സീറോ മലബാര്‍ സഭയില്‍ പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു

Web Desk
Posted on July 01, 2019, 9:21 pm

 ആലഞ്ചേരിയെ പുനപ്രതിഷ്ഠിച്ച നടപടി വിവാദത്തില്‍

ബേബി ആലുവ
കൊച്ചി: ചരിത്രത്തിലില്ലാത്ത വിധം സീറോ മലബാര്‍ സഭ പ്രശ്‌നങ്ങളില്‍ നിന്നു പ്രശ്‌നങ്ങളിലേക്കു കൂപ്പുകുത്തുന്നു. എറണാകുളം അങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മാനത്തോടത്തിനെ സ്ഥാനഭ്രഷ്ടനാക്കി മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും ഭരണസാരഥ്യമേല്‍പ്പിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ കാരണമായിരിക്കുന്നത്.
ഇപ്പോള്‍ സംഭവിച്ച മാറ്റിമറിക്കല്‍ മാര്‍പ്പാപ്പ അറിഞ്ഞുള്ളതല്ലെന്നും മാര്‍ ആലഞ്ചേരിക്ക് ഒത്താശ ചെയ്യുന്ന റോമിലെ ലോബിയാണ് ഇതിനു പിന്നിലെന്നുമാണ് സഭയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.ഈ വാദത്തെ സാധൂകരിക്കും വിധമാണ്, ഭൂമിയിടപാടിനെപ്പറ്റി താന്‍ വത്തിക്കാനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ നടപടി എന്ന, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞ മാര്‍ ജേക്കബ് മാനത്തോടത്തിന്റെ വെളിപ്പെടുത്തല്‍.

മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിസ്ഥാനത്തു വന്ന എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വന്‍വിവാദമായി സഭയെ ഉലച്ച പ്രത്യേക സാഹചര്യത്തിലാണ്, പാലക്കാട് രൂപത മെത്രാനായിരുന്ന മാര്‍ ജേക്കബ് മാനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ അതിരൂപതയില്‍ നിയമിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ് പദവിയില്‍ മാര്‍ ആലഞ്ചേരി തുടരാന്‍ അനുവദിച്ചെങ്കിലും ഭരണച്ചുമതല പൂര്‍ണ്ണമായി മാര്‍ മാനത്തോടത്തിനായിരിക്കുമെ ന്നും അതിരൂപതയുടെ ഒരു കാര്യത്തിലും മാര്‍ ആലഞ്ചേരി ഇടപെടരുതെന്നും ഉത്തരവില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ വിവാദമായ ഭൂമിയിടപാടിന്റെയും അതിനു പിന്നാലെ കോളിളക്കമുണ്ടാക്കിയ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയുടെയും പശ്ചാത്തലത്തില്‍ സഭാ സമൂഹത്തിലുണ്ടായ ചേരിതിരിവ് പരിഹരിക്കാനാവശ്യമായ ആത്മീയ നീക്കങ്ങളൊന്നും ഇരുഭാഗത്തു നിന്നുമുണ്ടായില്ല.

മാത്രമല്ല, സഭാ നേതൃത്വത്തിലെ വൈരുദ്ധ്യം മുറുകുകയും ചെയ്തു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ബാങ്ക് ഇടപാടുകളെക്കുറിച്ചുള്ള ചില രേഖകള്‍ സഭാ സൈദ്ധാന്തികനായ ഫാ.പോള്‍ തേലക്കാട്ടിനു ലഭിക്കുകയും അദ്ദേഹം അത് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ മാനത്തോട്ടത്തിനു കൈമാറുകയും മാനത്തോടത്ത് രേഖകള്‍ മാര്‍ ആലഞ്ചേരിക്കു നല്‍കുകയും സഭാ സിനഡ് അത് തള്ളുകയും ചെയ്തതോടെ, വിഷയം സഭയ്ക്കകത്ത് അവസാനിപ്പിക്കാമായിരുന്നു എന്നാണ്, സഭാ നേതൃത്വത്തിന്റെ ഇന്നത്തെ പോക്കില്‍ അസ്വസ്ഥരായ വലിയൊരു വിഭാഗം വിശ്വാസികളുടെ അഭിപ്രായം. പകരം, മാര്‍ മാനത്തോടത്തും ഫാ.തേലക്കാട്ടും അടക്കമുള്ളവരെ പ്രതികളാക്കി വിഷയം പൊലീസിലും പിന്നീട് കോടതിയിലുമെത്തിച്ചു. എതിര്‍വിഭാഗവും അടങ്ങിയിരുന്നില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം കര്‍ദ്ദിനാളിനെതിരെ ഇടവകപ്പള്ളികളിലേക്ക് ഇടയലേഖനം പോയി.മാര്‍ ആലഞ്ചേരിയെ അനുകൂലിക്കുന്ന പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല. എതിര്‍ചേരിയിലുള്ള വൈദികര്‍ വികാരിമാരായിരിക്കുന്ന പള്ളികളില്‍ വായിക്കുകയും ചെയ്തു.പുറമെ,മാര്‍ മാനത്തോടത്ത് സഹായമെത്രാന്മാരോടൊപ്പം കര്‍ദ്ദിനാളിന്റെയും സംഘത്തിന്റെയും ചെയ്തികര്‍ക്കെതിരെ പത്ര സമ്മേളനം നടത്തുകയും ചെയ്തു.

മാര്‍ ജേക്കബ് മാനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിന്നു നീക്കം ചെയ്തതോടൊപ്പം, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ എന്നിവരെ മാറ്റിയതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇരുവരും വിവാദമായ ഭൂമിയിടപാടില്‍ കൃത്രിമം നടന്നു എന്ന പക്ഷക്കാരും ആലഞ്ചേരി വിരുദ്ധരുമാണ്. ഏതായാലും, പുതുതായി സംഭവിച്ച നീക്കം ചെയ്യലും പുനപ്രതിഷ്ഠയും സീറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നിടത്തേക്കു നീങ്ങുകയാണെന്നാണ് വിശ്വാസികള്‍ക്കിടയിലെ അഭിപ്രായം.