Web Desk

തിരുവനന്തപുരം

December 27, 2020, 10:39 pm

കോൺഗ്രസ് ഗ്രൂപ്പുകൾക്ക് അന്ത്യം കുറിക്കാൻ പുതിയ ഗ്രൂപ്പ്

Janayugom Online

മനോജ് മാധവൻ

കോൺഗ്രസ് ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഗ്രൂപ്പ് ഉദയംകൊണ്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്തതോൽവിക്ക് കാരണം കോൺഗ്രസിലെ ഗ്രൂപ്പുപോരാണെന്ന പ്രചാരണമാണ് പുതിയ ഗ്രൂപ്പിന്റെ മുദ്രാവാക്യം. ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ ആരംഭിച്ച ഗ്രൂപ്പിന്റെ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള രൂപീകരണ യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്നു. തിരുവനന്തപുരം ആ­സ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പിആർ ഏജൻസിയ്ക്കാണ് സേവ് കോൺഗ്രസിന്റെ വരവറിയിച്ചുള്ള പ്രചാരണ ചുമതല. സോഷ്യൽമീഡിയ പ്രചാരണം എറണാകുളം കേന്ദ്രീകരിച്ചുള്ള മറ്റൊരു പിആർ ഏജൻസിക്കും. ഇതിന്റെ പ്രവർത്തനം ജനുവരി രണ്ടാംവാരം മുതൽ ആരംഭിക്കും. സേവ് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്ററും ഫ്ലക്സും ഇന്നലെ മുതൽ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്നു. സേവ് കോൺഗ്രസിന്റെ വരവറിയിച്ചു എംഎൽഎ ഹോസ്റ്റലിന് മുന്നിൽ സ്ഥാപിച്ച പടുകൂറ്റൻ ഫ്ലക്സ് മാധ്യമ ചർച്ചയാക്കി പിആർ ഏജൻസി പണിതുടങ്ങി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം അന്വേഷിച്ച് എഐസിസി പ്രതിനിധികൾ കെപിസിസി ആസ്ഥാനത്ത് എത്തിയ ഇന്നലെയാണ് പുതിയ ഗ്രൂപ്പിന്റെ പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചത്. കെപിസിസി ആസ്ഥാനത്തിന് മുന്നിലും മറ്റ് പ്രധാന വീഥികളിൽ പോസ്റ്ററും എംഎൽഎ ഹോസ്റ്റലിന്റെ ഗേറ്റിനുവെളിയിൽ പടുകൂറ്റൻ ഫ്ളക്സ് ഉയർന്നതും കൗതുകമായി. ‘രാഹുൽ ഗാന്ധിയെ എഐസിസി പ്രസിഡന്റും കെ സുധാകരനെ കെപിസിസി പ്രസിഡന്റും ആക്കണമെന്നാണ്’ ഫ്ലക്സിലെയും പോസ്റ്ററിലെയും ആവശ്യം. നഗരത്തിലൂടെ കടന്നുപോകുന്ന എഐസിസി പ്രതിനിധികൾ വായിച്ചറിയുന്നതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും മുദ്രാവാക്യം വിവരിച്ചിട്ടുണ്ട്. സേവ് കോൺഗ്രസിന് നേതാക്കളുള്ള കണ്ണൂർ, കാസർകോട്, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ നിരന്നു. എംഎൽഎ ഹോസ്റ്റലിലും തിരുവനന്തപുരത്തെ ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വസതിയിലും തലസ്ഥാനത്തെ ഒരു ത്രീസ്റ്റാർ ഹോട്ടലിലുമായി ഞായറാഴ്ച തുടർ ചർച്ചകളും നടന്നു.

നിലവിലുള്ള ഗ്രൂപ്പു നേതാക്കൾക്ക് സംശയം തോന്നാത്ത രീതിയില്‍ സേവ് കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമുള്ള എ, ഐ ഗ്രൂപ്പുകളിലുള്ള പ്രമുഖ യുവനേതാക്കളെ പങ്കെടുപ്പിച്ചാണ് തെക്കൻ കേരളത്തിലെ സേവ് കോൺഗ്രസ് ശക്തിപ്പെടുത്തുക. ജനുവരി അവസാനവാരത്തോടെ മുഴുവൻ ജില്ലകളിലും സേവ് കോൺഗ്രസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ സേവ് കോൺഗ്രസ് നിർണ്ണായക ശക്തിയായി മാറും. യുവാക്കൾക്കും സ്ത്രീകൾക്കും തെരഞ്ഞെടുപ്പുകളിലും സംഘടനാതലത്തിലും പരിഗണന ലഭിക്കുന്നതിനുവേണ്ടിയാണ് സേവ് കോൺഗ്രസിന് രൂപം നൽകുന്നതെന്ന് ഒരു പ്രധാന നേതാവ് അറിയിച്ചു.

You may also like this video;