വിജയശ്രീ വി

February 05, 2020, 10:53 pm

കാപ്പി ആ പഴയ കാപ്പിയല്ല, ‘അൽ- കോഫി’!- ഒരു കാപ്പി പരിണാമ കഥ

Janayugom Online

മലയാളികൾക്ക് ചായയോടൊപ്പം തന്നെ പ്രിയപ്പെട്ട ഒന്നാണ് കാപ്പി അഥവാ കോഫി. കാലം മാറിയതിനനുസരിച്ച് കാപ്പിയ്ക്കും കുറച്ച് പരിഷാകാരങ്ങൾ സംഭവിച്ചിട്ടുണ്ട്. കടയിൽ കയറി ഒരു കാപ്പിയെന്ന് പറയുമ്പോൾ പല പേരിൽ ഏത് വേണമെന്ന നീണ്ട ലിസ്റ്റ് തന്നെ നമുക്ക് മുന്നിൽ എത്തും. അത് തന്നെ കാപ്പിയുടെ പരിണാമത്തിന്റെ ഉദാഹരണമാണ്. തിളച്ച പാലിൽ കാപ്പിപ്പൊടിയിട്ട് ഇളക്കി ഉണ്ടാക്കുന്ന സ്ഥിരം കാപ്പിയിൽ നിന്നും വ്യത്യസ്തമായി ലുക്കിലും മട്ടിലും ‘വേറെ ലെവെലി‘ൽ നിൽക്കുന്ന കാപ്പി ഇന്നുണ്ട്. എസ്പ്രെസ്സോ, ലാറ്റെ, ക്യാപുച്ചീനോ,കഫേ മൊക്ക, അമേരിക്കാനോ, ഐസ്ഡ്, ടർക്കിഷ്, ഐറിഷ് കോഫി… അങ്ങനെ അങ്ങനെ എത്രയെത്ര വെറൈറ്റി കാപ്പികളും ഇന്ന് കടകളിൽ സുലഭമാണ്.

എത്യോപ്യൻ മലനിരകളാണ് കാപ്പിയുടെ സ്വദേശം. 525 CE‑യിൽ യമൻ കീഴടക്കിയ സെമിറ്റിക് ഭാഷക്കാരായ ഓക്സിമൈറ്റുകളാണ് അറേബ്യൻ ഉപദ്വീപിൽ കാപ്പിയെ പരിചയപ്പെടുത്തുന്നത്. എത്യോപ്പിയിലേതിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടങ്ങളിൽ കാപ്പി ഉൽപ്പാദനവും ഉപഭോഗവും പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമാക്കി തീർത്തു. എന്നാൽ കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് ധാരാളം മിത്തുകൾ ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട്. എത്യോപ്യയിലെ ആട്ടിടയനായ കൽദിയുടെ കഥയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഓക്സിമൈറ്റുകൾ യെമൻ കിഴടക്കുന്നതിന് 300 വർഷങ്ങൾക്കു മുമ്പ്.

തന്റെ ആടുകളിൽ കാണപ്പെട്ട കാപ്പി നിറത്തിന് കാരണം ഒരു പ്രത്യേക ഇനം കുരുവാണെന്ന് കണ്ടെത്തുന്ന ഇദ്ദേഹം അത് സ്വയം രുചിച്ചു നോക്കുകയും പിന്നീട് തന്റെ ഗ്രാമക്കാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മറ്റെരു ഐതിഹ്യമനുസരിച്ച് രാജാവിന്റെ മകളോട് അപമര്യാദയായി പെരുമാറിയതിന് യമനികൾ നാടുകടത്തിയ ഒരു വൈദികനാണ് കാപ്പി ആദ്യമായി ഉപയോഗിക്കുന്നത്. നീണ്ട മരുഭൂ വാസത്തിനുശേഷം പഴയ പ്രസരിപ്പോടെ നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇദ്ദേഹം ഒരു അത്ഭുതം എന്നോണം കാപ്പിയെ അവതരിപ്പിക്കുന്നു. കാപ്പിയുടെ പ്രാചീനതക്ക് ശാസ്ത്രപരമായി തന്നെ തെളിവുകൾ പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ യോഗ്യമായ ചെടിയെ കണ്ടെത്തിയതു മുതൽ അതിനെ മനുഷ്യ സംസ്കൃതിയുടെ ഭാഗമാക്കിയത് വരെയുള്ള വസ്തുതകൾ ഐതിഹ്യങ്ങളിലൂടെ അനാവൃതമാകുന്നുണ്ട്.

എന്നാൽ നമ്മുടെ സ്വന്തം കാപ്പിയ്ക്ക് മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയത് കോഫീ മെഷീനുകളുടെയും സ്റ്റീമറുകളുടെ വരവോടെയാണ്. ഇന്ന് പല കഫേകളിലും ആളുകൾ ആവശ്യപ്പെടുന്ന രീതിയിലാണ് കാപ്പി തയ്യാറാക്കി നൽകുന്നത്. ചോക്ലേറ്റ്, വനില കാരമൽ അടക്കമുള്ള ഫ്ലേവറുകളിൽ തുടങ്ങി കോഫി സിറപ്പ്, കോൺസൻട്രേറ്റ്, കോഫി ബീൻസ് എന്നിവ ഉപയോഗിച്ചുള്ള കാപ്പിയും ഇന്ന് കടകളിൽ ലഭിക്കും. യുവാക്കൾക്കിടയിൽ കോഫിയ്ക്കുള്ള പ്രധാന്യം വളരെ വലുതാണ്. കടകളിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും തരംഗമാണ് ഈ വെറൈറ്റി കാപ്പികൾ. യുവാക്കളുടെ ഫെയസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാപ്പിയ്കകൊപ്പമുള്ള ചിത്രങ്ങളും ഹാഷ്ടാഗുകളും പതിവ് കാഴ്ചയാണ്. എത്രയൊക്കെ വെറൈറ്റി കാപ്പികൾ വന്നാലും ഏറ്റവും മുന്നിൽ നിൽക്കുക കോൾഡ് കോഫി തന്നെയാകും. തണുത്തുറഞ്ഞ പാലിൽ കാപ്പി രുചി ലഭിച്ചതോടെയാണ് കാപ്പിയ്ക്ക ആദ്യമായൊരു പുത്തൻ മുകം തെളിഞ്ഞുകിട്ടിയത്.

എന്നാൽ കാപ്പിയ്ക്ക ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് റിപ്പോർട്ട്. പുരുഷന്മാരിലും സ്ത്രീകളിലും ടൈപ് – 2 പ്രമേഹത്തിന്റെ സാധ്യത 25 ശതമാനം കുറയ്ക്കാന്‍ കൂടുതല്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. അൾഷിമേഴ്സിൽ നിന്നും സംരക്ഷിക്കുന്ന പോളിഫിനോള്‍സ്, കഫീന്‍ എന്നിവ കാപ്പിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാപ്പി തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുകയും അൽഷിമേഴ്സ് വിഷാദം എന്നിവ അകറ്റാനും സഹായിക്കുന്നു.

യുവാക്കൾക്കിടയിൽ ട്രെഡിംഗായ കാപ്പിയിലെ ഹീറോസിനെ പരിചയപ്പെടാം.

എസ്പ്രെസ്സോ:


കാപ്പിയുടെ കനത്ത രുചി ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ടതാണ് എസ്പ്രെസ്സോ. പാൽ ഒട്ടും ചേർക്കാതെ കോഫി എക്സ്ട്രാറ്റിൽ വളരെ കുറച്ചു വെള്ളം ചേർത്തു തയാറാക്കുന്നതിനാൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രം ഇഷ്ടപ്പെടുന്ന രുചിയാണിതിന്. മിക്കയിടങ്ങളിലും കോഫി മെഷിനുകളിൽ തന്നെയാണ് തയാറാക്കുന്നത്.

 

ക്യാപ്പുചീനോ:

പാലും എസ്പ്രെസ്സോയും കൂടിചേർന്ന കാപ്പിയാണ് ക്യാപ്പുചീനോ. എന്നാൽ പാലിന്റെ അളവ് എസ്പ്രെസ്സോയെക്കാൾ കൂടുതലായിരിക്കുമെങ്കിലും കാപ്പിയുടെ കനത്ത രുചി നിലനിൽക്കും. കോഫി ഓയിൽ, കോക്കോ പൗഡർ, കാപ്പിയുടെ കനത്ത രുചി കുറയ്ക്കാൻ വനില, കാരമൽ, ചോക്ലേറ്റ് ഫ്ലേവറുകളും ചേർക്കാറുണ്ട്.

Image result for cappuccino"

അമേരിക്കാനോ:


എസ്പ്രസ്സോ നേർത്തതതാണ് അമേരിക്കാനോ. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സിംഗിൾ കോഫി ഷോട്ട് മാത്രം. ചിലർ ഇവയിൽ ക്രീം, ബ്രൗൺ ഷുഗർ എന്നിവ ചേർക്കാറുണ്ട്.

ലാറ്റെ:
ക്യാപ്പുചീനോ പോലെ പാലും എസ്പ്രെസ്സോയും കൂടിചേർന്ന കാപ്പി. എന്നാൽ ഇവിടെ താരമായി നിൽക്കുന്നത് പാലാണ്. കനത്ത രൂചി കുറയ്ക്കുന്ന വിധം പാൽ ചേർക്കുന്നതിനാൽ സാധാ കാപ്പിയുടെ രുചിയെ ഇതിന് ലഭിക്കൂ.

മൊക്ക:


പാലിനൊപ്പം എസ്പ്രസ്സോയും ചോക്ലേറ്റ് സിറപ്പും തുല്യ അളവിൽ ചേർത്തെടുക്കുന്നതാണ് മൊക്ക. കനത്ത കാപ്പി രുചിക്കു പകരം ചോക്ലേറ്റ് രൂചിയോടുള്ള കാപ്പി. നിലവിൽ നാട്ടിലെ താരങ്ങൾ ഇവരാണെങ്കിലും വിദേശരാജ്യങ്ങളിൽ മോക്കചീനോ, മൊക്കാലാറ്റെ, ഫ്ലാറ്റ് വൈറ്റ്, ടർക്കിഷ് കോഫി, ഐറിഷ് കോഫി എന്നിങ്ങനെ നെടുനീളൻ ലിസ്റ്റ് വേറെ.

you may also like this video;