Web Desk

June 10, 2021, 4:26 pm

കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്; എ, ഐ ഗ്രൂപ്പുകള്‍ കൂടാതെ കെ സി, കെ എസ്, വിഡി അച്ചുതണ്ട്

Janayugom Online

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ അവഗണിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിപക്ഷനേതാവിനെ നിയമിച്ചതിനെ തുടര്‍ന്ന രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര സ്വരച്ചേല്‍ച്ചയിലല്ല. ഇതു പാര്‍ട്ടിയിലെ എ , ഐ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കും ഏറെ അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കെപിസിസി പ്രസി‍ഡന്‍റ് ആയി ഇന്ന ആളിനെ വെയ്ക്കണമെന്നും, ആരുടേയും പേരു പറയുവാനും ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും തയ്യാറായില്ല.കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റായി നിയമിച്ചതിനു പിന്നാലെ പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾക്ക് കടുത്ത അമർഷം. കെ.പി.സി.സി. പ്രസിഡന്റിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിലാണ് ഇവർ ഹൈക്കമാൻഡിനുനേരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നത്. പാർട്ടിയിൽ പ്രബലമായ രണ്ടു വിഭാഗങ്ങളെയും പൂർണമായും അവഗണിക്കുന്നുവെന്ന വികാരമാണ് ഗ്രൂപ്പ് നേതൃത്വം ഉയർത്തുന്നത്.

പ്രസിഡന്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ഹൈക്കമാൻഡ് താത്പര്യമനുസരിച്ച് നിയമിക്കുന്നതിൽ എതിർപ്പില്ലെന്നാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചത്. കെ. സുധാകരനെ പ്രസിഡന്റാക്കാൻ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഹൈക്കമാൻഡ് തലത്തിൽ ഏകദേശധാരണയായെന്നിരിക്കെ, മറ്റുപേരുകൾ ഉയർത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്. വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ നിശ്ചയമായും പേരുകൾ നിർദേശിക്കുമായിരുന്നുവെന്നാണ് ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കുന്നത്. ഗ്രൂപ്പുകൾക്കതീതമായാണ് മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. ടി. സിദ്ദിഖ് എ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും പ്രതിപക്ഷനേതാവിന്റെ നിയമനത്തിൽ അദ്ദേഹം സ്വതന്ത്ര നിലപാടെടുത്തു. പി.ടി. തോമസും കൊടിക്കുന്നിൽ സുരേഷും എ ഗ്രൂപ്പിൽനിന്ന് നേരത്തേ അകന്നിരുന്നു. ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തോട് എതിർപ്പില്ല. എന്നാൽ, അതാണ് കാഴ്ചപ്പാടെങ്കിൽ വർക്കിങ് പ്രസിഡന്റുമാർ മൂന്ന് എന്തിനാണെന്ന് ഗ്രൂപ്പുകൾ ചോദിക്കുന്നു. ഗ്രൂപ്പുകൾക്കതീതമെന്ന വിശേഷണം നൽകി പുതിയ ഗ്രൂപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പക്ഷം.

വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചതെന്ന വിശ്വാസമാണ് ഗ്രൂപ്പുകൾ പങ്കുവെക്കുന്നത്. ഉടനടി പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. എ, ഐ ഗ്രൂപ്പ് നേതാക്കൾ പരസ്പരം ആശയവിനിമയത്തിലാണ്. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. മാറ്റങ്ങളെക്കുറിച്ച് സോണിയയോ രാഹുലോ സംസാരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അത്തരം ചർച്ചകളുണ്ടായാലേ പ്രശ്നം പരിഹരിക്കപ്പെടൂവെന്ന സൂചനയും ഗ്രൂപ്പ് നേതൃത്വം പങ്കുവെക്കുന്നു. പ്രതിഷേധമുണ്ടെങ്കിലും കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയിൽ അഭിപ്രായം പറയുമെന്ന പൊതു നിലപാടിലാണ് ഗ്രൂപ്പുകൾ. ഉടനടി സംഘടനാ തിരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നിരിക്കെ, നാമനിർദേശത്തിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന. ഇതിൽനിന്ന് വിട്ടുനിന്നാൽ ഒപ്പംനിൽക്കുന്നവരെ സംരക്ഷിക്കാനാകില്ല.

ഗ്രൂപ്പുകൾക്ക് അതീതമായി കെപിസിസി അധ്യക്ഷനെയും വർക്കിങ് പ്രസിഡന്റുമാരെയും തീരുമാനിച്ചതോടെ കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ഹൈക്കമാൻഡിന്റെ ഏകപക്ഷിയമായ തീരുമാനം സംസ്ഥാനത്ത് മുതിർന്ന നേതാക്കളെ മാത്രമല്ല ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കുന്ന പ്രവർത്തകർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമായി നിൽക്കുന്ന ഗ്രൂപ്പുകളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.ഗ്രൂപ്പ് സമവാക്യങ്ങൾ തന്നെ തള്ളി പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് മുതൽ ആരംഭിച്ച പ്രശ്നമാണ് കോൺഗ്രസിൽ ഇപ്പോൾ കൂടുതൽ വഷളായിരിക്കുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്ന ആവശ്യമാണ് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് മുന്നിൽ വെച്ചത്.

എന്നാൽ യുവ ജനപ്രതിനിധികളുടെയടക്കം അഭിപ്രായം മാനിച്ച് തലമുറ മാറ്റം മുൻനിർത്തി ഹൈക്കമാൻഡ് വി.ഡി സതീശനെ പ്രതിപക്ഷ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.ഇത് അവസരമായി കണ്ടായിരുന്നു വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനം. കൊടിക്കുന്നിൽ സുരേഷിനെ വർക്കിങ് പ്രസിഡന്റായി നിലനിർത്തിയ ഹൈക്കമാൻഡ് കെ.വി തോമസിനെ മാറ്റി പകരം പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവരെ തൽസ്ഥാനത്തേക്ക് കൊണ്ടുവന്നു. കെ സുധാകരനും നേരത്തെ വർക്കിങ് പ്രസിഡന്റായിരുന്നു. കൊടിക്കുന്നിൽ സുരേഷും പി.ടി തോമസും നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകന്നുള്ള പ്രവർത്തനമാണ് ഇരുവരുടെയും. അതുകൊണ്ട് തന്നെ ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തുമ്പോൾ തന്നെ ഇരുവരുടെയും പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരെ ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണെങ്കിലും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഗ്രൂപ്പ് തീരുമാനത്തിന് വിപരീതമായി സതീശനെയാണ് സിദ്ധിഖ് പിന്തുണച്ചത്.
Eng­lish Sum­ma­ry : new lead­er­ship groups orig­i­nat­ing in congress
You may also like this video :