24 April 2024, Wednesday

ചരിത്രവും യാഥാര്‍ത്ഥ്യവും നിഷേധിക്കുന്ന ‘അഖണ്ഡഭാരതം’

Janayugom Webdesk
June 9, 2023 5:00 am

പ്രധാനമന്ത്രി നരേന്ദ്രമോഡി മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി മതാചാരപ്രകാരം ഉദ്ഘാടനംചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിലെ കലാപ്രതിഷ്ഠാപനങ്ങളിൽ ഒന്നായ ‘അഖണ്ഡഭാരത’ ചുവർചിത്രം അയൽരാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇന്ത്യാവിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളുടെയും വൈവിധ്യങ്ങളിൽ അധിഷ്ഠിതമായ ഐക്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിൽ അധിഷ്ഠിതമായ അയൽബന്ധങ്ങളുടെയും പ്രതീകമായി മാറേണ്ട പാർലമെന്റ്മന്ദിരം വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറുന്നുവെന്നത് ദൗർഭാഗ്യകരമാണ്. രാജ്യഭരണം കയ്യാളുന്ന ബിജെപിയെ നയിക്കുന്ന തീവ്രഹിന്ദുത്വ ആശയങ്ങളും വൈവിധ്യങ്ങളെ നിരാകരിക്കുന്ന അവരുടെ സമീപനങ്ങളുമാണ് അതിർത്തിക്കപ്പുറത്ത് പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. പാർലമെന്റിലെ ചുവർചിത്രം സംബന്ധിച്ച് മോഡി സർക്കാർ നല്കുന്ന വിശദീകരണങ്ങളും ന്യായവാദങ്ങളും അയൽരാജ്യങ്ങളിലെ വലിയൊരുവിഭാഗത്തിനും സ്വീകാര്യമല്ലെന്നുവേണം പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ. അഖണ്ഡഭാരതം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന പുതിയ പാർലമെന്റിലെ പ്രതിഷ്ഠാപനം ‘ആ ലക്ഷ്യത്തോടുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെയാണ് പ്രതിനിധീകരിക്കുന്ന’തെന്ന പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റ് അയൽരാജ്യങ്ങളിലെ ജനങ്ങളും രാഷ്ട്രീയവൃത്തങ്ങളും ആശങ്കയോടെ കാണുക സ്വാഭാവികം മാത്രം.

നേപ്പാളിലെയും ബംഗ്ലാദേശിലെയും ഭരണവൃത്തങ്ങൾ നയതന്ത്രപരമായ മര്യാദയുടെയും രാഷ്ട്രീയ, സാമ്പത്തിക സമ്മർദങ്ങളുടെയും പേരിൽ പ്രശ്നത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ രാജ്യങ്ങൾ ഇന്ത്യയെപ്പോലെതന്നെ സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങളും ജനതകൾ ആത്മാഭിമാനമുള്ളവരുമാണെന്നത് വിസ്മരിച്ചുകൂടാ. അഖണ്ഡഭാരതം ചരിത്രവസ്തുതകളുമായി പൊരുത്തപ്പെടാത്തതും തീവ്രഹിന്ദുത്വ വന്യഭാവനയിൽ മാത്രം അസ്തിത്വമുള്ളതുമായ ആശയമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിലെ പ്രതിഷ്ഠാപനം ക്രിസ്തുവിനും മുന്നൂറാണ്ടുകൾക്കുമുമ്പ് ഉണ്ടായിരുന്ന അശോകചക്രവർത്തിയുടെ സാമ്രാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അത് ഇന്ത്യയുടെ പുരാതന സാംസ്കാരിക വ്യാപ്തിയെയാണ് അടയാളപ്പെടുത്തുന്നതുമെന്ന വിദേശകാര്യമന്ത്രാലയ വക്താവിന്റെ വ്യാഖ്യാനവും ന്യായീകരണവും ഇന്നത്തെ ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിൽ ആരെങ്കിലും മുഖവിലയ്ക്കെടുക്കുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. അത് ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത വികലസങ്കല്പമല്ലാതെ മറ്റൊന്നുമല്ല. അത് യാഥാർത്ഥ്യമാക്കുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയെ വോട്ടിനും രാഷ്ട്രീയ അധികാരത്തിനും വേണ്ടി കബളിപ്പിക്കാനുള്ള നരേന്ദ്രമോഡിയുടെയും തീവ്രഹിന്ദുത്വ, അധികാരമോഹ ശക്തികളുടെയും കുതന്ത്രം മാത്രമാണ് ഈ ചുവർചിത്രം.


