Monday
25 Mar 2019

സാമൂഹ്യസാക്ഷരതയിലൂടെ നവകേരളത്തിലേക്ക്

By: Web Desk | Tuesday 17 April 2018 6:36 PM IST


c raveendranath

സി.രവീന്ദ്രനാഥ്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി

കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഇരുപത്തിയേഴാം വാര്‍ഷിക ദിനമാണിന്ന്. 1991 ഏപ്രില്‍ 18 നാണ് ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത്. ലോക ശ്രദ്ധയാകര്‍ഷിച്ച ജനകീയ സംരംഭമായ സാക്ഷരതായജ്ഞത്തിലൂടെയാണ് നമുക്ക് ആ അഭിമാനം സ്വന്തമായത്. രണ്ടരപ്പതിറ്റാണ്ടിനിപ്പുറവും സമ്പൂര്‍ണ്ണ സാക്ഷരത എന്ന നേട്ടം നിലനിര്‍ത്തിപ്പോരുന്ന സംസ്ഥാനമാണ് നമ്മുടേത്. 2011 ലെ സെന്‍സസ് അനുസരിച്ച് 93.94 ശതമാനമാണ് കേരളത്തിന്റെ സാക്ഷരത.

തൊണ്ണൂറു ശതമാനം സാക്ഷരത നേടാനായാല്‍ ഒരു സമൂഹം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി കണക്കാക്കപ്പെടും. എന്നാല്‍, കേരളം പരിപൂര്‍ണ്ണ സാക്ഷരത ലക്ഷ്യമാക്കുന്നു. അതിന് സാക്ഷരത നിലനിര്‍ത്തി തുടര്‍വിദ്യാഭ്യാസം സാധ്യമാക്കണം. അതിനായാണ് 1998 ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ സാക്ഷരതാ മിഷന് രൂപം നല്‍കിയത്. ഇന്ന്, കേരളസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്ന നവകേരളത്തില്‍ നിരക്ഷരതയുടെ തുരുത്തുകള്‍ പോലും അവശേഷിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്. അതിന് ഉതകുന്ന വിധത്തില്‍ സാക്ഷരതയുടെ തുടര്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തി അനൗപചാരിക വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി വരികയാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികാസം ലക്ഷ്യമാക്കുന്നു. പൊതുവിദ്യാഭ്യാസമെന്നാല്‍ ഔപചാരിക വിദ്യാഭ്യാസം മാത്രമല്ല. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്നതാണ്. അതിന് സ്‌കൂള്‍ സര്‍വ്വകലാശാലാ കോളേജ് ക്ലാസ് മുറികള്‍ക്കു പുറത്തും നിരന്തരം വിദ്യാഭ്യാസം നടക്കണം. അതിന് അനൗപചാരിക വിദ്യാഭ്യാസം ശക്തമാവണം. ഇതാണ് കാഴ്ചപ്പാട്. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് കൊഴിഞ്ഞു പോയവരും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാണ്. അതേസമയം, ഉന്നത വിദ്യാഭ്യാസമാര്‍ജ്ജിച്ചവരുള്‍പ്പെടെയുള്ള സമൂഹമാകെ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പരിധിയില്‍ പെടുന്നു. ഈ രണ്ട് തലത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സാക്ഷരതാ മിഷന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു.

സാക്ഷരതയെന്നാല്‍ അക്ഷരങ്ങളും അക്കങ്ങളും എഴുതാനും വായിക്കാനും അറിയുക എന്നതു മാത്രമല്ല. എന്നാല്‍, അത് പ്രധാനം തന്നെയാണ്. അതുകൊണ്ടാണ് സാക്ഷരതയില്‍ പിന്നാക്കം നില്‍ക്കുന്ന ആദിവാസി, പട്ടികജാതി, തീരദേശ, ട്രാന്‍സ് ജന്റര്‍ മേഖലകള്‍ക്ക് സവിശേഷ ഊന്നല്‍ നല്‍കുന്നത്. ഈ മേഖലകള്‍ക്കായി പ്രത്യേക സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇത് കേവല സാക്ഷരതയക്കപ്പുറം ഈ വിഭാഗത്തില്‍ പെടുന്നവരുടെ ജീവിത നിലവാരത്തിലും പ്രകടമായ മാറ്റം വരുത്തിയിരിക്കുന്നു. സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാരായി അതതു വിഭാഗത്തിലുള്ളവരെത്തന്നെ നിയോഗിച്ചു കൊണ്ട് തൊഴിലും സാമ്പത്തിക പിന്തുണയും ഉറപ്പാക്കുകയാണ്.

ഇന്ത്യയിലാദ്യമായാണ് നമ്മുടെ സംസ്ഥാനമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്. കേരള സര്‍ക്കാര്‍ ഇവര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതോടൊപ്പം നമ്മുടെ ഭാഷയും അതിലൂടെ കേരളത്തിന്റെ സംസ്‌കാരവും ഉള്‍ക്കൊള്ളാന്‍ അതിഥി തൊഴിലാളികളായ അവരെ പ്രാപ്തരാക്കുന്നതാണ് ‘ചങ്ങാതി’ എന്ന സാക്ഷരതാ പദ്ധതി.

