കൊച്ചി: സംരംഭകരാകാൻ തങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തി ആധുനിക വൈദ്യശാസ്ത്രമടക്കം വിവിധ മേഖലകളിൽ പ്രതീക്ഷയേകുന്ന ആശയങ്ങളുമായി ആഗോള നിക്ഷേപക സംഗമമായ അസെൻഡ് 2020‑ൽ സ്റ്റാർട്ടപ്പുകളെത്തി. കേരള സ്റ്റാർട്ടപ് മിഷനു (കെഎസ്‌യുഎം) കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇരുപത്തിയൊൻപതോളം സ്റ്റാർട്ടപ്പുകളാണ് അസെൻഡ്-2020 സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഓട്ടിസമുള്ള കുട്ടികൾക്ക് പഠനസഹായത്തിനുവേണ്ടി കണ്ടുപിടിച്ചിരിക്കുന്ന ഓട്ടി കെയർ ആണ് ഇതിലൊന്ന്. കെഎസ്‌യുഎം സ്റ്റാർട്ടപ്പായ എംബ്രൈറ്റ് ഇൻഫോടെക് രൂപം നൽകിയ ഓട്ടികെയർ പ്രവർത്തിക്കുന്നത് പരമ്പരാഗത രീതികളിൽ നിന്നു മാറി കുട്ടികൾക്ക് പുതുമയേറിയ അനുഭവങ്ങളുമായിട്ടാണ്. വാസ്തവികമായ ശേഷികൾ പരിശീലിപ്പിക്കുന്നതിനു വേണ്ടി ഒരു ത്രിമാന കമ്പ്യൂട്ടർ ഭാവനാലോകം ഉണ്ടാക്കുകയും അതിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തുകയുമാണ് ചെയ്യുന്നത്.
സാധാരണ കുട്ടികളെ അപേക്ഷിച്ചു നിരീക്ഷണ പാടവം കൂടുതലാണ് ഓട്ടിസമുള്ള കുട്ടികൾക്ക്. അതുകൊണ്ടുതന്നെ സാധാരണ ക്ലാസുകൾ ഇവർക്ക് വിരസമാകാൻ സാധ്യതയുള്ളതാണ്. ഓട്ടി കെയറിലൂടെ കുട്ടികളുമായുള്ള ആശയവിനിമയം എളുപ്പമാകുകയും രസകരമായ പഠനരീതികളിലൂടെ അവർക്കു കൂടുതൽ അനുഭവങ്ങൾ നൽകാനാവുകയും ചെയ്യുന്നുണ്ടെന്ന് എംബ്രൈറ്റ് ഇൻഫോടെക് സ്ഥാപകൻ സത്യനാരായണൻ എ. ആർ പറഞ്ഞു.
പ്രായമായവർക്കും അസുഖബാധിതരായി കിടപ്പിലായവർക്കും ശരീരത്തിൽ രക്തയോട്ടം വർധിപ്പിക്കുന്നതിനുള്ള ആങ്കിൾ മോഷൻ എന്ന ഉപകരണവുമായി എത്തിയിരിക്കുകയാണ് ഫ്ളോറിഡയിൽ നിന്ന് ഡോ. ആൻറണി മാത്യു. പൾമനറി ക്രിട്ടിക്കൽ കെയറിൽ സ്പെഷ്യലിസ്റ് ആയ ആൻറണി 36 വർഷങ്ങളായി ഫ്ളോറിഡയിൽ ജോലി ചെയ്യുന്നു.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർക്കും മറ്റു രോഗങ്ങൾ കാരണം കിടപ്പിലായവർക്കും കൃത്യമായ ശാരീരിക ചലനം ലഭിക്കാത്തതിലൂടെ രോഗം വഷളാവുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. രക്തത്തിനു കട്ടി കൂടിയാൽ ധമനികൾ അടയുകയും അത് മരണകാരണമാവുകയും ചെയ്യും. ആശുപത്രികളിൽ രക്തയോട്ടം കൂട്ടാനുളള ഉപകരണങ്ങൾ ലഭ്യമാണെങ്കിലും വില സാധാരണക്കാർക്ക് താങ്ങാനാവില്ല. ആങ്കിൾ മോഷൻ രോഗിയുടെ കണങ്കാലിനുള്ളിലെ രക്തയോട്ടം വർധിപ്പിച്ച് ശരീരം മുഴുവൻ രക്തസഞ്ചാരം വർധിപ്പിക്കും. രോഗികളുടെ രക്തധമനികൾ കണ്ടു പിടിക്കുന്ന ഉപകരണവുമായി മെഡ്ട്രാ ഇന്നോവേറ്റിവ് ടെക്നോളജിയും രംഗത്തുണ്ട്. പലപ്പോഴും രക്തധമനികൾ കൃത്യമായി കണ്ടുപിടിക്കാൻ കഴിയാത്തത് ചികിത്സയെ ബാധിക്കാറുണ്ട്. പരിചയസമ്പന്നത കൊണ്ടു മാത്രമായിരിക്കും പലപ്പോഴും ഡോക്ടർമാർ ധമനികൾ കണ്ടെത്തുന്നതും കുത്തിവെയ്പ് നൽകുന്നതും. ഈ സാഹചര്യം അതിജീവിക്കാൻ പോന്നതാണ് വീനിക്സ് എആർ എന്ന ഉപകരണം. ഇതുപയോഗിച്ച് ശരീരത്തിലെവിടെയുമുള്ള രക്തധമനികൾ കാണാൻ പറ്റും.
ശസ്ത്രക്രിയ ചെയ്യുന്നതിനും വെരിക്കോസ് വെയിൻ ചികിത്സയ്ക്കുമൊക്കെ ഇത് സഹായകമാവുമെന്നു മെഡ്ട്രാ ടെക്നോളോജിസ് മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ പറഞ്ഞു. വിദേശത്തു ലക്ഷങ്ങൾ വില വരുന്ന ഈ ഉപകരണം കുറഞ്ഞ വിലയിൽ കേരളത്തിൽ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശം. രക്തബാങ്കുകളുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിനും, വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയുള്ള ബ്ലഡ് ട്രാക്കറുമായി ബാഗ്മോ, വെള്ളത്തിനടിയിലെ ചിത്രങ്ങൾ എടുക്കുന്നതിനുള്ള അണ്ടർവാട്ടർ ഡ്രോൺ നിർമാതാക്കളായ ഐ റോവ്, ഇന്ത്യയിലെ ആദ്യ സോളാർ ഫെറിയുമായി നവാൾട് കേരളത്തിലെ ആദ്യ ജിപിഎസ് ട്രാക്കറുമായി ട്രാൻസൈറ്റ്, കേരള റെമെഡീസ്, റെസ്നോവ, ആക്റ്റീവ് ലോജിക്ക തുടങ്ങിയ കമ്പനികളാണ് അസെൻഡിൽ പങ്കെടുക്കുന്ന പ്രമുഖ സ്റ്റാർട്ടപ്പുകൾ.
English Summery: new innovative ideas Ascend 2020
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.