രാമക്ഷേത്രം: ഭൂമി പൂജയെച്ചൊല്ലി വിവാദം

Web Desk

ലഖ്‌നൗ

Posted on July 24, 2020, 10:35 pm

അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിന് തെരഞ്ഞെടുത്ത സമയവും തീയതിയും സംബന്ധിച്ച് പുതിയ വിവാദം. ഭൂമി പൂജയ്ക്ക് നിശ്ചയിച്ച സമയം ശുഭമുഹൂര്‍ത്തമല്ലെന്ന് വാരാണസി മഠാധിപതി ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി അവകാശപ്പെട്ടു. ഓഗസ്റ്റ് അഞ്ച് ദക്ഷിണായന്‍ ഭദ്രപാദ മാസത്തില്‍ വരുന്നതാണെന്നും കൃഷ്ണപക്ഷത്തിന്റെ രണ്ടാം ദിവസമാണെന്നും മഠാധിപതി പറഞ്ഞു.

ഭദ്രപാദ മാസത്തില്‍ വീടും ക്ഷേത്രവും നിര്‍മിക്കുന്നത് ഹിന്ദു മതഗ്രന്ഥങ്ങളില്‍ നിരോധിച്ചതാണ്. തന്റെ അവകാശവാദത്തിന് തെളിവായി വിഷ്ണു ധര്‍മശാസ്ത്രത്തെയും നൈവാഗ്‌ന ബല്ലഭ് ഗ്രന്ഥത്തെയും അദ്ദേഹം ഉദ്ധരിച്ചു. ആരെങ്കിലും രാമക്ഷേത്രം പണിയുകയാണെങ്കില്‍ രാമഭക്തരായ നാം സന്തുഷ്ടരാകും. പക്ഷേ അതിന് ഉചിതമായ തീയതിയും ശുഭ സമയവും തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണം കൊണ്ടാണ് ക്ഷേത്രം പണിയുന്നതെങ്കില്‍ അവരുടെ അഭിപ്രായം ആരായേണ്ടതുണ്ടെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.

അതേസമയം, അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ശങ്കരാചാര്യരുടെ അവകാശവാദങ്ങള്‍ കാശി വിദ്യത് പരിഷത്ത് തള്ളി. ശ്രീരാമന്‍ സര്‍വലോക നായകനാണെന്നും അദ്ദേഹത്തിന്റെ ക്ഷേത്രത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും വിദ്യത് പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു. ഭൂമിപൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഭൂമിപൂജാ ചടങ്ങ് വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.

Eng­lish sum­ma­ry: con­tro­ver­sy over the tim­ing and date cho­sen for the Ram Tem­ple Bhoo­mi Poo­ja in Ayo­d­hya

You may also like this video: