Web Desk

ന്യൂഡൽഹി

July 31, 2020, 3:10 am

യഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാത്ത പുതിയ വിദ്യാഭ്യാസനയം

Janayugom Online

ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം വാണിജ്യവല്ക്കരണത്തിന്റെയും വർഗീയവല്ക്കരണത്തിന്റെയും തട്ടകമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസനയത്തിന് കേന്ദ്രസർക്കാർ അംഗീകാരം നല്കിയിരിക്കുകയാണ്. ഏത് മേഖലയിലും കാലാനുസൃതമായ പരിഷ്കാരങ്ങൾ അനിവാര്യമാണ്. 35 വർഷം മുമ്പ് അംഗീകരിച്ച വിദ്യാഭ്യാസ നയമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസ നയം പരിഷ്കരിക്കുമ്പോൾ കാലാനുസൃതമായ മാറ്റങ്ങളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോകത്താകെ വൈജ്ഞാനിക — സാങ്കേതിക മേഖലയിൽ നിറഞ്ഞ സാന്നിധ്യമുള്ള ഒരു ജനവിഭാഗത്തിന്റെ അനന്തര തലമുറയ്ക്ക് വിദ്യാഭ്യാസം നല്കുകയായിരിക്കണം പുതിയ നയത്തിന്റെ ലക്ഷ്യം. അതിന് വിപുലമായ ചർച്ചകളും സംവാദങ്ങളും അനിവാര്യമാണ്. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ വിദ്യാഭ്യാസനയം ആദ്യ വിമർശനത്തിന് വിധേയമാകേണ്ടത് ആ നിലയ്ക്കാണ്. ലോക്‌സഭയിലേതടക്കം ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെടെ ഈ മേഖലയിൽ വിവിധ നിലയിൽബന്ധപ്പെട്ടു നില്ക്കുന്നവർ, എല്ലാത്തിനുമപ്പുറം ഗുണഭോക്താക്കളാകേണ്ട വിദ്യാർത്ഥികളുടെ പ്രതിനിധികൾ, നയം നടപ്പിലാക്കേണ്ട സംസ്ഥാന സർക്കാരുകൾ എന്നിവരെല്ലാമായുള്ള വിപുലമായചർച്ചകളിലൂടെ ഉരുത്തിരിയുന്ന ഒരു നയത്തിനാണ് ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് പര്യാപ്തമാകുന്നൊരു വിദ്യാഭ്യാസം രൂപപ്പെടുത്താൻ സാധിക്കുക. അതുണ്ടായില്ലെന്നതാണ് ഈ നയത്തിന്റെ പോരായ്മകളിൽ പ്രധാനപ്പെട്ടത്. നിലവിലുളള വിദ്യാഭ്യാസത്തിന് പോരായ്മകളുണ്ടെന്ന് സമ്മതിച്ചാൽ പോലും ഈ നയത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തപ്പെട്ട സൗകര്യങ്ങളിൽ വിജ്ഞാനം ആർജിച്ചവരാണ് ലോകത്തിന്റെ പല കോണുകളിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങളെന്ന യാഥാർത്ഥ്യം തള്ളിക്കളയാനാവില്ല. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ നയം ഭാവിയെകൂടി കണക്കിലെടുത്തായിരിക്കണം. ഭാവിയിലെ മാറ്റങ്ങൾകൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ളതുമായിരിക്കണം.

