Tuesday
26 Mar 2019

കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്: മാത്യു ടി തോമസ്

By: Web Desk | Wednesday 2 May 2018 9:57 PM IST


അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെയും സ്‌കൂള്‍ യൂണിഫോമുകളുടെയും ജില്ലാതല വിതരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വ്വഹിക്കുന്നു

പത്തനംതിട്ട : അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പേ എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുന്നത് കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെയും സ്‌കൂള്‍ യൂണിഫോമുകളുടെയും ജില്ലാതല വിതരണ ഉദ്ഘാടനം നിര്‍വഹിക്കകയായിരുന്നു മന്ത്രി.
ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ഇത്തരത്തിലൊരു മാറ്റമുണ്ടാകുന്നത്. 2014 ഡിസംബറില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാത്തതു സംബന്ധിച്ച് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ചപ്പോള്‍ വാര്‍ഷിക പരീക്ഷയ്ക്ക് മുമ്പ് പുസ്തകം വിതരണം ചെയ്യുമെന്നാണ് മറുപടി ലഭിച്ചത്. ഇത്രയും പരിതാപകരമായ ഒരവസ്ഥയില്‍ നിന്നും പൊതുവിദ്യാഭ്യാസ രംഗത്തെ കൈപിടിച്ചുയര്‍ത്തുന്നതിന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടതിന്‍റെ ആദ്യസൂചനകള്‍ കഴിഞ്ഞവര്‍ഷം തന്നെ ദൃശ്യമായി. ഒരു ലക്ഷത്തി നാല്‍പതിനായിരത്തിലധികം കുട്ടികളാണ് കഴിഞ്ഞവര്‍ഷം അണ്‍എയിഡഡ് സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലെത്തിയത്. ഈ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു പുത്തന്‍ ഉണര്‍വുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. കേരള സിലബസില്‍ പഠിച്ചവര്‍ മിടുക്കന്മാരാകില്ല എന്ന മിഥ്യാധാരണ ഇപ്പോള്‍ ആര്‍ക്കുമില്ല. എന്നു മാത്രമല്ല അവര്‍ കൂടുതല്‍ മികവുള്ളവരാണെന്ന് തെളിയിക്കപ്പെട്ടു. തന്‍റെ മക്കള്‍ രണ്ടുപേരും പൊതുവിദ്യാലയത്തിലാണ് പഠിച്ചത് എന്ന് കഴിഞ്ഞതവണ മന്ത്രിയായിരിക്കെ താന്‍ നടത്തിയ പരാമര്‍ശം കേട്ടിട്ട് ഇത്തരത്തിലൊരു മണ്ടന്‍ മന്ത്രിസഭയിലുണ്ടോ എന്നായിരുന്നു ഒരു ജനപ്രതിനിധിയുടെ കമന്റ്. വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് പ്രാധാന്യമില്ലെങ്കിലും പൊതുവിദ്യാലയത്തില്‍ പഠിച്ചതുകൊണ്ട് തന്‍റെ മക്കള്‍ക്ക് യാതൊരു കോട്ടവും ഉണ്ടായില്ല എന്നു മാത്രമല്ല, ഏറെ മികവുകള്‍ നേടുവാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ സമൂഹത്തിന്റെ പരിച്ഛേദമാണ്. സമകാലിക പ്രശ്‌നങ്ങളെ അപഗ്രഥിക്കുവാനും അഭിമുഖീകരിക്കുവാനും അവര്‍ക്ക് കഴിയും. വ്യത്യസ്ത ജാതി, മത, രാഷ്ട്രീയ ചിന്തകളിലുള്ള കുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ ഒന്നുചേരുമ്പോള്‍ ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റെ വാര്‍ത്തെടുപ്പിന്‍റെ പ്രാഥമിക പാഠങ്ങളാണ് അവിടെ ലഭിക്കുന്നത്.

ഇത്തരം വിദ്യാലയങ്ങളിലെ സൗഹൃദങ്ങളിലൂടെ വളര്‍ന്നുവരുന്ന കുട്ടികള്‍ ഒരിക്കലും വിഭാഗീയതയുടെ വക്താക്കളായി മാറില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ നവകേരള മിഷനില്‍പ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ ഏത് അണ്‍എയിഡഡ് സ്‌കൂളിനെയും വെല്ലുന്ന പശ്ചാത്തല സൗകര്യങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ പൂര്‍ത്തിയാകുകയാണ്. 45000 ക്ലാസ് മുറികള്‍ ഈ വര്‍ഷം തന്നെ സ്മാര്‍ട്ടാകും. ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ അഞ്ച് കോടി മുതല്‍ ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയായി വരുകയാണ്.

വിദ്യാഭ്യാസ രംഗത്തെ മുതല്‍ മുടക്കിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്ന പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ചേര്‍ക്കുവാന്‍ പൊതുസമൂഹവും ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. നവകേരള മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം അധ്യയന വര്‍ഷത്തിന് ഏറെ മുമ്പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇത്തരമൊരു മാറ്റത്തിന് കളമൊരുക്കിയതിന് സര്‍ക്കാര്‍ എല്ലാവിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നതായും ചടങ്ങില്‍ കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.

Related News