അനുഗ്രഹം വേണം; മുതിര്‍ന്ന സംവിധായകരുടെ അനുഗ്രത്തോടെ സിനിമയില്‍ ചലച്ചിത്രാരംഭം കുറിച്ച് 12 യുവ സംവിധായകര്‍

Web Desk
Posted on October 08, 2019, 6:05 pm

കൊച്ചി: വിദ്യാരംഭത്തിനോടനുബന്ധിച്ച് സിനിമ സംവിധായകരുടെ കൂട്ടായ്മയായ ചലച്ചിത്ര മലയാളം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ പ്രഗത്ഭരായ കെ.ജി ജോര്‍ജ്, ജോഷി, ജോണ്‍ പോള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ യുവ സംവിധായകര്‍ തങ്ങളുടെ പുതിയ സിനിമകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഈ വര്‍ഷവും അടുത്ത വര്‍ഷം ആദ്യവുമായി സിനിമ സംവിധാനം ചെയ്യുന്ന 12 സംവിധാകരെയാണ് ചലചിത്രാരംഭത്തിലേക്ക് തിരഞ്ഞെടുത്തത്. ചലച്ചിത്ര മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം കൊച്ചിയില്‍ അന്താരാഷ്ട്ര ചലചിത്രമേള ഏകോപിപ്പിക്കുമെന്നു ചലച്ചിത്ര മലയാളത്തിന്റെ കണ്‍വീനര്‍ കൂടിയായ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞു.

കേരളത്തില്‍ ചലച്ചിത്ര സാധ്യതകള്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി കേന്ദ്രമായി ചലച്ചിത്ര മലയാളം എന്ന കൂട്ടായ്മ ഏകോപിപ്പിക്കുന്നതെന്നും യുവ സംവിധായകരുടെ തിരക്കഥകള്‍ കേട്ട് വേണ്ടപ്പെട്ട നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും നല്‍കി അവര്‍ക്കു വേണ്ട സഹായങ്ങള്‍ക്കുള്ള വേദിയൊരുക്കാനുമാണ് ചലചിത്ര മലയാളം എന്ന പ്രസ്ഥാനം തുടങ്ങുന്നതെന്നും ജോണ്‍ പോള്‍ പറഞ്ഞു. ചലചിത്ര വിദ്യാര്‍ത്ഥികള്‍ക്കും യുവ സംവിധായകര്‍ക്കുമായി മാസത്തിലൊരിക്കള്‍ സംവാദസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.

യുവ സംവിധായകരായ ആന്റണി സോണി, സുധി അന്ന, പ്രഭു രാധാകൃഷ്ണന്‍, രാജു എബ്രഹാം, ജിജോ ജോസഫ്, ചിദംബരം, പ്രതീഷ് വിജയന്‍, തരുണ്‍ ഭാസ്‌കരന്‍, സിബി ജോസ് ചാലിശേരി, മധു വാര്യര്‍, ഗോവിന്ദന്‍കുട്ടി അടൂര്‍, ആശ ദാസ് എന്നിവര്‍ കെ.ജി ജോര്‍ജ്, ജോഷി, ജോണ്‍ പോള്‍ എന്നിവരില്‍ നിന്ന് മൊമന്റോ ഏറ്റുവാങ്ങി ചലചിത്രാരംഭംകുറിച്ചു. ഈ വര്‍ഷവും അടുത്ത വര്‍ഷം ആദ്യവുമായി സിനിമ സംവിധാനം ചെയ്യുന്ന 12 സംവിധാകരെയാണ് ചലചിത്രാരംഭത്തിലേക്ക് തിരഞ്ഞെടുത്തത്. സംവിധായകന്‍ കെ.ജി ജോര്‍ജ് യുവസംവിധായകര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. ചലചിത്രാരംഭം കുറിച്ചവരില്‍ ആദ്യം സിനിമ ചിത്രീകരണം ആരംഭിക്കുന്ന ജിജോ ജോസഫിന് സംവിധായകരായ ജോഷിയും കെ.ജി. ജോര്‍ജും ചേര്‍ന്ന് ക്ലാപ് ബോര്‍ഡ് സമ്മാനിച്ചു. യുവ സംവിധായകനായ ശ്യാംദത്ത്, സിനിമ താരം കൈലാഷ്, ചലചിത്ര മലയാളം കോര്‍ഡിനേറ്റര്‍ ജോളി ജോസഫ്, പ്രൊഡ്യൂസര്‍മാരായ ആല്‍വിന്‍ ആന്റണി, പ്രേമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.