മത്സരാധിഷ്ഠിത പരീക്ഷകൾക്ക് പ്രാമുഖ്യം നല്കുകയും ബിരുദം ഉൾപ്പെടെയുള്ള യോഗ്യതകൾ നല്കാൻ സാധിക്കുംവിധം കോളജുകൾക്ക് സ്വയംഭരണം നല്കുകയും സംഘപരിവാർ ആവശ്യപ്പെടുന്നതനുസരിച്ച് സംസ്കൃത ഭാഷയെ ദേശീയ തലത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുവെന്നതാണ് നയത്തിന്റെ കാതൽ. അവകാശത്തിനപ്പുറം വിദ്യാഭ്യാസമെന്നത് സമ്പന്നരുടേതാക്കി മാറ്റുകയും സാധാരണക്കാരെ സംബന്ധിച്ച് ഔദാര്യമായി തീരുകയും ചെയ്യുന്ന നിർദ്ദേശങ്ങളാണ് നയത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഏറ്റവും സുപ്രധാനമായ മാറ്റങ്ങൾ കോളജുകൾക്ക് ഇപ്പോൾ നിലവിലുള്ള രീതിയിൽ സർവകലാശാലകൾക്ക് കീഴിലുള്ള അംഗീകാരം ആവശ്യമില്ലെന്നതും ബിരുദങ്ങൾ സ്വയം നല്കാമെന്നുള്ളതുമാണ്. ഇത് ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും വാണിജ്യാടിസ്ഥാനത്തിലുള്ള ബിരുദക്കച്ചവടത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്നതിൽ സംശയമില്ല. യൂണി­വേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) എന്ന സംവിധാനത്തെ ഇല്ലാതാക്കുകയും പകരം ആരോഗ്യ, നിയമ മേഖലകൾ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസരംഗത്തിനായി ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) എന്ന സംവിധാനം നിലവിൽവരികയും ചെയ്യും. യുജിസിയുടെ അംഗീകാരം, ഗ്രാന്റ് എന്നിവയൊക്കെ ഇല്ലാതാക്കി സ്വയംഭരണ കോളജുകൾ നടപ്പിൽ വരുത്തുന്ന ഉണ്ടാക്കുവാൻ പോകുന്ന അപകടം വലുതായിരിക്കും. പ്രാദേശിക/മാതൃഭാഷകളിലുള്ള പഠനത്തിന് മുൻതൂക്കം പറയുന്നുണ്ടെങ്കിലും സ്കൂൾതലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സംസ്കൃതത്തിന് നല്കുന്ന പ്രാമുഖ്യം കാവിവല്ക്കരണം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. അഞ്ചാം തരം വരെ പഠനം മാതൃഭാഷയിലായിരിക്കുമെങ്കിലും പിന്നീട് മൂന്ന് ഭാഷകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. അതിൽ സംസ്കൃതത്തിന് പ്രത്യേകവും സമ്പുഷ്ടവുമായ സ്ഥാനമുണ്ടായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബോർഡ് സംവിധാനത്തിൽ നിന്ന് മാറി വിവിധ ക്ലസ്റ്ററുകളായാണ് 10, 12 ക്ലാസുകളിലെ പരീക്ഷകൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസഗ്രാന്റ് അനുവദിക്കുക. പ്രാദേശികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്ക് ഗ്രാന്റ് ലഭിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾക്ക് ഇത് വഴിവയ്ക്കും. അതിന് പരിഹാരം കാണണമെങ്കിൽ ജനസംഖ്യാനുപാതികമായി കൂടുതൽ വിദ്യാലയങ്ങളും കോളജുകളും ഉണ്ടായിരിക്കണം. അല്ലാത്തിടത്തോളം കാലം സാധാരണക്കാർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി ഈ തീരുമാനത്തിലൂടെ രൂക്ഷമാകും.

നിലവിലെ സ്കൂൾ കരിക്കുലം പരിഷ്കരിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. അടിസ്ഥാനപരമായ സംഗതികളിലേക്ക് കരിക്കുലം മാറുമെന്ന നിർദ്ദേശം ആശങ്കയോടെ കാണേണ്ടതുണ്ട്. കോവിഡിന്റെ ഫലമായി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിന്റെ ഫലമായി പാഠഭാഗങ്ങൾ കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ വികലമായ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്കും വിഭാഗീയ ചിന്താഗതികൾക്കും വിധേയമായി തീരുമാനമെടുത്തത് കഴിഞ്ഞ ആഴ്ചകളിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കരിക്കുലം പരിഷ്കരണ തീരുമാനത്തെ സമീപിച്ചാൽ അതിൽ അപകടം പതിയിരിക്കുന്നുണ്ട്.

മൂന്നാം വയസിൽ പഠനം ആരംഭിക്കുമെന്നാണ് നയത്തിലെ പ്രഖ്യാപനം. എന്നാൽ സ്കൂൾ ക്ലാസുകളിലേയ്ക്ക് പോലും എത്താനാകാത്ത ജനസംഖ്യയിലെ വലിയൊരു ശതമാനം ജീവിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിന്റെ പ്രായോഗികത എത്രത്തോളമായിരിക്കുമെന്ന പരിശോധന പ്രസക്തമാണ്. ഇപ്പോഴത്തെ സാഹചര്യം വച്ചാണ് പ്രസ്തുത പരിശോധനയെങ്കിൽ ഇത് പ്രഖ്യാപനത്തിനപ്പുറമെത്തില്ലെന്നുറപ്പാണ്. അതുകൊണ്ട് കുറേ മോഹന സുന്ദരമായ പ്രഖ്യാപനങ്ങൾ നടത്തി കണ്ണഞ്ചിപ്പിക്കുകയും അതിലൂടെ ആത്യന്തിക ലക്ഷ്യമായ വാണിജ്യവൽക്കരണം ശക്തമായി നടപ്പിലാക്കുകയുമാണ് നയത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ നിലവിലുള്ള അവസ്ഥയോ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് നയരൂപീകരണം നടത്തിയിരിക്കുന്നത്. നിക്ഷിപ്ത താൽപര്യങ്ങളോടെ പ്രഖ്യാപിച്ചിരിക്കുന്ന ഈ നയം വിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനർ നാമകരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പേരു മാറ്റത്തിലൂടെയോ നയപ്രഖ്യാപനത്തിലൂടെയോ മാറ്റിയെടുക്കാൻ കഴിയുന്ന വിധത്തിലല്ല നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെന്ന ബോധ്യം ഏത് പാഠത്തിൽ നിന്നാണ് നമ്മുടെ ഭരണാധികാരികൾ നേടാൻ പോകുന്നത്.