Web Desk

March 14, 2020, 12:23 pm

കൊറോണ; നവജാത ശിശുവിന് വൈറസ് സ്ഥിരീകരിച്ചു

Janayugom Online

നവജാത ശിശുവിന് കൊറോണ (കോവിഡ്19) വൈറസ് ബാധ സ്ഥിരീകരിച്ചു. വടക്ക് പടിഞ്ഞാറൻ ലണ്ടനിലാണ് നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

കുഞ്ഞിന്റെ അമ്മയ്ക്ക്​ പ്രസവത്തിന്​ മുമ്പ്​ ന്യുമോണിയ രോഗം കണ്ടെത്തിയിരുന്നു. പ്രസവശേഷം സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഉടനെ കുഞ്ഞിന്റെ മാതാവിനെ കൊറോണ പരിശോധനയ്ക്ക്​ വിധേയമാക്കി. പരിശോധനയിൽ അമ്മയ്ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്​ ശിശുവിനും പരിശോധന നടത്തി. കുഞ്ഞിന്റെ മാതാവിനെ വിദഗ്​ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. അതേസമയം കുഞ്ഞിന്​​ വൈറസ് പിടിപെട്ടത് ജനിക്കുന്നതിന്​ മുമ്പാണോ ശേഷമാണോ എന്ന കാര്യം വ്യക്തമല്ലെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ചൈനയില്‍ ഒരു സ്​ത്രീക്കും നവജാത ശിശുവിനും വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു. പിറന്നു വീണ് മുപ്പതുമണിക്കൂറിനുള്ളിലാണ് കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വൂഹാനിലാണ് സംഭവം. ഗർഭാവസ്ഥയിലോ, ജനിച്ചതിന് തൊട്ടുശേഷമോ ആകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പ്രസവിക്കുന്നതിന് മുമ്പേ, കുഞ്ഞിന്റെ അമ്മയുടെ കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. യൂറോപ്പില്‍ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ലണ്ടനില്‍ മാത്രം 136 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry; new born baby tests pos­i­tive for coro­na virus

YOU MAY ALSO LIKE THIS VIDEO