സാക്ഷരതയെ വിശാലമായ അര്‍ത്ഥത്തില്‍ സമീപിക്കുന്നതിന് സാക്ഷരതാ തുടര്‍വിദ്യാഭ്യാസത്തെ സാമൂഹ്യ സാക്ഷരതയുമായി ബന്ധപ്പെടുത്തുകയാണ്. സാക്ഷരതാ മിഷന്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞ പരിസ്ഥിതി സാക്ഷരതാ പരിപാടി സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ നവകേരളം എന്ന ലക്ഷ്യത്തിന് വലിയ ജന പിന്തുണ ഉറപ്പാക്കാന്‍ സഹായകമായിട്ടുണ്ട്. പ്രാദേശികമായ ജനപങ്കാളിത്തത്തോടെ നടന്ന ജലസ്രോതസ്സുകളെ സംബന്ധിച്ച പഠനം ദേശീയ ശ്രദ്ധ നേടി. മലിനമാകുകയും മൃതമാകുകയും ചെയ്തു കൊണ്ടിരിക്കുന്ന ജലസ്രോതസുകളെ സംരക്ഷിക്കാനുള്ള ജനകീയ സംരംഭങ്ങളെ ഊര്‍ജിതമാക്കാന്‍ ആ പഠന റിപ്പോര്‍ട്ട് സഹായകമായി. മണ്ണ്, ജലം, കാലാവസ്ഥ, ജൈവവൈവിധ്യം, തുടങ്ങിയ മേഖലകളില്‍ പ്രാഥമിക അവബോധം സൃഷ്ടിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയാണ്.

വിദ്യാഭ്യാസത്തില്‍ ഔപചാരികമായി ഭാഷാ പഠനത്തിന് ത്രിഭാഷാ പദ്ധതിയാണ് കേരളം തുടര്‍ന്നു വരുന്നത്. മാതൃഭാഷ നാടിന്റെ സംസ്‌കാരത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍, ഇതുവരെ തുടര്‍ന്നു വന്ന വിദ്യാഭ്യാസ രീതിയനുസരിച്ച് മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരു വ്യക്തിക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്ക് മലയാള ഭാഷാ പഠനത്തിന് അവസരമൊരുക്കുന്നതാണ് ‘പച്ച മലയാളം’ എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് .
ത്രിഭാഷാ പദ്ധതിയുടെ ഭാഗമായ ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷ എന്ന നിലയിലും ഇംഗ്ലീഷ് ലോകഭാഷ എന്ന നിലയിലും പ്രാധാന്യമര്‍ഹിക്കുന്നു. മലയാളത്തോടൊപ്പം ഈ ഭാഷകളിലും പ്രാവീണ്യം ആഗ്രഹിക്കുന്നവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തി വരുന്നു. ഒരു ഭാഷയും അന്യമല്ല എന്നതാണ് ഇക്കാര്യത്തിലെ സമീപനം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. ക്ലാസ് മുറികള്‍ ഹൈടെക് ആയി ആധുനികമാക്കിയും സ്‌കൂള്‍ ലൈബ്രറികള്‍ നവീകരിച്ചും സ്‌കൂള്‍ കെട്ടിടങ്ങള്‍ മികവുറ്റതാക്കിയും പൊതു വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും സമാന്തരമായി നടക്കുന്നു. അതിന്റെ ഫലമായി പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ധാരാളമായി കടന്നു വരാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍ ഒരു ലക്ഷത്തി നാല്‍പത്തിയാറായിരം കുട്ടികളാണ് പൊതുവിദ്യാലയത്തില്‍ വിവിധ ക്ലാസുകളില്‍ പുതുതായി കടന്നുവന്നത്. ഈ അധ്യയന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കാനാണ് തീരുമാനം. നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമ്പോള്‍ അവരുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന പൊതുസമൂഹം പൊതു വിദ്യാലയങ്ങളുടെ ആവശ്യകത തിരിച്ചറിയുകയും കുട്ടികളോടൊപ്പം മുന്നോട്ടു സഞ്ചരിക്കുകയും വേണം. സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയെ സംബന്ധിച്ചും പ്രാഥമികമായ അറിവ് പൊതുസമൂഹത്തിന്റെ ആരോഗ്യകരമായ മുന്നേറ്റത്തിന് അനിവാര്യമാണ്. അവിടെയാണ് സമ്പൂര്‍ണ്ണസാക്ഷരത നേടിയ കേരളത്തിന്റെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. ഔപചാരിക അനൗപചാരിക വിദ്യാഭ്യാസ ധാരകളെ കോര്‍ത്തിണക്കുന്ന ശാസ്ത്രീയ സമീപനത്തിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Related News