീ, എന്റെ എന്നീ വാക്കുകൾ വല്ലാതെ ആവർത്തിക്കുന്നുണ്ട്. എങ്കിലും വിഷയ സ്വീകരണത്തിലോ അവതരണത്തിലോ അത്തരമൊരു സ്വാർത്ഥ ചിന്ത പ്രകടിപ്പിക്കുന്നില്ല എന്നതും ഒരു വൈരുദ്ധ്യമായി തോന്നി. ബുദ്ധന്റെ പ്രേമലേഖനം രാജു ഡി മംഗലത്ത് പാബ്ലോ ബുക്സ് വില: 180 രൂപ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.