ഡോ. ബീന ഡി

May 29, 2021, 3:18 pm

മൃഗസംരക്ഷണ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ

Janayugom Online

കോവിഡ് മഹാമാരി കേരളത്തിന്റെ സമസ്ത മേഖലകളേയും നിശ്ചലാവസ്ഥയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചപ്പോൾ കൂടുതൽ പേർ പ്രതീക്ഷ അർപ്പിച്ചത് മൃഗസംരക്ഷണ ക്ഷീരമേഖലയിലാണ്. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു വരുന്നതും കൂടുതൽ പേർ ഈ മേഖലയിലേക്ക് തിരിഞ്ഞതും ചെറുതല്ലാത്ത വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നടത്തപ്പെട്ട നയപ്രഖ്യാപനങ്ങൾ മൃഗസംരക്ഷണ ക്ഷീരമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുക തന്നെ ചെയ്യും.

മൃഗസംരക്ഷണ വകുപ്പിന്റെ കർഷക സൗഹൃദപരമായുള്ള സമഗ്ര പുനസംഘടനയുടെ ഭാഗമായി24 മണിക്കൂർ മൃഗസംരക്ഷണ സേവനങ്ങൾ ആകെയുള്ള 77 താലൂക്കുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. രാവിലെ 8 മണി മുതൽ 3 ഷിഫ്റ്റുകളിലായി ഇത്തരം വിളക്കണയാത്ത മൃഗാശുപത്രികളിലൂടെ ദിവസം മുഴുവനും കർഷകർക്ക് സേവനം ലഭ്യമാക്കുവാൻ കഴിയും. അടിയന്തിര രാത്രികാല മൃഗചികിൽസയിലൂടെ കർഷകരുടെ വളർത്തുമൃഗങ്ങൾക്ക് അസമയങ്ങളിൽ പോലും ആവശ്യമായ വൈദ്യസഹായം നൽകുവാനും കർഷകർക്ക് അവിചാരിതമായി ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം ഇതിലൂടെ ഒഴിവാക്കുവാനും കഴിയും.

ദേശീയ കന്നുകാലി ദൗത്യത്തിന്(നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ) കീഴിൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ആടുകൾക്കായുള്ള ഒരു പുതിയ മികവിന്റെ കേന്ദ്രം അഥവാ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗോട്ട് പ്രവർത്തനക്ഷമമാക്കുന്നതാണ്.3 കോടി 20 ലക്ഷം രൂപ യാണ് ഇതിന്റെ അടങ്കൽ തുക. കേന്ദ്ര സഹായമായി 1 കോടി 92 ലക്ഷം രൂപയും ബാക്കി സംസ്ഥാന വിഹിതവുമാണ്. നിലവിൽ പ്രതിവർഷം 500 മുതൽ 600 വരെ ആട്ടിൻകുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന ഈ കേന്ദ്രത്തിൽ നിന്നുമുള്ള ഉൽപ്പാദനം മൂന്നിരട്ടി ആയി വർദ്ധിപ്പിക്കുന്നതിനും നല്ലയിനം ആട്ടിൻകുട്ടികളെ കർഷകർക്ക് ലഭ്യമാക്കുന്നതിനും സാധ്യമാവും. ഗവേഷണ സൗകര്യങ്ങൾ ശക്തമാക്കുന്നതിലൂടെ മികവിന്റെ കേന്ദ്രമാക്കി മാറ്റുവാനും കഴിയും. കെട്ടിടങ്ങളുടെ നിർമ്മാണം കേരളാ പോലീസ് ഹൗസിംഗ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ധൃതഗതിയിൽ നടന്നു വരികയാണ്. പുൽ കൃഷിയും ഊർജിതമായി നടന്നു വരുന്നു. ചുരുങ്ങിയ മാസങ്ങൾക്ക് അകം തന്നെ പ്രവർത്തനം ആരംഭിക്കുവാൻ കഴിയും.

പരമാവധി പാലുല്പാദനവും പ്രത്യുൽപ്പാദനശേഷിയും ഉറപ്പാക്കുന്നതിനായി കന്നുകുട്ടി പരിപാലന പദ്ധതി വ്യാപ്തിയിലും പരിധിയിലും വികസിപ്പിക്കുന്നതാണ്. നിലവിൽ പ്രതിവർഷം കൃത്രിമ ബീജസങ്കലനത്തിലൂടെ ഏകദേശം 2 ലക്ഷം പശുക്കുട്ടികൾ ജനിക്കുമ്പോൾ അമ്പതിനായിരത്തോളം പശു കുട്ടികൾ മാത്രമാണ് കന്നുകുട്ടി പരിപാലന പദ്ധതിയിൽ ഉൾപ്പെടുന്നുള്ളു. നിലവിൽ 18 മാസം അഥവാ ആദ്യ പ്രസവം വരെ സബ്സിഡി നിരക്കിൽ കാലിതീറ്റ നൽകി വരുന്ന ഈ പദ്ധതിയിൽ കൂടുതൽ പശുക്കിടാക്കളെ ഉൾപ്പെടുത്തുന്നത് വഴി ഇവകളെ യഥാസമയം പ്രായപൂർത്തിയിൽ എത്തിക്കുകയും കറവപ്പശുക്കൾ ആക്കി മാറ്റുന്നതിലൂടെ പാലുല്പാദനവും ഗണ്യമായി വർദ്ധിപ്പിക്കുവാൻ കഴിയും.

അനിമൽ റിസോഴ്സ് ഡെവലെപ്പ്മെന്റ് ഫണ്ട് ഉപയോഗിച്ച് കർഷകർക്ക് പോത്തിൻകുട്ടികളെ നൽകൽ(ഓണാട്ടുകര മോഡൽ- ഓണാട്ടുകര പ്രദേശത്ത് മാത്രം നടപ്പിലാക്കിയ പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കുന്നത്) വഴി ശുദ്ധമായ മാംസോൽപ്പാദനവും വരുമാന വർദ്ധനവും ഉറപ്പാക്കുവാൻ കഴിയും. വ്യാവസായിക അടിസ്ഥാനത്തിലുള്ള ആട് വളർത്തൽ (19+1), ബാങ്ക് വായ്പകളിൽ മേൽ പലിശയിനത്തിലുള്ള സബ്സിഡി എന്നിവയിലൂടെ തൊഴിൽ അവസരങ്ങൾ 50% വർദ്ധിക്കുന്നതിനോടൊപ്പം വരുമാന വർദ്ധനവിനും കർഷകരുടെ ആത്മവിശ്വാസം വളർത്തുന്നതിനും ഉതകും.

കർഷകർക്കുള്ള വാതിൽപ്പടി മൃഗസംരക്ഷണ സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് നൽകുന്നത് വഴി മൃഗചികിൽസാ സൗകര്യം കർഷകരുടെ വീട്ടുപടിക്കൽ എത്തുകയാണ്.

ഈ മേഖലയിലെ സ്ഥിതിവിവര കണക്കുകൾ, കർഷകർക്കും സംരംഭകർക്കും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ, നൂതന പരിപാലന മുറകൾ എന്നിവ ലഭ്യമാക്കുന്നതിലേക്കായി കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുന്നതാണ്.

മൃഗസംരക്ഷണ ക്ഷീരമേഖലയിൽ നിലകൊള്ളുന്ന പരമ്പരാഗത കർഷകർക്കും വ്യാവസായിക അടിസ്ഥാനത്തിൽ ഈ മേഖലയിൽ നില നിൽക്കുന്ന സംരംഭകർക്കും ഈ കോവിഡ് മഹാമാരിക്കാലത്തും പ്രതീക്ഷയുടെ പുതുനാമ്പുകൾ വളർത്തുന്നതാണീ നയപ്രഖ്യാപന പ്രസംഗം. നയപ്രഖ്യാപനത്തിൽ കൃഷിഭവനുകൾ സ്മാർട്ടാക്കും എന്നുണ്ട്. മൃഗാശുപത്രികൾ കൂടി സ്മാർട്ടാക്കാൻ എന്തിന് അമാന്തിക്കണം?

Eng­lish Sum­ma­ry : new hopes on ani­mal hus­bandry kerala 

You may also like this video :