സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ നിലവില്‍ വരും

Web Desk
Posted on September 08, 2019, 3:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഗ്രാമ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നടപടി. തദ്ദേശസ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. അതേസമയം സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ നഗരസഭകളും കോര്‍പ്പറേഷനുകളും ഇപ്പോള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

നാല്‍പ്പതിലധികം പുതിയ പഞ്ചായത്തുകള്‍ നിലവില്‍ വരും. 27,340ലധികം ജനസംഖ്യ, 32 ചതുരശ്ര കി.മീറ്ററിലധികം വിസ്തീര്‍ണ്ണം, 50 ലക്ഷത്തിന് മുകളിലുള്ള തനത് വരുമാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. നാല് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ബ്ലോക്ക് പഞ്ചായത്തും രൂപവത്കരിക്കണം.

ഇതു സംബന്ധിച്ച് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്ത് ഈ മാസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. പഞ്ചായത്തുകളെ നഗരസഭകളാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യേണ്ടതില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. യുഡിഎഫ് സര്‍ക്കാരും പഞ്ചായത്തുകളെ വിഭജിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മറ്റിയാണ് അന്തിമമായി പഞ്ചായത്ത് വിഭജനം പൂര്‍ത്തിയാക്കുക. ജനസംഖ്യപരിഗണിച്ച് 40 മുതല്‍ 50 വരെ പുതിയ പഞ്ചായത്തുകള്‍ ഉണ്ടായേക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റിയായോ മുന്‍സിപ്പിലാറ്റികളെ കോര്‍പറേഷനായോ ഉയര്‍ത്തില്ല. കഴിഞ്ഞ തവണ രൂപകൊണ്ട നഗരസഭകളുടെ അടിസ്ഥാന സൌകര്യം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അധിക സാന്പത്തിക ബാധ്യത വരുത്തിവെക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആറ് കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളും 941 ഗ്രാമപഞ്ചായത്തുകളുമാണ് നിലവിലുള്ളത്.

YOU MAY LIKE THIS VIDEO ALSO