Web Desk

ഡെറാഡൂണ്‍:

February 12, 2021, 7:23 pm

ഉത്തരാഖണ്ഡിൽ അപകടഭീഷണിയായി പുതിയ തടാകം രൂപപ്പെട്ടു

Janayugom Online

മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചമോലിയില്‍ ​ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെട്ടു.
തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെടുന്നത്. തടാകം രൂപപ്പെടുന്ന സംഭവം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

തടാകം രൂപപ്പെടുന്നത് പ്രദേശത്തെ രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്ത് എത്തി. ദുരന്ത നിവാരണ സേന സാഹചര്യം പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഐജി എസ്ഡിആര്‍എഫ് റിഥിം അഗര്‍വാള്‍ പറഞ്ഞു. ഋഷി ഗംഗയില്‍ വെള്ളം ഉയരുന്നതായും സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചമോലി പൊലീസ് അറിയിച്ചു.

തടാകത്തെക്കുറിച്ച്‌ തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹ‌ചര്യമില്ല. അവലോകനത്തിനായി കൂടുതല്‍ വിദ​ഗ്ധരെ സ്ഥലത്ത് നിയോ​ഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തപോവൻ തുരങ്കത്തില്‍ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്.

തുരങ്കത്തിന് വായു സഞ്ചാരമുള്ള ചെറിയ ദ്വാരങ്ങളുള്ളതിനാല്‍ തൊഴിലാളികള്‍ സുരക്ഷിതരാണെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വ്യാഴാഴ്ച ധൗലിഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ വൈദ്യുതി നിലയത്തിന്റെ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെകൂടി രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്‌ട്രേട്ട് സ്വാതി ഭദോരിയ വ്യക്തമാക്കി. രണ്ടര കിലോ മീറ്റര്‍ നീളമുള്ളതാണ് തുരങ്കം. 120 മീറ്റര്‍ വരെ തടസം നീക്കം ചെയ്തു. ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവുമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

ENGLISH SUMMARY:NEW LAKE FORMED IN UTTARAKHAND

YOU MAY ALSO LIKE THIS VIDEO