28 March 2024, Thursday

ആശങ്കയൊഴിയാതെ നവവിദ്യാഭ്യാസനയം

ഡോ. അബേഷ് രഘുവരന്‍
September 13, 2021 5:57 am

മുപ്പത്തിനാല് വർഷങ്ങൾക്കു ശേഷമാണ് വിദ്യാഭ്യാസമേഖലയിലെ വൻ പൊളിച്ചെഴുത്തിന് രാജ്യം സാക്ഷ്യംവഹിക്കാൻ പോകുന്നത്. വിവിധ വികസിത രാജ്യങ്ങളുടെ പശ്ചാത്തലം ആഴത്തിൽ പഠിച്ചുകൊണ്ടാണ് ഡോ. കെ കസ്തൂരിരംഗൻ അധ്യക്ഷനായ വിദഗ്ധസമിതി നയത്തിന്റെ കരട് തയാറാക്കിയത്. എന്നാൽ, ആവശ്യമായ ചർച്ചകളൊന്നും ഇല്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നവവിദ്യാഭ്യാസ നയം നടപ്പാക്കുന്നത്.

ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എന്തും പകർത്തിയെഴുതാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ ആ എഴുത്തിന്റെ ശീതളിമയ്ക്കുപിന്നിൽ അതിന്റെ അന്തഃസത്ത എത്രമാത്രം അന്തർലീനമായിരിക്കുന്നു എന്നതാണ് പ്രധാനം. മാത്രമല്ല, ഇത്തരം വലിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപക സമൂഹവും തൊഴിൽദാതാക്കളായ വ്യവസായ സ്ഥാപനങ്ങളുമൊക്കെ എത്രമാത്രം സജ്ജരാണ് എന്നത് പ്രാധാന്യം അർഹിക്കുന്ന ചോദ്യമാണ്. പുതിയ പാഠ്യപദ്ധതിയുടെ കരടിൽ ഉൾപ്പെട്ടിട്ടുള്ള പല നിർദ്ദേശങ്ങളും മികച്ചതാവുമ്പോഴും അതൊക്കെ നടപ്പിൽ വരുത്താൻ എത്രമാത്രം തയാറെടുപ്പുകളും ഗൃഹപാഠങ്ങളും നാം ചെയ്യേണ്ടിവരും എന്നത് പ്രധാനമാണ്. അത്തരത്തിൽ ആവശ്യമായ തയാറെടുപ്പുകൾ ഇല്ലാതെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുവാനാണ് സാധ്യത. ഇത്തരം നിർദ്ദേശങ്ങളിൽ ഏറെയും കാടടച്ചുള്ള വെടിവയ്ക്കലിനപ്പുറം രാജ്യത്തിന്റെ ഭാവിയെ ശോഭനമാക്കുകയെന്ന ആത്മാർഥമായ ലക്ഷ്യത്തിന്റെ അംശം ദർശിക്കാനും കഴിയുന്നില്ല. വളരെ സാവകാശം, ഘട്ടംഘട്ടമായി, സംസ്ഥാന സർക്കാരുകളുമായി ആഴത്തിൽ ചർച്ചകൾ സംഘടിപ്പിച്ച് പ്രാദേശിക പഠനതാല്പര്യങ്ങൾ കൂടി പരിഗണിച്ച് അന്തിമരൂപം നൽകേണ്ടതായിരുന്നു. അതിനുപകരം, പാശ്ചാത്യരാഷ്ട്രങ്ങളിലെ പഠനരീതികളെ അനുകരിച്ച് ലോകശ്രദ്ധയാർജിക്കാൻ ശ്രമിക്കുമ്പോൾ അത് നടപ്പിലാക്കുവാൻ പോകുന്നത് ഇന്ത്യ എന്ന രാജ്യത്താണെന്നും നമ്മൾ തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംസ്കാരം അതിന് എത്രമാത്രം വളക്കൂറുള്ളതാണെന്നും പരിശോധിക്കേണ്ടിയിരുന്നു. തുടർന്നുവരുന്ന രീതികളിൽ പെട്ടെന്നു വരുത്താൻ പോകുന്ന മാറ്റം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘ്യതം എന്താണെന്നും ആഴത്തിൽ അറിഞ്ഞിരിക്കേണ്ടതുമാണ്.

