Saturday
16 Nov 2019

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണം: സത്യന്‍ മൊകേരി

By: Web Desk | Tuesday 16 October 2018 7:16 PM IST


Sathyam Mokeri
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പ്രളയത്തില്‍ ക്യഷി നശിച്ച ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കര്‍ഷകരുടെ കണ്‍വന്‍ഷന്‍ കിസാന്‍ സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: സമാനതകളില്ലാത്ത പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് കേന്ദ്രം അനുവദിക്കുന്ന നഷ്ടപരിഹാരം ഒന്നിനും പര്യാപ്തമല്ല. ഇക്കാര്യങ്ങളില്‍ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് നയങ്ങളില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വേണം,
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പ്രളയത്തില്‍ ക്യഷി നശിച്ച ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കര്‍ഷകരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാപ്രളയവും വ്യാപകമായ ഉരുള്‍പ്പൊട്ടലും കാര്‍ഷിക മേഖലയെ മുടിച്ച സാഹചര്യത്തില്‍ കര്‍ഷകരെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിന് ഓരോ മേഖലയേയും പ്രത്യേകമായി പരിഗണിച്ച് പ്രത്യേക പദ്ധതികളും അനുസൃതമായ പാക്കേജുകളും വേണം. അനുകൂല ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അതിശക്തമായ ക്യാമ്പയ്ന്‍ സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയണം, സത്യന്‍ മൊകേരി പറഞ്ഞു.
പ്രളയത്തിലും ഉരുള്‍പൊട്ടലിലും 147016 ഹെക്ടര്‍ സ്ഥലത്തെ വിളകള്‍ നശിച്ചു.5622 കോടിരൂപയുടെ വിളനാശമാണ് കണക്കാക്കുന്നത്.കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധി അര്‍ഹിക്കുന്ന ഗൗരവത്തില്‍ ചര്‍ച്ചചെയ്യാന്‍ പൊതുസമൂഹവും മാധ്യമങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിരന്തര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും നവംബര്‍ അവസാനം പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും തീരുമാനമായി.
കിസാന്‍സഭ സംസ്ഥാനപ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലന്‍നായര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി.വി.ചാമുണ്ണി, സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍, കിസാന്‍ സഭ വൈസ് പ്രസിഡന്റുമാരായ അഡ്വ. പി കെ ചിത്രഭാനു, ജോയിക്കുട്ടി ജോസ്, ട്രഷറര്‍ തുളസീദാസ് മേനോന്‍, സംസ്ഥാന സെക്രട്ടറിമാരായ മാത്യു വര്‍ഗീസ്, ദിനകരന്‍,കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം എ പി ജയന്‍,കേരകര്‍ഷക സംഘം ജനറല്‍ സെക്രട്ടറി എ പ്രദീപന്‍, സംഘാടക സമതി ചെയര്‍മാന്‍ അഡ്വ.കെ.മാധവന്‍ പിള്ള, ജനറല്‍ കണ്‍വീനര്‍ ഇ.എന്‍.ദാസപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related News