ഇനി ശബ്ദകോലാഹങ്ങളില്ലാത്ത തീവണ്ടി യാത്ര

Web Desk
Posted on September 18, 2019, 1:31 pm

ന്യൂഡല്‍ഹി: തീവണ്ടി യാത്രയുടെ ഓര്‍മ്മകള്‍ക്ക് പോലും ബഹളമയമായ ഒരു അന്തരീക്ഷമുണ്ട്. കൂകിപ്പായുന്ന തീവണ്ടി, യന്ത്രങ്ങളുടെ നിലയ്ക്കാത്ത ശബ്ദങ്ങള്‍. ഓടുന്ന തീവണ്ടിയുടെ ശബ്ദം അപൂര്‍വമായി മാത്രം യാത്ര ചെയ്യുന്ന യാത്രികരുടെ രാത്രികളെ ഉറക്കമില്ലാത്തതാക്കി മാറ്റുകയും ചെയ്യാറുണ്ട്. അത്തരം അവസ്ഥയ്ക്ക് പൂര്‍ണ്ണമായും വിട പറയാനൊരുങ്ങുകയാണ് തീ പണ്ടേ ഇല്ലാതായെങ്കിലും ഇപ്പോഴും വിളിപ്പേരുള്ള തീവണ്ടികള്‍.
പരിസ്ഥിതി സൗഹൃദപരമായ സംവിധാനങ്ങള്‍ ഒരുക്കി എല്ലാ തീവണ്ടികളുടെയും ശബ്ദകോലാഹലങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പദ്ധതിക്ക് വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ അന്തിമ രൂപം നല്‍കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. തീവണ്ടിയുടെ ഇരുഭാഗങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ശക്തികൂടിയ ജനറേറ്ററുകള്‍ ഒഴിവാക്കി പൂര്‍ണ്ണമായും വൈദ്യുതി വിതരണ ശൃംഖലയില്‍നിന്നുള്ള ഊര്‍ജ്ജമുപയോഗിച്ച് ഓടിക്കാനുള്ളതാണ് പദ്ധതി. ഡിസംബറോടെ ഇത്തരം പരിസ്ഥിതി സൗഹൃ സംവിധാനം തീവണ്ടികളില്‍ നടപ്പിലാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
ഇപ്പോള്‍ തീവണ്ടികളില്‍ ഉപയോഗിക്കുന്ന ശക്തികൂടിയ ഒരു ജനറേറ്റര്‍ കുറഞ്ഞത് 105 ഡെസിബല്‍ ശബ്ദമാണ് പുറത്തുവിടുന്നത്. മാത്രമല്ല ഇതിനുപയോഗിക്കുന്ന ഡീസല്‍ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നു. കൂടിയ ശബ്ദം യാത്രികര്‍ക്കും കടന്നുപോകുന്ന വഴികളിലെ ജനങ്ങള്‍ക്കും ശബ്ദകാഠിന്യം നല്‍കുകയും ശബ്ദ മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ഇപ്പോള്‍തന്നെ പല തീവണ്ടികളിലും വൈദ്യുതി ഉപയോഗിച്ചുള്ള സംവിധാനമൊരുക്കിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മുന്നൂറോളം തീവണ്ടികളില്‍ ഇത് നടപ്പിലാക്കുമെന്ന് റയില്‍ ബോര്‍ഡ് അംഗം രാജേഷ് അഗര്‍വാള്‍ അറിയിച്ചു. 12 ജനശതാബ്ദി, എട്ട് രാജധാനി എക്‌സ്പ്രസുകളില്‍ ഈ സംവിധാനം നിലവിലുണ്ട്. ഈ തീവണ്ടികള്‍ കടന്നുപോകുമ്പോള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ശബ്ദകോലാഹലത്തില്‍ വലിയ വ്യത്യാസം അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇതൊക്കെയാണെങ്കിലും ജനറേറ്ററുകള്‍ പൂര്‍ണമായും ഉപേക്ഷിക്കില്ല. വൈദ്യുതി ബന്ധത്തില്‍ തകരാര്‍ സംഭവിച്ചാല്‍ യാത്ര മുടങ്ങാതിരിക്കാന്‍ ഓരോ ജനറേറ്റര്‍ തീവണ്ടികളിലെല്ലാം ഘടിപ്പിച്ചിരിക്കും. ആവശ്യമായി വന്നാല്‍ മാത്രം ഇവ ഉപയോഗിക്കുകയും ചെയ്യും.