ചകിരിച്ചോര്‍ ജൈവവളം ബ്രാന്‍ഡഡ് ഉല്‍പന്നമാക്കാന്‍ പദ്ധതി

Web Desk
Posted on May 17, 2018, 4:01 pm

വൈക്കം: ചകിരിച്ചോര്‍ ജൈവവളം ബ്രാന്‍ഡഡ് ഉല്‍പന്നമാക്കി വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ ഡീഫൈബറിംഗ് യൂണിറ്റ് ആരംഭിച്ച് ജൈവവളം ഓരോ കേന്ദ്രത്തിലും ഉല്‍പാദിപ്പിച്ച് പ്രാദേശികമായി ബ്രാന്‍ഡ് ചെയ്ത് വില്പന നടത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി വൈക്കത്ത് നടത്തി വരുന്ന പദ്ധതിയുടെ അനുബന്ധമായാണ് ചകിരിച്ചോറില്‍ നിന്ന് ജൈവവളം ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കു തുടക്കമാവുന്നത്.

വൈക്കത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് 10 ഡീഫൈബറിംഗ് യൂണിറ്റുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇതില്‍ ആറെണ്ണത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. നാലെണ്ണം ഉടന്‍ ആരംഭിക്കും. വൈക്കത്തെ ആറ് ഡീഫൈബറിംഗ് യൂണിറ്റുകളില്‍ തൊണ്ട് സംഭരിച്ച് ചകിരി ഉല്‍പാദിപ്പിച്ചപ്പോള്‍ ചകിരിച്ചോര്‍ കുന്നുകൂടി. ചകിരിച്ചോര്‍ ആവശ്യപ്പെട്ടു എത്തിയവര്‍ക്ക് സംഘം അധികൃതര്‍ കിലോഗ്രാമിന് ഒന്നര രൂപയ്ക്കും രണ്ടു രൂപയ്ക്കുമാണ് ചകിരിച്ചോര്‍ വിറ്റത്.

കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ മന്ത്രി തോമസ് ഐസക്കിനെ ഇക്കാര്യം ധരിപ്പിച്ചതോടെയാണ് ചകിരിച്ചോര്‍ ജൈവവളമാക്കി വിപണനം ചെയ്യാനുള്ള പദ്ധതി തയാറാക്കിയത്. ചകിരിച്ചോര്‍ സംസ്‌കരിച്ച് ജൈവവളമാക്കുമ്പോള്‍ കിലോഗ്രാമിന് 10 രൂപ വരെ വില ലഭിക്കും. കയര്‍ സംഘങ്ങള്‍ക്ക് ജൈവവള വിപണനം അധിക വരുമാനവും നേടിക്കൊടുക്കും. ചകിരിച്ചോറിന് മറ്റു വസ്തുക്കളേക്കാര്‍ ജലം സംഭരിക്കാന്‍ എട്ടുമടങ്ങ് ശേഷിയുണ്ട്. ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ചകിരിച്ചോര്‍ വളം കൃഷിക്കുപയോഗിച്ചാല്‍ ദിവസേനയുള്ള നന ഒഴിവാക്കാനാകും. ചകിരിച്ചോറില്‍ നീറ്റുകക്ക, യൂറിയ, പിത്ത് ഗോള്‍ഡ് തുടങ്ങിയവ ചേര്‍ത്താണ് കമ്പോസ്റ്റിംഗ് ബെഡ് നിര്‍മിക്കുന്നത്. പത്തു അടുക്കുകളായി നിരത്തിയ ചകിരിച്ചോര്‍ മിശ്രിതം ഒന്നിട വിട്ട ദിവസങ്ങളില്‍ വെള്ളം തളിച്ചു കൊടുത്തു ഒരു മാസത്തിനു ശേഷം നന്നായി ഇളക്കി ചാക്കിലാക്കിയാണ് വിപണനത്തിനു തയ്യാറാക്കുന്നത്.

കയര്‍ഫെഡും കയര്‍ കോര്‍പ്പറേഷനും ചകിരിച്ചോര്‍ ജൈവവളമാക്കുന്നുണ്ട്. കയര്‍ സംഘം ചകിരിച്ചോറില്‍ നിന്നു ജൈവവളമുണ്ടാക്കി പ്രാദേശികാടിസ്ഥാനത്തില്‍ ബ്രാന്‍ഡഡ് ഉല്‍പന്നമാക്കി വില്‍ക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമാണെന്ന് നാഷണല്‍ കയര്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ ആര്‍ അനില്‍ പറഞ്ഞു. ഒരു വര്‍ഷം കേരളത്തില്‍ 600 കോടി നാളികേരമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 150 കോടി നാളികേരത്തിന്‍റെ തൊണ്ട് സംഭരിക്കാനായാല്‍ കേരളത്തില്‍ കയര്‍ വ്യവസായം സുഗമമായി നടത്താനാകും. അക്കരപ്പാടം കയര്‍ സഹകരണ സംഘത്തില്‍ ഇന്ന് ആറു സംഘങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് വളം നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയത്. പരിശീലന പരിപാടിക്ക് ഡോ. കെ ആര്‍ അനില്‍, വൈക്കം കയര്‍ പ്രോജക്ട് ഓഫീസര്‍ സുധാ വര്‍മ്മ, കയര്‍ സംഘം പ്രസിഡന്റുമാരായ പി നന്ദകുമാര്‍, കെ എസ് വേണുഗോപാല്‍, കയര്‍ അപ്പക്‌സ് ബോര്‍ഡംഗം കെ ബി രമ, എം സുമേഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.