27 March 2024, Wednesday

ശ്രീലങ്കയിലെ പുതിയ പ്രധാനമന്ത്രി

Janayugom Webdesk
May 14, 2022 5:00 am

തിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും പ്രക്ഷുബ്ധാവസ്ഥയുടെയും നടുവിലുള്ള ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രിയുണ്ടായിരിക്കുന്നു. ദുരിത ജീവിതംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ തെരുവുകളെ പ്രക്ഷോഭവേദികളാക്കിയിട്ട് ഒന്നരമാസത്തോളമായി. മാര്‍ച്ച് അവസാനമാണ് അസാധാരണമായ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന — ഊര്‍ജ ദൗര്‍ലഭ്യവും ഭക്ഷ്യ — അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും രൂക്ഷമായത്. ഇതേതുടര്‍ന്ന് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങളല്ല, അടിയന്തരാവസ്ഥയും നിശാനിയമവും ഉള്‍പ്പെടെയുള്ള സ്വേച്ഛാധിപത്യ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പെട്രോള്‍ ബങ്കുകള്‍ക്കും കടകള്‍ക്കും മുന്നില്‍ മണിക്കൂറുകളോളം വരിയില്‍ നിന്നാലും കൂടിയ വില നല്കുവാന്‍ തയാറായാലും അവശ്യ വസ്തുക്കള്‍ കിട്ടാനില്ലാത്ത സ്ഥിതി കൂടിയുണ്ടായതോടെയാണ് ജനം പതാകകളും പാര്‍ട്ടികളും പരിഗണിക്കാതെ തെരുവിലിറങ്ങിയത്. ഒരുമാസത്തിലധികമായി പട്ടിണിയുടെയും പലായനത്തിന്റെയും പ്രക്ഷോഭങ്ങളുടെയും വാര്‍ത്തകളാണ് ശ്രീലങ്കയില്‍ നിന്നുള്ളത്. പ്രതിവിധികള്‍ തേടുന്നതിനുപോലും സാധ്യമാകാത്തവിധം സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ധനമന്ത്രിയടക്കം ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും മാറ്റി പ്രതിഷ്ഠിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് പ്രസിഡന്റ് ഗോതബയ രാജപക്സെ തുനിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായങ്ങളും വായ്പകളും ലഭ്യമായി. എന്നാല്‍ അവയ്ക്കൊന്നിനും മറികടക്കാവുന്നതായിരുന്നില്ല ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും. നയപരമല്ലാത്തതും നയതന്ത്രരഹിതവുമായ ഭരണ നടപടികളും ദൂരക്കാഴ്ചയില്ലാത്ത പ്രഖ്യാപനങ്ങളും പുനഃപരിശോധിക്കാതെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് പല കോണുകളില്‍ നിന്നും നിര്‍ദേശങ്ങളുണ്ടായെങ്കിലും ധിക്കാരത്തിന്റെയും കുടുംബവാഴ്ചയുടെയും പ്രതീകങ്ങളായ പ്രസിഡന്റും പ്രധാനമന്ത്രിയും അതിന് സന്നദ്ധമായിരുന്നില്ല.