 


ഇതുകൂടി വായിക്കൂ: വിധേയരെ സൃഷ്ടിക്കാനായുള്ള പുതിയ വിദ്യാഭ്യാസ നയം


 

കുട്ടികളിൽ വിമർശനാത്മകവും അന്വേഷണപരവുമായ ചിന്തകളെ പ്രോത്സാഹിപ്പിക്കണമെന്നും അതേസമയം നാലാം വ്യാവസായിക വിപ്ലവത്തിനായി കുട്ടികളെ സജ്ജരാക്കാമെന്നും പുതിയ വിദ്യാഭ്യാസ നയം പറഞ്ഞുവയ്ക്കുന്നു. നാലാം വ്യാവസായിക വിപ്ലവത്തിൽ നാം അഭിമുഖീകരിക്കാൻ പോകുന്നത് ഒരു ഓട്ടോമേറ്റഡ് ലോകത്തെയാണ്. അതായത്, എവിടെയും നിർമ്മിതബുദ്ധിയിൽ കടഞ്ഞെടുത്ത റോബോട്ടുകൾ മനുഷ്യരുടേതുപോലെ കാര്യങ്ങൾ ചെയ്യുന്ന ഒരു ലോകം. യാഥാർഥ്യത്തോട് ലവലേശം പോലും ചേർന്നുനിൽക്കാതെ നിർമ്മിക്കപ്പെടുന്ന, ലക്ഷ്യങ്ങളിൽ പോലും വൈരുധ്യങ്ങൾ നിറഞ്ഞുനില്ക്കുമ്പോൾ അത് ഏതുതരത്തിലാണ് അതിന്റെ മെരിറ്റ് സൂക്ഷിക്കുന്നത്? ഇത്തരത്തിൽ വൈരുധ്യാത്മകമായ പല നിർദ്ദേശങ്ങളും നമുക്ക് ഈ രൂപരേഖയിൽ കാണാൻ കഴിയും.

ഇന്ന് അനുഭവിക്കുന്ന ഓരോ പുരോഗതിയുടെയും പിന്നിൽ വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾ ഉണ്ട്. അത്തരത്തിൽ ദീർഘവും കൃത്യവുമായ ഗവേഷണങ്ങൾ ആണ് ഓരോ രാജ്യത്തിന്റെയും പുരോഗതിയുടെ ആണിക്കല്ല്. പ്രയോഗക്ഷമതയാണ് ഗവേഷണത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും ഗവേഷണങ്ങളുടെ അടിത്തറ എന്ന് പറയുന്നത് അന്വേഷണാത്മകത തന്നെയാണ്. പുതിയ പാഠ്യപദ്ധതിയിൽ ഗവേഷണങ്ങൾ അത്തരത്തിൽ മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് നടന്നിരിക്കുന്നത്. മാത്രമല്ല, ഗവേഷണം പൂർത്തിയാക്കി കഴിവുതെളിയിച്ച പ്രതിഭകളുടെ ഗവേഷണപാടവം നാടിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുവാൻ സഹായകരമായ പോസ്റ്റ് ഡോക്റ്ററൽ ഫെലോഷിപ്പുകളെ (പിഡിഎഫ്) നിരുത്സാഹപ്പെടുത്തുകയുമാണ്. അതായത്, നാടിന്റെ നന്മയല്ല, പകരം ഗവേഷണ മേഖലയിലൂടെ കൃത്യമായ അജണ്ട നടപ്പാക്കുക എന്നതു മാത്രമാണ് ഇതിനുപിന്നിലെ ലക്ഷ്യം എന്ന് വ്യക്തം.