ഇതുകൂടി വായിക്കൂ: പുതിയ പാര്‍ലമെന്റ് മന്ദിരവും അതിന്റെ ഉദ്ഘാടനവും


തീവ്രഹിന്ദുത്വ ആശയങ്ങളുടെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിക്കാവുന്ന വി ഡി സവർക്കറുടെ ഭാവനയിലുള്ള അഫ്ഗാനിസ്ഥാൻ മുതൽ തായ്‌ലൻഡ് വരെയും നേപ്പാൾ മുതൽ ശ്രീലങ്കവരെയും വിസ്തൃതിയുള്ള അഖണ്ഡഭാരതം ഒരു ഘട്ടത്തിലും ഉണ്ടായിരുന്നിട്ടില്ല എന്നത് അനിഷേധ്യമായ ചരിത്രവസ്തുതയാണ്. മാത്രമല്ല, ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് പരസ്പരം പോരടിച്ചിരുന്ന നാട്ടുരാജ്യങ്ങളെ ഉൾക്കൊണ്ടിരുന്ന ഭൂപ്രദേശമായിരുന്നു ഇന്ത്യാ ഉപഭൂഖണ്ഡം. മഹാഭാരതവും രാമായണവും ഉൾപ്പെടെ ഭാരതത്തിന്റെ ഇതിഹാസങ്ങളും പുരാണങ്ങളും അവയുടെ ഇന്നും ജീവിക്കുന്ന സാക്ഷ്യങ്ങളാണ്. വസ്തുത ഇതായിരിക്കെ രാജ്യത്തിന്റെ ചരിത്രത്തെത്തന്നെ തിരുത്തിയെഴുതുകയും അതുവഴി തങ്ങളുടെ മതാധിഷ്ഠിത ഫാസിസ്റ്റുവാഴ്ച എന്നെന്നും നിലനിർത്താമെന്നുമുള്ള വ്യാമോഹമാണ് ചുവർചിത്രത്തിലൂടെ പുറത്തുവരുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് ലോകത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക പരിണാമ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണുള്ളത്. അത് ഏതെങ്കിലും ഏകാത്മകമായ ഭരണവ്യവസ്ഥയുടെയോ സംസ്കാരത്തിന്റെയോ സംഭാവനയല്ല. അത് ഒരുപക്ഷെ മറ്റൊരു ഭൂപ്രദേശത്തും കണ്ടിട്ടില്ലാത്ത വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ആകെത്തുകയായിരുന്നു.

ആധുനിക ഇന്ത്യയെ ലോകഭൂപടത്തിൽ വേറിട്ട് അടയാളപ്പെടുത്തുന്നതും മറ്റൊന്നല്ല. ആ യാഥാർത്ഥ്യത്തെ നിഷേധിച്ച്, ലോകത്തെ ഏറ്റവും വലിയ ജനസഞ്ചയത്തെയും അവരുടെ ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രത്തെയും സാംസ്കാരിക വൈവിധ്യത്തെയും തീവ്രഹിന്ദുത്വാശയങ്ങളുടെ നിഷേധാത്മക ലോകത്തേക്ക് നയിക്കാനാണ് മോഡിഭരണകൂടം ശ്രമിക്കുന്നത്. അതിനുവേണ്ടി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുഴുവൻ രാഷ്ട്രങ്ങളുടെയും ജനതകളുടെയും അസ്തിത്വത്തെയാണ് വെല്ലുവിളിക്കാൻ ശ്രമിക്കുന്നത്. അത് വിജയിക്കാൻ അനുവദിക്കുന്നത് ജർമ്മൻ ഫാസിസത്തിന് സമാനമായ ദുരന്തത്തിലേക്ക് ഇന്ത്യയെയും ലോകത്തെയും തള്ളിവിടും. അയൽ രാജ്യങ്ങളുടെയും ജനതകളുടെയും ആശങ്കകളും ഭയപ്പാടുകളും ദൂരീകരിച്ച് മികച്ച സഹകരണാത്മക ഉഭയകക്ഷി, ബഹുകക്ഷിബന്ധങ്ങൾ ഉറപ്പുവരുത്തുകവഴിയേ മേഖലയിൽ ശാന്തവും ഐശ്വര്യപൂർണവുമായ അന്തരീക്ഷം സാധ്യമാവു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.