Web Desk

തിരുവനന്തപുരം

January 14, 2021, 5:59 pm

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വീണ്ടും ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു

Janayugom Online

സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലും പത്തനംതിട്ടയിലും മൂന്ന് പേര്‍ക്ക് പുതിയ വൈറസ് സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരലാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 66,503 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,61,154 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,88,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,01,293 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,90,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,904 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1821 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Eng­lish sum­ma­ry: covid updates kerala
You may also like this video: