October 6, 2022 Thursday

സീ യു സൂൺ: പുതിയ കാലത്തിന്റെ സിനിമ

കെ കെ ജയേഷ്
September 13, 2020 1:59 am

കെ കെ ജയേഷ്

ദുരിതം വിതച്ച കോവിഡ് കാലം നമ്മുടെ ചിന്താഗതകളും കാഴ്ചകളുടെ ശീലങ്ങളും കൂടിയാണ് മാറ്റിമറച്ചത്. തിയേറ്ററുകൾ അടച്ചുപൂട്ടി. സിനിമാ റിലീസുകൾ ഒ ടി ടി ഫ്ലാറ്റ്ഫോമുകളിലേക്ക് മാറി. സിനിമ മാത്രമല്ല ഓണവും പിറന്നാളും രാഷ്ട്രീയ പരിപാടികളും പഠനവുമെല്ലാം ഓൺലൈനിലായി. ഇത്തരമൊരു കാലത്തിന്റെ പരിമിതികളെ തിരിച്ചറിഞ്ഞും സാധ്യതകളെ ഉപയോഗപ്പെടുത്തിയുമാണ് ‘സീ യു സൂൺ’ എന്ന സിനിമ നമുക്ക് മുന്നിലേക്കെത്തുന്നത്. ഐ ഫോണിൽ ചിത്രീകരിച്ച ഈ പരീക്ഷണ സിനിമ കമ്പ്യൂട്ടർ സ്ക്രീനിലൂടെയും ഫോൺ സ്ക്രീനിലൂടെയെല്ലാമാണ് കഥ പറയുന്നത്. ഈ കാഴ്ചകൾ കോവിഡിന് മുമ്പായിരുന്നെങ്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും അത്രത്തോളം ഉൾക്കൊള്ളാനായി എന്നു വരില്ലായിരുന്നു. എന്നാൽ കോവിഡ‍് മാറ്റിമറച്ച കാഴ്ചാശീലങ്ങളിലൂടെ അസാധാരണമായ കാഴ്ചാനുഭവമായി ഈ ചിത്രം മാറുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലൂടെയാണ് സിനിമ ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ പരിമിതമായ പ്രദേശങ്ങൾ വിട്ട് ക്യാമറ അധികമെവിടേക്കും സഞ്ചരിക്കുന്നില്ല. സ്ക്രീനിൽ അധികം കഥാപാത്രങ്ങൾ ഒരുമിച്ച് വരുന്നുമില്ല. മുറിയിലിരുന്ന് ആരുമായോ ചാറ്റിംഗ് നടത്തുകയോ വീഡിയോ കോൾ ചെയ്യുകയോ ചെയ്യുന്ന അനുഭവത്തിലൂടെ ആരംഭിക്കുന്ന സിനിമ അതിവേഗം പരിമിതികളെയെല്ലാം മറികടന്ന് അസാധാരണമായ ഒരു ത്രില്ലർ സ്വഭാവം കൈവരിക്കുന്നു. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ‘സീ യു സൂൺ’ വ്യത്യസ്തമായ അവതരണ ശൈലിയും പ്രമേയത്തിന്റെ കരുത്തും കൊണ്ട് കയ്യടി നേടുന്നു.

