നിരത്തുകള്‍ കൈയടക്കാന്‍ ഡ്രൈവറില്ലാ കാറുകള്‍

Web Desk
Posted on October 19, 2018, 10:51 pm

പി ആര്‍ റിസിയ

ഡ്രൈവറില്ലാത്ത കാറുകള്‍ എന്ന ആശയം ലോകം ഏറ്റെടുക്കുമ്പോഴും ഇത്തരം സങ്കല്പം പ്രാവര്‍ത്തികമാക്കുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോഴും സംശയങ്ങള്‍ ഉയരുന്നുണ്ട്. ഡ്രൈവറില്ലാത്ത കാര്‍ വികസിപ്പിച്ചെടുത്ത് ലോകത്തിനായി പരിചയപ്പെടുത്തിയ വ്യക്തിയാണ് മലയാളിയായ ഡോ. റോഷി ജോണ്‍. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളിലെ എഞ്ചിനീയറായ ഡോ: റോഷി ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറില്ലാ കാറിന് പിന്നില്‍. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ റോബോട്ടിക്സ് ആന്റ് കോഗ്നിറ്റീവ് സിസ്റ്റംസിന്റെ തലവനായ റോഷി ജോണ്‍ ജനയുഗത്തോട്…
** ‘ഡ്രൈവറില്ലാത്ത കാര്‍’ എന്തായിരുന്നു ഇത്തരമൊരു ആശയത്തിന് പിന്നില്‍?
ഒരു രാത്രിയില്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ മയങ്ങിവീണപ്പോള്‍ പല തവണ അയാളെ വിളിച്ചുണര്‍ത്തേണ്ടി വരികയും ഒടുവില്‍ ഡ്രൈവറെ മാറ്റിയിരുത്തി സ്വയം ഡ്രൈവ് ചെയ്ത് വീട്ടിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആദ്യമായി ഡ്രൈവറില്ലാത്ത കാര്‍ എന്ന ആശയം ഉദിച്ചത്. പിന്നീട് അതിനുവേണ്ടിയുള്ള പ്രയത്‌നമായിരുന്നു. തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് എന്റെ ടീമിന്റെ സഹായത്തോടെ ഇത്തരത്തിലൊരു കാര്‍ രൂപപ്പെടുത്തിയത്.
** എത്രത്തോളം സുരക്ഷിതമാണ് ഈ കാറുകള്‍?
അപകടങ്ങള്‍ കുറക്കുന്നതിനും രാത്രിയാത്രകള്‍ക്ക് ഡ്രൈവര്‍മാരെ സഹായിക്കുന്നതിനും ഇവ വളരെ പ്രയോജനപ്രദമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇവ എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കണം. കാരണം, തിരക്കേറിയ റോഡുകളും വാഹനങ്ങളുടെ തിരക്കുമെല്ലാം ഇതിന്റെ യാത്രയെ ബാധിക്കാത്ത രീതിയിലായിരിക്കണം. ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കാന്‍ പാകത്തിന് ടാറ്റാ നാനോ കാറിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
