Web Desk

തിരുവനന്തപുരം

March 19, 2020, 6:40 pm

കേരളം പ്രഖ്യാപിച്ചു; നേരിടാൻ 20,000 കോടി

Janayugom Online

കോവിഡിനെ നേരിടാൻ 20,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കോവിഡ് ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് സമ്പദ്ഘടനയുടെ ഉണർവിനും ജനജീവിതം തിരിച്ചു പിടിക്കാനും പാക്കേജ് സഹായകമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തില്‍ തന്നെ കൊടുത്തുതീര്‍ക്കും. 14000 കോടി രൂപയാണ് ഇതിന് ചെലവിടുന്നത്.

ഇതിനുപുറമേ അടിയന്തര നടപടികളായി ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ചാര്‍ജിൽ ഇളവ് നല്‍കും. മറ്റ് വിധത്തില്‍ ഈ വിഭാഗത്തെ എങ്ങനെ സഹായിക്കാനാകുമെന്നതും പരിശോധിക്കും. ബസുകളിൽ സ്റ്റേജ് കാരിയറുകൾക്കും കോൺട്രാക്ട് കാരിയറുകൾക്കും അടുത്ത മൂന്നുമാസം നൽകേണ്ട ടാക്സിൽ ഒരു ഭാഗം ഇളവ് നൽകും. സ്റ്റേജ് കാരിയറുകൾക്ക് മൂന്നു മാസത്തിൽ ഒരുമാസത്തെ ഇളവും കോൺട്രാക്ട് കാരിയറുകൾക്ക് തുല്യമായ നിലയിൽ ഇളവുമാണ് നൽകുക. മൊത്തത്തിൽ 23 കോടി 60 ലക്ഷം രൂപയുടെ ഇളവാണ് ഇവർക്ക് ലഭ്യമാകുക. വൈദ്യുതി, വാട്ടർ ബില്ലുകൾ പിഴ കൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം നൽകും. സിനിമാ തീയറ്ററുകൾക്ക് വിനോദ നികുതിയിൽ ഇളവ് നൽകുകയും ചെയ്യും.

കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പാക്കേജിൽ നിന്ന് കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ രണ്ട് മാസം കൊണ്ട് ലഭ്യമാക്കും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യമാക്കുക.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി വീതം

ഏപ്രില്‍ മെയ് മാസങ്ങളിലായി 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റിവയ്ക്കും.

രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ച്

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവർക്ക് ഏപ്രിൽ മാസം നൽകേണ്ടതുകൂടി ചേർത്ത് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവര്‍ 50 ലക്ഷത്തിൽപ്പരം ആളുകളുണ്ട്. 1320 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പെൻഷൻ ലഭിക്കാത്തവർക്ക് 1000 രൂപ സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകും. 100 കോടി ഇതിനായി വിനിയോഗിക്കും.

ഒരു മാസത്തെ ഭക്ഷ്യധാന്യം

സംസ്ഥാനത്താകെ ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം റേഷന്‍ കടകള്‍ വഴി നല്‍കും. ബിപിഎല്‍, അന്ത്യോദയ ഒഴികെയുള്ളവര്‍ക്ക് പത്ത് കിലോ വീതമാണ് നല്‍കുക. ഇതിനായി 100 കോടി രൂപ വകയിരുത്തി.

20 രൂപയുടെ ഊണുമായി 1000 ഭക്ഷണ ശാലകള്‍

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. ഊണിന് 25 എന്നത് 20 രൂപയായി കുറയ്ക്കും. ഇതിനുവേണ്ടി 50 കോടി രൂപ ചെലവിടും.

500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ്

കോവിഡ് ബാധയെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ വേണ്ടിവരുന്ന ചെലവുകള്‍ക്കായി 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ് നടപ്പിലാക്കും.

 

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗം

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തി കാസർകോട് ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്താകെ 31, 173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 30, 926 പേർ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ്. 64 പേരെ ഇന്നലെ പുതുതായി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. 6, 103 പേർ പുതുതായി നിരീക്ഷണത്തിലുണ്ട്. 5, 155 പേരെ രോഗബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2921 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതിൽ 2342 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 133 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 11, 832 ടെലഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങളാണ് ഇതുവരെ ലഭ്യമാക്കിയത്.

ENGLISH SUMMARY:new covid case con­firmed in Kerala

YOU MAY ALSO LIKE THIS VIDEO