ഇതുകൂടി വായിക്കൂ: ശ്രീലങ്ക ഇന്ത്യക്കും ലോകത്തിനും നല്‍കുന്ന പാഠം


പ്രക്ഷോഭവുമായി തെരുവുകളിലിറങ്ങിയ ജനങ്ങള്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഭരണാനുകൂല ജനപ്രതിനിധികളുടെ വസതികള്‍ ഉപരോധിച്ച് പ്രതിഷേധം ശക്തമാക്കി. തങ്ങള്‍ക്ക് പുറത്തിറങ്ങുവാനാകുന്നില്ലെന്ന സ്ഥിതി സംജാതമായതോടെ അനുകൂലികളെ രംഗത്തിറക്കി പ്രക്ഷോഭകരെ കായികമായി നേരിടാനാണ് അധികാരികള്‍ തുനിഞ്ഞത്. അത് ഏറ്റുമുട്ടലായി പരിണമിച്ചപ്പോള്‍ എംപി അടക്കം നിരവധി പേര്‍ക്ക് ജീവഹാനി നേരിട്ടു. ഇതോടെ ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങി തുടരാന്‍ ശ്രമിച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്ക് രാജിവച്ചൊഴിയേണ്ടിവരികയായിരുന്നു. തിങ്കളാഴ്ച അദ്ദേഹം രാജിവച്ചുവെങ്കിലും പ്രതിഷേധം രൂക്ഷമാവുകയാണുണ്ടായത്. നിരവധി ജനപ്രതിനിധികളുടെ വസതികള്‍ കത്തിയമര്‍ന്നു. വാഹനങ്ങള്‍ക്കും തീയിട്ടു. കടുംബ വസതിയും സ്വന്തം വസതിയും ഔദ്യോഗിക വസതിയും താമസ യോഗ്യമല്ലാതായതിനെ തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി മഹിന്ദയ്ക്ക് നാവിക താവളത്തില്‍ അഭയം തേടേണ്ടിവന്നു. രാജ്യത്തു നിന്ന് പലായനം ചെയ്തേക്കുമെന്ന സംശയത്തെ തുടര്‍ന്ന് പ്രക്ഷോഭകര്‍ അദ്ദേഹം രക്ഷപ്പെട്ടെത്തിയ ട്രിങ്കോമാലിയിലെ നാവികത്താവളവും വളഞ്ഞുവച്ചു. പ്രാദേശിക കോടതി രാജപക്സെ ഉള്‍പ്പെടെ 16 പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് രാജ്യത്തിന്റെ 26ാമത് പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ നിയോഗിക്കപ്പെട്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ശ്രീലങ്കയില്‍ ആളിപടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം


നാലുതവണയായി എട്ടുവര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയും രണ്ടുതവണയായി 18 വര്‍ഷം പ്രതിപക്ഷനേതാവുമായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 73കാരനായ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായത്. അഭിഭാഷകനില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം നാലര ദശകത്തിലേറെയായി ലോക്‌സഭാംഗവുമാണ്. എങ്കിലും രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് കര കയറ്റുവാന്‍ വിക്രമസിംഗെയ്ക്ക് സാധിക്കുമോയെന്ന കാര്യം കാത്തിരുന്നു കാണണം. വിവിധ ഘട്ടങ്ങളില്‍ എല്‍ടിടിഇയുമായി ചര്‍ച്ചയ്ക്ക് തയാറായതും തമിഴ് വംശീയതയെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതും അതിന്റെ പേരില്‍ പഴികേള്‍ക്കേണ്ടിവന്നതുമൊക്കെ പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹം കൈക്കൊണ്ട നടപടികളുടെ പ്രത്യേകതയായി എടുത്തു പറയാവുന്നതാണ്. പക്ഷേ ഇപ്പോഴത്തെ സാമ്പത്തിക — രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണങ്ങളില്‍ പ്രധാനമായും കുറ്റാരോപിതരായി നില്ക്കുന്നത് രാജപക്സെ കുടുംബ ഭരണാധികാരികളാണെങ്കിലും പ്രധാനമന്ത്രിയായിരുന്ന കാലത്തെ വിക്രമസിംഗെയുടെ നടപടികളും അവഗണിക്കാവുന്നതല്ല. വന്‍ പലിശ നിരക്കില്‍ കടപത്ര വില്പനയിലൂടെ പണം കണ്ടെത്തുന്നിനുള്ള അദ്ദേഹത്തിന്റെ കാലത്തെ തീരുമാനങ്ങളും അതിന് ശ്രീലങ്കന്‍ കേന്ദ്ര ബാങ്കിന്റെ ഗവര്‍ണറായ വ്യക്തിയുടെ അടുത്ത ബന്ധുവിന്റെ കമ്പനിയെ ചുമതലപ്പെടുത്തിയതുമൊക്കെ വന്‍ വിവാദത്തിനും അന്വേഷണത്തിനും മറ്റും ഇടയാക്കിയിരുന്നതുമാണ്. ഈ നടപടി സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന വിമര്‍ശനമുണ്ടായെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നു. ഭരണഘടനാ ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സഭയായ പാര്‍ലമെന്റിനെക്കാളും മന്ത്രിസഭയെക്കാളും അധികാരകേന്ദ്രീകരണം പ്രസിഡന്റിലാണെന്ന പരിമിതിയും അദ്ദേഹത്തിനു മുന്നില്‍ കടമ്പയായിരിക്കുമെന്നതിലും സംശയമില്ല. പ്രസിഡന്റാകട്ടെ അധികാരത്തില്‍ തുടരുന്നുവെന്ന് മാത്രമല്ല ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇതെല്ലാംകൊണ്ടുതന്നെ വിക്രമസിംഗെയുടെ അധികാരാരോഹണം താല്ക്കാലിക പരിഹാരം മാത്രമായിരിക്കുമെന്നാണ് വിലയിരുത്തേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.