March 24, 2023 Friday

അധ്വാനിക്കുന്നവർക്ക് പുതിയ വെല്ലുവിളി

Janayugom Webdesk
May 3, 2020 2:15 am

ജനരോഷം ആളിക്കത്തുന്ന സന്ദർഭമാണിത്. പട്ടിണിയും പരിവട്ടവും അതിന്റെ ഉച്ചസ്ഥായിലെത്തി. അത് ഇപ്പോഴും നിർബാധം തുടരുന്നു. കാലങ്ങളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത കാര്യങ്ങൾ ഒരോന്നായി കവർന്നെടുക്കുന്നു. ഒരു നൂറ്റാണ്ടിന് മുമ്പ് ചിക്കാഗോയിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി ജീവത്യാഗം ചെയ്തു. ഇതിലൂടെ എട്ട് മണിക്കൂർ ജോലി സമയം അംഗീകരിച്ചു. ഈ ലക്ഷ്യത്തിലെത്തുന്നതിനായി പോരാടിയ എട്ടു തൊഴിലാളികളെയാണ് തൂക്കിലേറ്റിയത്. രാജ്യത്ത് കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾ നേടിയെടുത്ത ജോലി സമയം എട്ട് മണിക്കൂർ എന്നത് കവർന്നെടുക്കാനുള്ള തന്ത്രങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ കോർപ്പറേറ്റുകൾ നടത്തുന്നത്. എട്ട് മണിക്കൂർ എന്നത് 12 മണിക്കൂറാക്കാനുള്ള തന്ത്രങ്ങളാണ് തുടരുന്നത്. ഇതിനുള്ള നീക്കങ്ങൾ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആരംഭിച്ചു.

കരാർ ജീവനക്കാരുടെ വേതനം കുറയ്ക്കാനുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്. ഇത് മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങളുടെ മേൽ അവസാനത്തെ ആണിയടിക്കുന്ന വിധത്തിൽ തൊഴിൽ നിയമങ്ങൾ കോർപ്പറേറ്റുകളുടെ ഇംഗിതങ്ങൾക്ക് അനുസൃതമായി ഭേദഗതി ചെയ്യുന്നു. ഇതിലൂടെ സമരം, പ്രതിഷേധം തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാകും. വളർച്ചാ സ്തംഭനത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നത്. രാജ്യത്ത് സമ്പത്ത് ഉല്പാദിപ്പിക്കുന്ന തൊഴിലാളികൾ മനുഷ്യാവകാശങ്ങൾ പോലും നഷ്ടപ്പെട്ട് അടിമകളാകുന്നു. ലോക്ഡൗ­ൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിലാളികൾ കൊടും പട്ടിണിയിലേയ്ക്കാണ് എത്തപ്പെട്ടത്. ഇ­പ്പോൾ ഇവർ ദാരിദ്ര്യം, പട്ടിണി, മഹാമാരി എന്നിവയുടെ പിടിയിലാണ്. 40 ശതമാനത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികൾ സ്വന്തം വീടുകളിൽ എത്താനുള്ള തത്രപ്പാടിലാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്ത അവസ്ഥയിലാണ് ഇവർ കഴിയുന്നത്. ഇ­പ്പോൾ ഇവരുടെ പക്കൽ കാശുമില്ല, ജോലിയുമില്ല. കുടിയേറ്റത്തൊഴിലാളികൾ തികച്ചും അസംതൃപ്തരാണ്. ഇവരുടെ ശ­ക്തി, ഉല്പാദന മേഖലയിലുള്ള ഇവരുടെ തൊഴിൽ മികവ് എന്നിവ ഇവർ തിരിച്ചറിയുന്നു. അവരുടെ മനോനില തികച്ചും പരിതാപകരമാണ്. വിവിധ ട്രേഡ് യൂണിയനുകൾ, കമ്മ്യൂണിസ്റ്റ് പാർട്ടി, സാമൂഹ്യ മാധ്യമങ്ങൾ എന്നിവർ കുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങളെ അനുകൂലിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. സംഘം ചേരാനും സംഘടിക്കാനുമുള്ള ഇവരുടെ അവകാശങ്ങൾ ഉടൻ കവർന്നെടുക്കപ്പെടും. ഇവരുടെ കഷ്ടതകൾ മാത്രം ദീർഘകാലം തുടരും. അവ രാജ്യത്തെ ജനങ്ങൾ പങ്കുവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സാമൂഹ്യ ശാസ്ത്രജ്ഞനും ദാർശനികനും മഹാനായ നേതാവുമായ മാർക്സിന്റെ ജന്മദിനം ആഷോഷിക്കുന്ന വേളയാണ് ഇത്. തൊഴിലാളി വർഗത്തിന് ലോകചരിത്രത്തിന്റെ ഗതി മാറ്റാൻ കഴിയുമെന്ന മാർക്സിന്റെ വാക്കുകൾ ഈ സന്ദർഭത്തിൽ ഓർമ്മിക്കേണ്ടത് അനിവാര്യമാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദം കേവലം പ്രവചനങ്ങളെ ആധാരമാക്കിയുള്ളതല്ല. ചരിത്രപരമായ പരിണാമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്താണ് മാർക്സ് തന്റെ തത്വങ്ങൾ രൂപപ്പെടുത്തിയത്. കോവിഡ് 19 മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു വിനാശം തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യം ഒരു ഗതിവ്യതിയാനത്തിന് കാരണമാകുന്നു. അധിക മൂലധനമാണ് ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ഇതിൽ നിന്ന് പൊടുന്നനെയുള്ള ഒരു മാറ്റം സാധ്യമല്ല.

സാങ്കേതിക വിപ്ലവവും അതിനെ തുടർന്ന് തൊഴിൽ മേഖലയിലെ ഘടനാ മാറ്റവും എന്നിവ തൊഴിലാളികളുടെ മനോഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നു. കഴിഞ്ഞ 200 വർഷത്തിലധികമായി ഈ മാറ്റം തുടരുന്നു. 1886 മെയ് ഒന്നിനാണ് എട്ട് മണിക്കൂർ ജോലി എന്ന ആവശ്യം അംഗീകരിച്ചത്. ഇതിനായി നിരവധി ജീവനും ഒരുപാട് ചോരയും ഒഴുക്കേണ്ടി വന്നു. ഇതിലൂടെയാണ് ഈ ദിവസം അവിസ്മരണീയമായത്. ഇത് സോഷ്യലിസം എന്ന സ്വപ്നത്തിലേക്കുള്ള ഒരു ചുവടുവയ്പുകൂടി ആയിരുന്നു. അതുവരെയും സോഷ്യലിസം എന്ന ആശയം ഒരു ഉട്ടോപ്യൻ സങ്കൽപ്പമായിരുന്നു. ഇപ്പോൾ ഒരുപക്ഷെ സോഷ്യലിസം എന്ന ആശയം കൂടുതൽ കരുത്താർജിക്കുന്ന ഒരു സന്ദർഭമാണ്. ലോകത്തിന് മാറ്റം അനിവാര്യമായ നിമിഷമാണ് ഇപ്പോൾ ആഗതമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.