ന്യൂയോർക്ക്

പി ​പി ചെ​റി​യാ​ൻ

February 21, 2020, 1:32 pm

കലാവേദി യുഎസ്എയ്ക്ക് പുതിയ നേതൃത്വം

Janayugom Online

സജീവമായ കലാ — സാംസ്കാരിക പ്രവർത്തനങ്ങളുടെ 16 വർഷങ്ങൾ പിന്നിടുന്ന കലാവേദി ഇന്റർ നാഷണൽ എന്ന സംഘടനക്ക് അടുത്ത രണ്ടു വർഷങ്ങളിലേക്ക് ഫെബ്രുവരി എട്ടാം തീയതി കൂടിയ പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഔദ്യോഗികമായി സ്ഥാനമേറ്റു.

സജി മാത്യു (പ്രസിഡന്റ്), മാമ്മൻ എബ്രഹാം (വൈസ് പ്രസിഡന്റ്), ഷാജി ജേക്കബ് (സെക്രട്ടറി), ജോയ് ജോർജ് (ജോയിന്റ് സെക്രട്ടറി), മാത്യു മാമ്മൻ (ട്രഷറർ), ബിജു സാമുവേൽ (ജോയിന്റ് ട്രഷറർ), ഷാജു സാം (ഫിനാൻഷ്യൽ ഓഫീസർ), എന്നിവരാണ് പുതുതായി സ്ഥാനമേറ്റത്. 2021 ഡിസംബർ 31 വരെയാണ് ഇവരുടെ പ്രവർത്തന കാലഘട്ടം. കൂടാതെ, കലാവേദിയുടെ സ്ഥാപകൻ സിബി ഡേവിഡിനെ ചെയർമാനായും നിയമിച്ചു. 2018 — 2019 കാലഘട്ടത്തിൽ പ്രസിഡന്റ് ആയി പ്രവർത്തിച്ച ക്രിസ് തോപ്പിലിന് സമുചിതമായ ഉപഹാരവും ഈ ചടങ്ങിൽ വച്ച് സമർപ്പിക്കുകയുണ്ടായി. ന്യൂ യോർക്കിലെ കലാ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സജി മാത്യു. സംഘടനാപ്രവർത്തനങ്ങളിൽ പരിചയസമ്പന്നരാണ് ഭാരവാഹികൾ എല്ലാവരും. കേരളസമാജത്തിന്റെ മുൻ പ്രസിഡന്റ്, വൈസ്മെൻ ഇന്റർനാഷണൽ യു എസ് ഏരിയ പ്രസിഡന്റ് ഇലെക്ട് എന്നി സ്ഥാനങ്ങൾ ഷാജു സാം നിർവഹിക്കുന്നു.

2004 ൽ സ്ഥാപിതമാകുകയും തുടർന്ന് കേരളത്തിലും, അമേരിക്കയിലും കലാ സാംസ്കാരിക, സാമുഹ്യ രംഗങ്ങളിൽ ഗണ്യമായ തോതിൽ സേവനങ്ങൾ നൽകി വരികയും ചെയ്യുന്ന കലാവേദിയുടെ പ്രവർത്തനം, നടൻ ശ്രീനിവാസനാണ് ഉത്ഘാടനം ചെയ്തത്. ഇതിനോടകം ശ്രദ്ധേയമായ പല കലാപരിപാടികളും അവതരിപ്പിച്ചു കലാസ്നേഹികളുടെ പ്രശംസ നേടുവാൻ കലാവേദിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ അശരണരായ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച ‘ആർട്ട് ഫോർ ലൈഫ്’ എന്ന ജീവ കാരുണ്യ പദ്ധതിയിലൂടെ ദീർഘ വീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പല സംഭാവനകളും നല്കാൻ ഇതിനോടകം കലാവേദിക്ക് സാധിച്ചു. മാധ്യമരംഗത്തും സജീവ സാന്നിധ്യമായ കലാവേദിയുടെ കലാവേദി ഓൺലൈൻ മികച്ച രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ചുരുക്കം ചില മലയാളം പോർട്ടലുകളിൽ ഒന്നായിരുന്നു. സാങ്കേതിക മാറ്റം ഉൾക്കൊണ്ട്, കലാവേദി ടി വി ഡോട്ട് കോം എന്ന പോർട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നു.

ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുന്ന ‘വാൽക്കണ്ണാടി’ എന്ന ടോക്ക് ഷോ പരിപാടി കലാവേദിയുടെ സംഭാവനയാണ്. പ്രശസ്ത എഴുത്തുകാരൻ കോരസൺ വർഗീസ് ആണ് വാൽക്കണ്ണാടിയുടെ അവതാരകൻ. വാൽക്കണ്ണാടി, റിപ്പോർട്ടർ ടി വി യിലൂടെ ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. അറിയപ്പെടുന്ന കലാകാരനും സാമൂഹ്യ പ്രവർത്തകനും ആയ ഹരി നമ്പൂതിരി (ടെക്സാസ്) കലാവേദി ടി. വി. യുടെ ഡയറക്ടർമാരിലൊരാളാണ്. വിഭാഗീയതകൾക്കതീതമായി മാനവികത ഉയർത്തിപ്പിടിക്കുക എന്നതാണ് കലാവേദിയുടെ ആപ്തവാക്യം. വെല്ലുവിളി നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ക്രമത്തിൽ ജാതി മത വിഭാഗീയതകൾക്കു അതീതമായി ചിന്തിക്കുവാനും, സഹോദരതുല്യരായി കണ്ട്, പ്രേത്യകിച്ചു അശരണരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുവാൻ പുതുതായി സ്ഥാനമേറ്റ ചെയർമാൻ സിബി ഡേവിഡ് അംഗങ്ങളെ ആഹ്വനം ചെയ്തു.

Eng­lish Sum­ma­ry; New lead­er­ship for Kalave­di USA