Web Desk

സാവോ പോളോ

July 12, 2021, 10:02 pm

കോവാക്‌സിന്‍; ബ്രസീൽ കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പുതിയ വിവാദം

Janayugom Online

കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെകും ബ്രസീലിയന്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പുതിയ വിവാദം ഉടലെടുക്കുന്നു. ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊള്‍സൊനാരോയ്ക്കെതിരെ ആരോപണങ്ങള്‍ക്കും അന്വേഷണത്തിനും വഴിവച്ച കരാറില്‍ മൂന്നാമതായി ഒരു വ്യാജ കമ്പനിയുടെ പേരുകൂടി ഉയര്‍ന്നുവന്നു. കോവാക്സിന്റെ ബ്രസിലിലെ വിതരണവുമായി ബന്ധപ്പെട്ട് ധാരണാ പത്രത്തില്‍ ഒപ്പു വച്ച ദുബായ് ആസ്ഥാനമായുള്ള കമ്പനിയെയോ പ്രതിനിധികളെയോ കണ്ടെത്താന്‍ സാധിക്കാത്തതായാണ് പുതിയ ദുരൂഹത.

ഭാരത് ബയോടെക്കിന്റെ പ്രാദേശിക പ്രതിനിധി പ്രെസിസ മെഡിസെന്റോസ് പങ്കാളിത്ത കരാറിന്റെ രേഖകള്‍ ആരോഗ്യ മന്ത്രാലയത്തിലേക്ക് നല്‍കിയിരുന്നു. ഈ രേഖയില്‍ നിന്നാണ് മൂന്നാമത്തെ കമ്പനിയുടെ സാന്നിധ്യവും കരാര്‍ ഒപ്പുവച്ചിരിക്കുന്ന തീയതിയിലെ അവ്യക്തതയും പാർലമെന്ററി അന്വേഷണ കമ്മിഷന്റെ (സിപിഐ) ശ്രദ്ധയിൽപ്പെട്ടത്.

ഭാരത് ബയോടെക്കിന്റെ ഉന്നത ഉദ്യോഗസ്ഥരും ബ്രസീൽ പ്രതിനിധികളും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് നാല് ദിവസത്തിന് ശേഷമാണ് യുഎഇയില്‍ രജിസ്റ്റർ ചെയ്ത എൻ‌വിക്സിയ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനി ധാരണാ പത്രത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. ബ്രസീലില്‍ കോവാക്സിന്റെ രജിസ്ട്രേഷന്‍, വാക്സിന്റെ വാണിജ്യവല്‍ക്കരണം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങളാണ് എൻ‌വിക്സിയ ഫാർമസ്യൂട്ടിക്കൽസ് ഏറ്റെടുത്തിരുന്നത്.

എന്നാല്‍ ഇപ്പോഴും എൻ‌വിക്സിയ ഫാർമസ്യൂട്ടിക്കൽസിന്റെ പിന്നിലുള്ള ദൂരുഹത തുടരുകയാണ്. ഗൂഗിളിലും കമ്പനിയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ഹരിദ്വാറിലെ കുംഭമേളയ്ക്കിടെ നടന്ന വ്യാജ കോവിഡ് പരിശോധന അഴിമതിക്കേസിൽ ഉത്തരാഖണ്ഡ് പൊലീസ് അന്വേഷിക്കുന്ന മുംബൈ ആസ്ഥാനമായുള്ള സ്ഥാപനവുമായി എൻ‌വിക്സിയക്ക് ബന്ധമുണ്ടെന്ന് ദ വയർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ധാരണാ പത്രത്തില്‍ ജനറല്‍ മാനേജര്‍ അനുദേഷ് ഗോയൽ എന്നയാളാണ് എൻ‌വിക്സിയ ഫാർമസ്യൂട്ടിക്കൽ‌സിനു വേണ്ടി ഒപ്പു വച്ചിരിക്കുന്നത്. എന്നാല്‍ ഈ ഒപ്പിനോടൊപ്പം തീയതിയോ കമ്പനി സീലോ ഉണ്ടായിരുന്നില്ല. ദുബായിലെ ഫുജെെറയില്‍ ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ അതോറിറ്റിയിലെ കമ്പനിയെന്ന വിലാസമാണ് ധാരണാ പത്രത്തില്‍ എന്‍വിക്സിയക്കുള്ളത്. ദുബായ് ഡിജിറ്റൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ഇന്റർനാഷണൽ ഫ്രീ സോൺ അതോറിറ്റിയുടെ ലഭ്യമായ രേഖകളില്‍ എൻ‌വിക്സിയെന്ന കമ്പനിയുടെ വിവരങ്ങള്‍ ലഭ്യമല്ല. യുഎഇ സാമ്പത്തിക മന്ത്രാലയം, ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി, നാഷണൽ ഇക്കണോമിക് രജിസ്റ്റർ എന്നിവയുടെ രേഖകളിലും വിവരങ്ങളില്ല.

പുതിയ കമ്പനിയുടെ പേരിലുള്ള വിവാദത്തില്‍ ഭാരത് ബയോടെകും പ്രാദേശിക പ്രതിനിധി പ്രെസിസ മെഡിസെന്റോസും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കരാറിലെ പങ്കാളിയായ ബ്രസീലിയന്‍ കമ്പനി ഡ‍യറക്ടര്‍ എൻ‌വിക്സിയ ഫാർമസ്യൂട്ടിക്കൽസ് കരാറിന്റെ ഭാഗമാണെന്ന് സമ്മതിച്ചിട്ടുണ്ട്. ബ്രസീലുമായുള്ള കരാർ റദ്ദാക്കിയ സാഹചര്യത്തിലും ഭാരത് ബയോടെക്കിനെ പോലെയുള്ള ബഹുരാഷ്ട്ര കമ്പനി വ്യാപാര പങ്കാളിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളോട് പ്രതികരിക്കാത്തതും കരാറിനെ സംബന്ധിച്ച ദുരുഹത വര്‍ധിപ്പിക്കുന്നുണ്ട്.

Eng­lish sum­ma­ry: new con­tro­ver­sy in Brazil after sus­pend­ing cov­ax­in deal

You may also like this video: