പുതിയ അരികളുടെ പ്രചരണവുമായി കാര്‍ഷിക ജിനോമിക്‌സ് സമ്മേളനം

Web Desk
Posted on April 08, 2019, 8:00 pm

തൃശൂര്‍: ജനിതകാരോഗ്യവും ഗുണമേന്മയുമുള്ള പുതിയ അരികളുടെ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരള കാര്‍ഷിക സര്‍വകലാശാലയും കൊച്ചി സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി കാര്‍ഷിക ജിനോമിക്‌സ് സമ്മേളനം സംഘടിപ്പിച്ചു.
കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന സമ്മേളനത്തിന്റെ ഉത്ഘാടനം വൈസ് ചാന്‍സലര്‍ ആര്‍ ചന്ദ്രബാബു നിര്‍വ്വഹിച്ചു. അഗ്രിജിനോം ലാബ്‌സ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഡോ. ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂ ഡല്‍ഹി എന്‍ഐപിജി ആര്‍ ഡയറക്ടര്‍ ഡോ. രമേഷ് സോണ്ടി, ഐഎആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എകെ സിങ്ങ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
വിളവെടുപ്പ് മെച്ചപ്പെടുത്തുന്നതില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സാധ്യമാക്കിയ മാര്‍ക്കര്‍ അസിസ്റ്റഡ് സെലക്ഷന്‍, ടില്ലിങ്ങ്, ജിനോം എഡിറ്റിങ്ങ് എന്നീ സാങ്കേതിക വിദ്യകളില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം കൊണ്ടുണ്ടായ പുരോഗതി അഗ്രിജിനോം ലാബ്‌സ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഡോ. ജോര്‍ജ് തോമസ് വിശദീകരിച്ചു.
ടില്ലിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നെല്‍കൃഷിക്ക് ഹാനികരമായ ഷീത്ത് ബ്ലൈറ്റ് ബാക്ടീരിയയെ പ്രതിരോധിക്കുന്ന സാമ്പ മഹസൂരി നെല്ല് ആന്ധ്രയില്‍ നടന്ന ഗവേഷണ ഫലമായി വികസിപ്പിച്ചിട്ടുണ്ട്. ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. രമേഷ് സോണ്ടി ഇതിന്റെ വിവിധ ശാസ്ത്രീയ ഫലങ്ങള്‍ വിശദീകരിച്ചു.