 


ഇതുകൂടി വായിക്കൂ: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നു ; സെനറ്റും സിൻഡിക്കേറ്റും ഇല്ലാതാക്കി ഗുജറാത്ത് സർവ്വകലാശാല


 

വിവര സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം കൂടി ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയിൽ ഓൺലൈൻ ക്ലാസുകൾ കൂടുതലായി കളംനിറയുമ്പോൾ ക്ലാസുകൾ നിരീക്ഷിക്കപ്പെടുകകൂടി ചെയ്തെന്നുവരാം. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഒരു അധ്യാപകൻ ഓൺലൈൻ ക്ലാസിനിടയിൽ നടത്തിയ പരാമർശങ്ങൾമൂലം അദ്ദേഹത്തിന് സസ്പെൻഷൻ നേരിടേണ്ടിവന്ന സംഭവം നമുക്കു മുന്നിലുണ്ട്. സർക്കാരും ഭരണകൂടവും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ചുവടുപറ്റി മാത്രം ആവിഷ്കാരം ക്രമപ്പെടുത്തേണ്ടിവരുന്ന ഭീതിജനകമായ അന്തരീക്ഷം സമ്മാനിക്കുന്നത് സ്വതന്ത്ര അധ്യാപനത്തിനുമേലുള്ള കൂച്ചുവിലങ്ങാണ്.

ഒരുപക്ഷേ പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഏറ്റവും കാതലായ ഒരു ഭാഗമാണ് ഓണ്‍ലൈന്‍ പഠനം. ശാസ്ത്രവും സാങ്കേതികതയും ഗണിതവും സാമൂഹിക പഠനവുമൊക്കെ കുട്ടികൾക്ക് ഒരു പഠനമുറിയോ മറ്റു സംവിധാനമോ ഇല്ലാതെയും പഠിക്കാമെങ്കിലും ചരിത്രം പഠിക്കണമെങ്കിൽ കൃത്യമായ പാഠ്യരേഖകളും പുസ്തകങ്ങളും ആവശ്യമാണ്. ചരിത്രം തിരുത്താനാവില്ല എന്നതും വളച്ചൊടിക്കാൻ കഴിയില്ല എന്നതുമാണ് ചരിത്രത്തിന്റെ പ്രാധാന്യം. ഏതൊരു രാജ്യത്തിനും അതിന്റെ ചരിത്രം ഒന്നേയുള്ളൂ. രണ്ടാമതൊന്ന് ഇനി നിർമ്മിച്ചെടുക്കാനുമാവില്ല.

 

രാജ്യം രൂപീകരിക്കുന്ന വേളയിൽ ഭരണഘടനയ്ക്ക് രൂപം നൽകിയ പ്രഗത്ഭരുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു വിദ്യാഭ്യാസകാര്യങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാവകാശമുള്ള പൊതു പട്ടികയിൽ അതിനെ ഉൾപ്പെടുത്തിയത്. അതിന്റെ ഭാഗമായി നാളിതുവരെ സംസ്ഥാനങ്ങൾക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശാലമായ മാനദണ്ഡങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് സ്വന്തം നിലയ്ക്ക് സ്കൂൾ പാഠ്യപദ്ധതി തയാറാക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എന്നാൽ ഇതുവരെയുണ്ടായിരുന്ന രീതികളിൽനിന്ന് വ്യത്യസ്തമായി കേന്ദ്ര വിദ്യാഭ്യാസ ബോർഡായ എൻസിഇആർടി സംസ്ഥാന ബോർഡുകളോട് പുതിയ പാഠ്യപദ്ധതിക്കുള്ള കരടുനിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അതായത്, മുൻപ് പാഠ്യപദ്ധതിക്ക് അന്തിമരൂപം വരെ നല്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന സംസ്ഥാനങ്ങൾക്ക് ഇന്ന് നിർദ്ദേശം മാത്രം സമർപ്പിക്കുവാനുള്ള സ്വാതന്ത്ര്യത്തിൽ അത് ഒതുങ്ങി എന്നർത്ഥം. ഇതിനപ്പുറം സംസ്ഥാനങ്ങൾക്ക് മറ്റൊരു ഇടപെടലും സാധ്യമാകുകയുമില്ല. സംസ്ഥാനം നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കപ്പെടുകയോ, നിരാകരിക്കപ്പെടുകയോ ചെയ്യാം. അത്തരത്തിൽ രൂപം നല്കുന്ന പാഠ്യപദ്ധതിയിൽ പിന്നീട് സംസ്ഥാനങ്ങൾക്ക് തിരുത്തലുകൾ സാധ്യമാക്കാനും വഴിയില്ല എന്നാണ് സൂചന. ഇത്തരത്തിൽ സംസ്ഥാനങ്ങളെയും പ്രാദേശിക പ്രാധാന്യങ്ങളെയും തൃണവല്ക്കരിച്ചുകൊണ്ട് നിർമ്മിക്കപ്പെടുന്ന പാഠ്യപദ്ധതിയിലൂടെ വിദ്യാഭ്യാസം പൂർണമായും കേന്ദ്രസർക്കാരിന്റെ വരുതിയിൽ വരും.

