ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി പുതിയ കീടങ്ങള്‍

Web Desk
Posted on August 04, 2019, 9:23 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തി പുതിയ കീടങ്ങള്‍. ഇതിനെ ചെറുക്കാനുള്ള ജൈവകീടനാശിനികള്‍ സംബന്ധിച്ച ഗവേഷണം ഇനിയും തുടങ്ങിയിട്ടില്ലെന്ന് കാര്‍ഷിക വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ കീടങ്ങള്‍ രാജ്യത്തെ 30 ശതമാനം ചോളം കൃഷിയെ നശിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കര്‍ണാടക, ആന്ധ്രാപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലാണ് ചോളം കൃഷി വന്‍തോതില്‍ നശിച്ചതെന്ന് യുഎന്നിന്റെ കീഴിലുള്ള ഫുഡ് ആന്റ് ആഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ ഇന്ത്യയിലെ മൊത്തം ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 15 മുതല്‍ 20 ശതമാനംവരെ കുറവുണ്ടാകാനുള്ള മുഖ്യകാരണം ഈ കീടങ്ങളുടെ ബാധയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്ട്‌സ് റിസോഴ്‌സസ് വിഭാഗം തലവന്‍ എ എന്‍ ഷൈലേഷ് വ്യക്തമാക്കി.

പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ ചോളമാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതില്‍ 27 ശതമാനം കുറവുണ്ടായി. അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലും ഗണ്യമായ കുറവുണ്ടായി. കാര്‍ഷിക മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ഫുഡ് ആന്റ് ആഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ മോഡി സര്‍ക്കാരിന് കൈമാറിയെങ്കിലും നാളിതുവരെ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ല.

YOU MAY LIKE THIS VIDEO ALSO