23 April 2024, Tuesday

Related news

April 9, 2024
March 27, 2024
March 3, 2024
February 6, 2024
February 3, 2024
November 14, 2023
November 1, 2023
October 31, 2023
October 18, 2023
October 13, 2023

സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിന് പുതിയ നിരീക്ഷണ സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2022 11:23 pm

സമൂഹമാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കുന്നതിനായി പുതിയ സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഐടി നിയമങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി.
ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന സമൂഹമാധ്യമങ്ങളുടെ നടപടിക്കെതിരെയും ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഉന്നത സമിതിയെ സമീപിക്കാനാകുമെന്ന് ഐടി മന്ത്രാലയം പറയുന്നു. ഉള്ളടക്കത്തെക്കുറിച്ചോ അല്ലാതെയോ ഉള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും മാറ്റമുണ്ടാകും. മൂന്ന് മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കണം. കമ്മിറ്റിയില്‍ ഒരു ചെയര്‍പേഴ്സണും രണ്ട് മുഴുവന്‍ സമയ അംഗങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായിരിക്കണം.
ഉള്ളടക്കം നീക്കം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഈ നീക്കം. ഐടി (ഇന്റര്‍മീഡിയേറ്ററി ഗൈഡ്‌ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്സ്) നിയമത്തിലാണ് ഭേദഗതി. ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളും ടെക് ഭീമന്‍ കമ്പനികളും രാജ്യത്തിന്റെ ഭരണഘടനയെയും പരാമാധികാരത്തെയും ബഹുമാനിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും നിയമ ഭേദഗതി അനുശാസിക്കുന്നു.
ഐടി നിയമം 2021 ലൂടെ വിവിധ മാറ്റങ്ങള്‍ നടപ്പാക്കി മാസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായി വിവിധ തലത്തില്‍ പരാതിപരിഹാര സമിതികള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാക്കളുടെ പോസ്റ്റുകള്‍ നീക്കംചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകളിറക്കിയിട്ടും കമ്പനികള്‍ അംഗീകരിക്കാന്‍ വിമുഖത കാട്ടി. ഇതോടെയാണ് പുതിയ നിയന്ത്രണ സമിതി രൂപീകരിക്കാന്‍ നീക്കം ആരംഭിച്ചത്.
സമിതിക്ക് ലഭിക്കുന്ന അപ്പീലുകള്‍ 30 കലണ്ടര്‍ ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഭേദഗതി പ്രകാരം ഉപയോക്താവിന്റെ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കമ്പനി മറുപടി നല്‍കിയിരിക്കണം. 15 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 

ഉള്ളടക്കങ്ങള്‍ നീക്കാന്‍ കാരണം അറിയിക്കണം: ട്വിറ്റര്‍ 

ബംഗളുരു: ഉപഭോക്താക്കളുടെ അക്കൗണ്ടുകളും ഉള്ളടക്കങ്ങളും ബ്ലോക്ക് ചെയ്യാനുള്ള കാരണം സര്‍ക്കാര്‍ നല്‍കണമെന്നും ഇത് അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്നും ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയില്‍. ഈ വര്‍ഷം ഫെബ്രുവരി വരെ ഒരു വര്‍ഷത്തെ കാലയളവിനിടെയുള്ള സര്‍ക്കാരിന്റെ 10 ബ്ലോക്കിങ് ഉത്തരവുകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ട്വിറ്റര്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്. വിശദീകരണം നൽകിയില്ലെങ്കിൽ, നടപടികള്‍ക്കു ശേഷം തര്‍ക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ട്വിറ്റര്‍ കോടതിയില്‍ വാദിച്ചു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കായുള്ള രാജ്യത്തിന്റെ നിയമങ്ങൾ ട്വിറ്റർ പാലിക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷ ഇ­ലോണ്‍ മസ്കിന്റെ ഏറ്റെടുക്കലോടെ മാറില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നനും ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സിഇഒയുമായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. രാജ്യത്തെ നിയമങ്ങള്‍ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും ഒരുപോലെയാണ്. അത് ആരുടെ ഉടമസ്ഥതയിലാണെന്നുള്ളത് സര്‍ക്കാരിന് പ്രധാനമല്ലെന്നും മന്ത്രി പറഞ്ഞു.
ട്വിറ്ററിന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഉപയോക്താക്കളുടെ കാര്യത്തിൽ മാത്രമല്ല, പരസ്യങ്ങളിലും എല്ലാ ഇന്റർനെറ്റ് ഭീമന്മാർക്കും വലിയ വിപണി സാധ്യത വാഗ്ദാനം ചെയ്യുന്ന രാജ്യം കൂടിയാണ് ഇന്ത്യ.
എന്നാല്‍ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും ട്വിറ്ററും തമ്മിലുള്ള നിയമപോരാട്ടം ഇതുവരെയും അവസാനിച്ചിട്ടില്ല. അതുമാത്രമല്ല ഇറക്കുമതി തീരുവ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ഇലോണ്‍ മസ്കും തമ്മിലും തര്‍ക്കം നിലനിന്നിരുന്നു. ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്‌ലയുടെ ആവശ്യം കേന്ദ്രം നിരസിച്ചതിനു പിന്നാലെ ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയില്‍ നിന്നും മസ്ക് പിന്‍മാറിയിരുന്നു.

Eng­lish Sum­ma­ry: New mon­i­tor­ing com­mit­tee to reg­u­late social media

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.