 


ഇതുകൂടി വായിക്കൂ: ഏതാണ് മോഡീ, നിങ്ങളുടെ വികസനനയം


 

കോവിഡ് പോലെയുള്ള മഹാമാരികൾ മനുഷ്യനെ പുറത്തിറങ്ങാൻ പോലും അനുവദിക്കാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെ മാത്രം പഠനം സാധ്യമാക്കാൻ പ്രേരിപ്പിക്കുമ്പോൾ ഉപയോഗിക്കാവുന്ന ഒരു ഉപകരണത്തിനുമപ്പുറം, ഇന്റർനെറ്റിനും ഓൺലൈൻ പഠനത്തിനും എന്ത് പ്രസക്തിയാണുള്ളത്. അധ്യാപകരുടെ നേരിട്ടുള്ള പഠനവും ഓൺലൈൻ പഠനവും 60:40 എന്ന അനുപാതത്തിൽ നിർദ്ദേശിക്കപ്പെടുമ്പോൾ, വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ഇന്ത്യ പോലൊരു രാജ്യത്ത് ഡിജിറ്റൽ വിദ്യാഭ്യാസസൗകര്യങ്ങൾ ഇത്രയേറെ അപര്യാപ്തമായിരിക്കുമ്പോള്‍ വലിയൊരു അനുപാതത്തിൽ ഓൺലൈൻ പഠനം നിശ്ചയിക്കുന്നത് ശുഭകരമായേക്കില്ല.

പരമ്പരാഗത പഠനത്തിന്റെ ആനുകൂല്യംപോലും കൃത്യമായി എത്തിപ്പെടാത്ത എത്രയോ ആദിവാസിഗ്രാമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവരെക്കൂടി ഗുണനിലവാരമുള്ള അധ്യയന ശ്രേണിയിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങൾ, വെറും ശ്രമങ്ങളായി നിലനില്ക്കുകയാണ് ഇന്നും. അതിനിടയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യംവയ്ക്കുമ്പോൾ രാജ്യത്തിന്റെ ഇങ്ങനെയൊരു മുഖം കൂടി മനസിൽ ഇല്ലെങ്കിൽ ആ ലക്ഷ്യം പൂർണമാകില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വലിയ അന്തരം നിലനില്ക്കുന്ന രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽകൂടി ആ അന്തരം കൂട്ടിക്കൊണ്ടുവരുവാനും ഇത് കാരണമാക്കിയേക്കാം.

 


ഇതുകൂടി വായിക്കൂ: ഉന്നത വിദ്യാഭ്യാസത്തെ ശ്രേണീവൽക്കരിക്കുന്നു


 

ആയിരത്തോളം സർവകലാശാലകൾ, പതിനായിരത്തിനുമുകളിൽ പ്രൊഫഷണൽ കോളജുകൾ, നാല്പതിനായിരത്തിനടുത്തു മറ്റു കോളജുകൾ, ഒരു ലക്ഷത്തിനുമുകളിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലക്ഷക്കണക്കിന് അധ്യാപകർ, കോടിക്കണക്കിന് വിദ്യാർഥികൾ നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസചിത്രത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. ഇത്രയേറെ ബൃഹത്തായ ഒരു സംവിധാനത്തെ നിയന്ത്രിക്കാൻ പോകുന്ന ഒരു പാഠ്യപദ്ധതി രൂപീകരണത്തിൽ മുൻപെങ്ങും ഉണ്ടാവാത്തതരത്തിൽ ആശങ്കകൾ ഉയർന്നുവരുന്നത് വലിയ ആഴത്തിൽ പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമാക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.