** ഇവയുടെ പ്രവര്‍ത്തനം വിശദീകരിക്കാമോ?
ഒരു എക്സ്റ്റേണല്‍ റോബോട്ടിനെ കാറുമായി ഘടിപ്പിച്ചാണ് ഡ്രൈവറില്ലാ കാര്‍ തയാറാക്കിയിരിക്കുന്നത്. കാറിന്റെ ഡിക്കിയില്‍ സജ്ജമാക്കിയ റോബോട്ടിക്ക് സംവിധാനമാണ് സ്റ്റിയറിങ്ങും ആക്സിലേറ്ററും ബ്രേക്കും ക്ലച്ചും നിയന്ത്രിക്കുക.വിവിധ തരം സെന്‍സറുകളാണ് കാറിന്റെ മുന്നിലും വശങ്ങളിലുമുള്ള വസ്തുക്കളെ ക്യത്യമായി കണ്ടെത്തുന്നത്. 200 മീറ്റര്‍ മുന്നിലുള്ള വാഹനങ്ങള്‍ വരെ എത്ര വേഗതയിലാണ് ഓടുന്ന തെന്നും വശങ്ങളില്‍ നിന്ന് ആരൊക്കെ ഓവര്‍ ടേക്ക് ചെയ്യുന്നുണ്ടെന്നും ഈ സെന്‍സര്‍ വിവരശേഖരണം നടത്തി റോബോട്ടിന് നല്‍കുന്നതാണ് ആദ്യ സംവിധാനം. ഈ റോബോര്‍ട്ട് കൃത്യമായ കണക്ക് കൂട്ടലോടെ സ്റ്റിയറിങ്ങിനേയും മറ്റും നിയന്ത്രിക്കുന്നതാണ് ഈ വാഹനത്തിന്റെ പ്രവര്‍ത്തന രീതി.
**ഡ്രൈവറില്ലാത്ത കാര്‍
ഹാക്ക് ചെയ്യുന്നതിനെകുറിച്ച്?
ഏതൊരു ടെക്‌നോളജി വികസിപ്പിച്ചെടുക്കുമ്പോഴും അതിനൊരു ദൂഷ്യഫലമുണ്ടായിരിക്കും. ഡ്രൈവറിലാത്ത കാറുകള്‍ നിര്‍മ്മിച്ചപ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണല്ലോ? അത്തരം പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചാല്‍ മാത്രമേ പുതിയ തലമുറയ്ക്ക് ഇത്തരം കാറുകള്‍ ഉണ്ടാക്കാന്‍ സാധിക്കു. അതേതുടര്‍ന്നാണ് കാര്‍ ഹാക്കിംങിന് എന്ന വിഷയം വിശകലനം ചെയ്തത്. വാഹനം ഹാക്ക് ചെയ്യുവാനായി ഹാക്കര്‍മാര്‍ നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്താനുള്ള പുതിയ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. എനിക്ക് ഒരു ഡെവലപ്‌മെന്റ് ടീമും ഹാക്കിംഗ് ടീമും ഉണ്ട്. ഡെവലപ്പ്‌മെന്റ് ടീം വികസിപ്പിച്ചെടുത്ത് സോഫ്റ്റ് വെയറിന്റെ വിശ്വാസ്യത ടെസ്റ്റ് ചെയ്യുകയാണ് ഹാക്കിംഗ് ടീം ചെയ്യുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന കൊക്കൂണ്‍ ശില്പശാലയില്‍ ഡിജിപി ലോക്‌നാഥ ബഹ്‌റ സഞ്ചരിച്ച കാര്‍ ഹാക്ക് ചെയ്തതും റിലീസ് ചെയ്തതുമെല്ലാം പരിചയപ്പെടുത്തിയത് ഇത്തരം സോഫ്റ്റ് വെയറിന്റെ സഹായത്തോടെയായിരുന്നു.
**ഡ്രൈവറില്ലാത്ത കാറിന്റെ മുന്നോട്ടുള്ള നീക്കം എങ്ങനെയാണ്?
ഡ്രൈവര്‍ ഇല്ലാതെ കാര്‍ ഓടിക്കുന്നതിനൊപ്പം ഈ കാറുകള്‍ ഹാക്ക് ചെയ്യുന്ന ടെക്‌നോളജിയും ടിസിഎസ് തന്നെ ഡെവലപ്പ്‌ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ സുരക്ഷിതമായി വാഹനം നിരത്തിലിറക്കാനണ് കമ്പിനിയുടെ ശ്രമം. ഇതിനായി പ്രത്യേക ടീമിനേയും നിയോഗിച്ചിട്ടുണ്ട്. 90 ശതാമാനത്തോളം സോഫ്റ്റ് വെയര്‍ ടെക്നോളജിയും ബാക്കി ഹാര്‍ഡ് വെയര്‍ ടെക്നോളജിയുമാണ് ഓട്ടോണമസ് കാറിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.