സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Web Desk

തിരുവനന്തപുരം

Posted on March 26, 2020, 6:07 pm

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഒമ്പത് പേർ കണ്ണൂർ ജില്ലക്കാരും മൂന്നു പേർ വീതം കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുമാണ്. തൃശൂരിൽ നിന്നുള്ള രണ്ടു പേർക്കും ഇടുക്കി, വയനാട് ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 138 ആയി. കൊല്ലം ഒഴികെ 13 ജില്ലകളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിഞ്ഞ ആളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ശ്രീചിത്രയില്‍ ചികിത്സയില്‍ കഴിഞ്ഞ ഡോക്ടറുടെ രോഗം ഭേദമായിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് 109 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തിമൂന്ന് പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആശുപത്രിയിൽ 601 പേർ ആശുപത്രിയിലും ചികിത്സയിലാണ്.

കൊവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സംസ്ഥാനം സജ്ജമാണ്. കമ്മ്യൂണിറ്റി കിച്ചണുകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി. 47 തദ്ദേശ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങി. റേഷൻ കാർഡില്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കും. ആധാർ നമ്പർ പരിശോധിച്ച് ഇവർക്ക് റേഷൻ നൽകും. സാധനങ്ങള്‍ക്ക് വില കൂട്ടി വിൽക്കുന്നത് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങൾ എത്തിക്കുന്നതിന് സംവിധാനം ഉണ്ടാക്കുമെന്നും ഉന്നതതല സംഘം കാര്യങ്ങൾ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേപോലെ സന്നദ്ധ പ്രവർത്തകരുടെ സംഘം പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കും. സന്നദ്ധ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് നൽകും. സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സംസ്ഥാനത്താകെ വാളന്റിയർമാർ വേണമെന്നും അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും നേരത്തെ തീരുമാനിച്ചതാണ്. ഈ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതൽ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.