‘മാലിക്ക് ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് മുന്നോടിയായാണ് ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഇത്തരമൊരു പരീക്ഷണ ചിത്രമൊരുങ്ങിയത്. മികച്ച സാങ്കേതിക നിലവാരമുള്ള ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിൽ നിന്ന് പരിമിതികളിൽ നിന്നുകൊണ്ടൊരുക്കിയ ‘സീ യു സൂണി‘ലെത്തുമ്പോൾ സംവിധായകനെന്ന നിലയിൽ മഹേഷ് നാരായണന്റെ വളർച്ച തന്നെയാണ് അടയാളപ്പെടുത്തപ്പെടുന്നത്. ‘ടേക്ക് ഓഫ്’ പോലെ തന്നെ യഥാർത്ഥ സംഭത്തെ ആസ്പദമാക്കിയാണ് ‘സീ യു സൂണും’ ഒരുക്കിയിട്ടുള്ളത്. കുറച്ചുകാലം മുമ്പ് ഗൾഫിൽ മലയാളികളടങ്ങുന്ന വലിയൊരു സെക്സ് റാക്കറ്റിനെ അറസ്റ്റു ചെയ്ത സംഭവമാണ് സിനിമയ്ക്ക് ആധാരം. ദുബായിൽ ജോലി ചെയ്യുന്ന ജിമ്മി കുര്യൻ (റോഷൻ മാത്യു) ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ അനു സെബാസ്റ്റ്യൻ (ദർശന രാജേന്ദ്രൻ) എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. പതിയെ അവർ തമ്മിൽ അടുപ്പത്തിലാവുന്നു. വിവാഹത്തിന് മുമ്പ് ഇരുവർക്കും ഒരുമിച്ച് താമസിക്കേണ്ടിയും വരുന്നു. എന്നാൽ ഒരു ദിവസം അനുവിനെ കാണാതാവുന്നു. പൊലീസ് ജിമ്മിയെ അറസ്റ്റു ചെയ്യുന്നു. ആരാണ് അനു എന്ന് ജിമ്മിയ്ക്ക് അപ്പോഴും വ്യക്തമായി അറിയില്ല. അവളെങ്ങോട്ടുപോയി, അവൾക്കെന്താണ് സംഭവിച്ചത് എന്നറിയാതെ ജിമ്മി നിസ്സഹായനാകുന്നു. ജിമ്മിയുടെ ബന്ധുകൂടിയായ ഐ ടി പ്രൊഫഷണൽ കെവിൻ തോമസ് (ഫഹദ് ഫാസിൽ) അനുവിനെക്കുറിച്ച് അറിയാനും അതുവഴി ജിമ്മിയെ രക്ഷിക്കാനും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഫ്ളാറ്റിലെ മുറിയിലിരുന്ന് കമ്പ്യൂട്ടർ സ്ക്രീനിലാണ് കെവിൻ തോമസിന്റെ അന്വേഷണം. നാടകത്തിന്റെ സ്വഭാവം കൈവരാൻ സാധ്യതയേറെയായിരുന്നെങ്കിലും സംവിധായകന് ഒരിടത്തും പിഴക്കുന്നില്ല. ഒരു മുറിയിലിരുന്ന്, കമ്പ്യൂട്ടർ, മൊബൈൽ സ്ക്രീനിലൂടെ കാഴ്ചക്കാരെ ത്രില്ലടിപ്പിച്ചാണ് സിനിമ അവരെ ഒപ്പം കൂട്ടുന്നത്.

ഇത്തരമൊരു കഥ ഇങ്ങനെ തന്നെയാണ് പറയേണ്ടത് എന്ന് പ്രേക്ഷകർ സമ്മതിച്ചുപോകുന്നിടത്ത്, കാലത്തിന്റെ പരിമിതികളെ തകർത്തെറിഞ്ഞ് വിജയകിരീടം ചൂടുകയാണ് അണിയറ പ്രവർത്തകർ. വീഡിയോ കോൾ ചെയ്യുന്നതുപോലെ ഒന്നര മണിക്കൂർ സിനിമയെടുക്കുക എന്നത് നേരത്തെ ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. എന്നാൽ കാലത്തെയും മാറുന്ന സാങ്കേതിക വിദ്യകളെയും ഒരു പോലെ ചേർത്തുപിടിച്ച് മാറുന്ന കാഴ്ചാ ശീലങ്ങളിലൂടെ ‘സീ യു സൂൺ’ പുതിയ കാലത്തിന്റെ സിനിമയായി മാറുന്നു.

ഒരു മുറിയിലിരുന്ന് ഒരു വീഡിയോ കോളിലേതുപോലെ നമ്മളോട് സംസാരിക്കുകയാണ് ഫഹദിന്റെ കെവിൻ എന്ന കഥാപാത്രം. ഈ പരിമിതികളെ അനായാസമാണ് ഫഹദ് മറികടക്കുന്നത്. അസാധാരണമായ പ്രകടനത്തിലൂടെയാണ് ഫഹദ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ജിമ്മിയായി റോഷൻ മാത്യുവും അനുവായി ദർശന രാജേന്ദ്രനും മികച്ചു നിന്നു. സൈജു കുറുപ്പ്, മാലാ പാർവ്വതി തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമെല്ലാം സിനിമയ്ക്ക് കരുത്താവുന്നു.

സിനിമയുൾപ്പെടെ സകലതിനെയും തകർത്തെറിയുകയാണ് കോവിഡ്. എന്തു ചെയ്യണമെന്നറിയാതെ ചലച്ചിത്രകാരൻമാർ നിസ്സഹായരാകുന്നു. ഇത്തരമൊരു കാലത്താണ് ആത്മവിശ്വാസം കൈമുതലാക്കി കാലത്തിന്റെ പരിമിതികളെ വെല്ലുവിളിച്ച് ‘സീ യു സൂൺ’ എത്തുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന, ആത്മവിശ്വാസം പകരുന്ന ഈ സിനിമ അങ്ങനെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.