മന്ത്രിസഭയില്‍ ആര്‍എസ്എസ് പിടിമുറുക്കി

Web Desk
Posted on May 31, 2019, 10:37 pm

ന്യൂഡല്‍ഹി: നരേന്ദ്രമോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ ആര്‍എസ്എസിന്റെ പിടിമുറുക്കം മാത്രമല്ല ആശയങ്ങള്‍ അതേപടി നടപ്പിലാക്കുന്നതിനുള്ള വ്യക്തികളെത്തന്നെ ചുമതലയേല്‍പ്പിച്ചുവെന്നും വ്യക്തമാകുന്നു. ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കേ നഗ്നമായ അധികാര ലംഘനവും പക്ഷപാതിത്വവുമെല്ലാം തെളിയിച്ച അമിത്ഷാ രാജ്യത്തിന്റെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കുന്നു. ഇത് നല്‍കുന്ന ആപല്‍സൂചന ചെറുതല്ല. അക്കാലത്ത് നടന്ന ന്യൂനപക്ഷവേട്ടയും വിദ്വേഷക്കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളും ഇന്നും കെട്ടടങ്ങിയിട്ടില്ലാത്ത വിവാദവിഷയങ്ങളാണ്.
വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ രമേശ് പൊക്രിയാലിന് മാനവ വിഭവശേഷി വകുപ്പിന്റെ ചുമതലയാണ് മോഡി നല്‍കിയിരിക്കുന്നത്. ശാസ്ത്രം ആണവ ഗവേഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈന്ദവ പുരാണങ്ങളില്‍ അതുണ്ടായിരുന്നുവെന്നും ജ്യോതിഷത്തിന് മുന്നില്‍ ശാസ്ത്രം കുള്ളനാണെന്നും പറഞ്ഞയാള്‍ തന്നെ ശാസ്ത്രവും ഗവേഷണവും കൈകാര്യം ചെയ്യുന്ന മാനവവിഭവശേഷി വകുപ്പിന്റെ തന്നെ മന്ത്രിയായിരിക്കുകയാണ്.

കടുത്ത ആര്‍എസ്എസുകാരനായ ഗിരിരാജ് സിങിന് മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുക്കപ്പെട്ട ഗിരിരാജ് സിങിന്റെ മുസ്‌ലിങ്ങള്‍ രാമന്റെ പിന്‍മുറക്കാരാണ് എന്ന പരാമര്‍ശവും സോണിയഗാന്ധിയെക്കുറിച്ച് നടത്തിയ അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ നടക്കുന്ന പശു സംരക്ഷണത്തിന്റെ ചുമതലയുള്ള വകുപ്പാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

ലളിത ജീവിതത്തിന്റെ പേരില്‍ അടുത്തകാലത്ത് മാധ്യമങ്ങളില്‍ ഇടംപിടിച്ച പ്രതാപ് ചന്ദ്ര സാരംഗി മന്ത്രിസഭാംഗമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇദ്ദേഹത്തിന്റെ പൂര്‍വകാലചരിത്രം വിദ്വേഷത്തിന്റേതും ആക്രമണോത്സുകതയുടേതും തന്നെയാണ്. ഒഡിഷയില്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സ് കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബജ്‌രംഗ്ദളിന്റെ അക്കാലത്തെ സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് ചന്ദ്ര സാരംഗിയായിരുന്നു. പ്രസ്തുത സംഘടന നടത്തിയ പല അക്രമസംഭവങ്ങളിലും സാരംഗി പ്രതിയായിട്ടുമുണ്ട്.
തീവ്രവര്‍ഗീയതയുടെ മുഖം പേറുന്ന സാധ്വി നിരഞ്ജന്‍ ജ്യോതി, സഞ്ജീവ് കുമാര്‍ ബല്യാന്‍ തുടങ്ങി ഇത്തരം പൂര്‍വകാല ചരിത്രമുള്ള ഒരു ഡസന്‍ പേരെങ്കിലും മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കൂടാതെ ഓരോ വകുപ്പുകളും കണ്ടറിഞ്ഞാണ് മോഡി നല്‍കിയിരിക്കുന്നത്. നിര്‍മ്മല സീതാരാമനെ ധനവകുപ്പ് മന്ത്രിയാക്കിയതും രാജ്‌നാഥ് സിങിന് പ്രതിരോധ വകുപ്പ് നല്‍കിയതും സംഘപരിവാറിന്റെ നയങ്ങള്‍ക്കൊപ്പം കച്ചവടതന്ത്രങ്ങള്‍ സംരക്ഷിക്കണമെന്ന താല്‍പര്യപ്രകാരം തന്നെയെന്ന് വ്യക്തം.