Monday
23 Sep 2019

പുതിയ തൊഴില്‍നയം വഴിയൊരുക്കുന്നത് സാമൂഹ്യദുരിതം: ഒന്നായ പോരാട്ടം പോംവഴി: കാനം

By: Web Desk | Saturday 13 July 2019 6:40 PM IST


കേരളാ ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ 19ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകന്‍

കോട്ടയം: വിലക്കയറ്റവും സാമൂഹ്യദുരിതവും സൃഷ്ടിക്കുന്ന പുതിയ തൊഴില്‍
നയങ്ങള്‍ക്കെതിരെ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുകൊണ്ടുള്ള പോരാട്ടംമാത്രമാണ് പോംവഴിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൊഴില്‍ നിയമങ്ങള്‍ നല്‍കിയിരുന്ന സുരക്ഷയും പരിരക്ഷയും ഇല്ലാതാകാന്‍ പോകുന്ന എന്നതാണ് വര്‍ത്തമാന യാഥാര്‍ഥ്യം.

കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ 19ാം സംസ്ഥാന സമ്മേളനം എം എന്‍ വി ജി അടിയോടി നഗറില്‍ (എസ് പി സി എസ് പൊന്‍കുന്നംവര്‍ക്കി സ്മാരക ഹാളില്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രന്‍.

നാലു പ്രധാന നിയമസംഹിതകളിലായി തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിക്കുമ്പോള്‍ ഇന്നുള്ള പല അവകാശങ്ങളും ഇല്ലാതാകും. എട്ടു മണിക്കൂര്‍ തൊഴില്‍ 14 മണിക്കൂറിലേക്ക് നീളും എന്നുതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ആശങ്കപ്പെടുത്തുന്നു. ആഗോള വത്കരണ നയങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന ഭരണകൂടമായി രാജ്യത്ത് കേന്ദ്രഭരണം മാറിയിരിക്കുന്നു. ജനകീയ ഭരണത്തിന്റെ മനുഷ്യത്വ മുഖം പഴങ്കഥയായിരുക്കുന്നു. ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഗുണങ്ങള്‍ മൂലധന ശക്തികളില്‍ മാത്രം കേന്ദ്രീകരിക്കുന്നു. പണിയെടുക്കുന്നവര്‍ക്ക് എല്ലാം നിഷേധിക്കുന്നു, കാനം വ്യക്തമാക്കി. ജനങ്ങളുടെ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്ന ത്യാഗസന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍, കെ ജി ഒ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിനോദ് മോഹന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സജീവ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം ജെ ബെന്നിമോന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജി ആര്‍ രാജീവ് സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം എം എം ബിജു കൃതജ്ഞതയും പറഞ്ഞു.

ഉച്ചകഴിഞ്ഞ് പൊതുവിപണിയും സാമൂഹ്യ നീതിയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.
കൃത്രിമക്ഷാമം സൃഷ്ടിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണതയ്ക്ക് ഒരു മാറ്റം വരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അനൂപ് വി ഉമേഷ് വിഷയാവതരണം നടത്തി. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ പി സുരേഷ് ബാബു, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ആര്‍ രഘുദാസ് എന്നിവര്‍ പങ്കെടുത്തു.

രാവിലെ സമ്മേളന നഗറില്‍ സംസ്ഥാന പ്രസിഡന്റ് വി എന്‍ സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.
ഇന്ന് രാവിലെ 10ന് ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വി എന്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. എസ് ശ്രീകുമാര്‍ രക്തസാക്ഷി പ്രമേയവും ബഷീര്‍ വി മുഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിക്കും. എല്‍ദോ ഏബ്രഹാം എം എല്‍ എ, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ ജെ അച്ചന്‍കുഞ്ഞ് എന്നിവര്‍ പങ്കെടുക്കും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കള്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സംഘടന അംഗങ്ങള്‍ക്കും യോഗത്തില്‍ അവാര്‍ഡുകള്‍ നല്‍കും. തുടര്‍ന്ന് സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

YOU MAY LIKE THIS VIDEO ALSO

Related News