Monday
18 Feb 2019

പ്രളയകാലത്തിന്റെ ഞെട്ടലില്‍ നിന്നകലാത്ത കുട്ടികള്‍ക്കായി യൂനിസെഫിന്റെ പുത്തന്‍ പദ്ധതി

By: Web Desk | Friday 12 October 2018 9:20 AM IST

സുരേഷ് എടപ്പാള്‍
മലപ്പുറം: സംസ്ഥാനത്തെ കടുത്ത ഭീതിയിലാഴ്ത്തിയ വന്‍പ്രളയത്തിനു ശേഷം രണ്ട് മാസത്തോളമായിട്ടും ദുരന്തബാധിത സ്ഥലങ്ങളിലെ കുട്ടികള്‍ മാനസിക-ശാരീരിക പ്രശ്‌നങ്ങളില്‍ നിന്ന് മോചിതരായിട്ടില്ലെന്ന് കണ്ടെത്തല്‍. രണ്ടരലക്ഷത്തോളം കുട്ടികളാണ് കേരളത്തെ തകര്‍ത്ത പ്രളയത്തിന്റെ ഇരകളായതെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും ദുരിതമുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് ഇപ്പോഴും പൂര്‍ണ്ണമായും മോചിതരായിട്ടില്ല. പലരുടേയും സ്‌കൂള്‍ പഠനം പൂര്‍വ്വസ്ഥിതിയില്‍ എത്തിയിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദ്ദം ഈ കുട്ടികള്‍ അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെല്‍ഡ് ലൈനും യുനിസെഫും പോലുള്ള ഈ മേഖലയില്‍ ശക്തമായി ഇടപെടുന്ന സംഘടനകള്‍ ഇതുസംന്ധിച്ച് വിദഗ്ധപഠനം നടത്തിവരികയാണ്.

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ നിന്ന് ഇനിയും പ്രളയദിനങ്ങള്‍ ഉണ്ടാക്കിയ ഭീതി ഒഴിഞ്ഞിട്ടില്ലെന്നാണ് അവരുമായി നിരന്തമായ ഇടപഴകുന്ന അധ്യാപകരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നത്. വീടും സൗകര്യങ്ങളും ഇല്ലാതായതിനു പുറമേ സ്‌കുളുകള്‍ തകര്‍ന്നതും പഠനസാമഗ്രികള്‍ എല്ലാം നഷ്ടമായതും കുട്ടികളെ വല്ലാതെ അലട്ടുന്നു. കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് കാര്യമായ ഇടപെടല്‍ നടത്തിയെങ്കിലും പഴയ ഊര്‍ജ്ജ്വസ്വലതയിലേക്ക് എത്താന്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കായിട്ടില്ല. ഇത്തരം കുട്ടികള്‍ അനുഭവിക്കുന്ന മാനസിക -ശാരീരിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ യൂനിസെഫിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ വിപുലമായ ബാലസംരക്ഷണ സംവിധാനങ്ങളുടെ ശാക്തീകരണ പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

രൂക്ഷമായ പ്രളയക്കെടുതി അനുഭവപ്പെട്ട ആലപ്പുഴ, പത്തനംതിട്ട എന്നിവടങ്ങളുള്‍പ്പെടെ എട്ട് ജില്ലകളിലാണ് പദ്ധതി. സംസ്ഥാനത്തെ പ്രളയബാധിതമായ മുഴുവന്‍ പഞ്ചായത്തുകളിലും ഡിസംബര്‍ 15 വരെ നീളുന്നതായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍. അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കുമുമ്പേ കുട്ടികളെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുക എന്നു കൂടി ശാക്തീകരണ ദൗത്യം ലക്ഷ്യമാക്കുന്നുണ്ട്. ബാലസംരക്ഷ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ ശ്രദ്ധ ഉറപ്പുവരുത്തുക, പഞ്ചായത്ത് തല ബാലസംരക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, ജനങ്ങളില്‍ ബാലസംരക്ഷണ ബോധം വളര്‍ത്തുക, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുക, കുട്ടികള്‍ക്കിടയില്‍ ശാരീരികവും മാനസികപരവുമായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക, അതിക്രമങ്ങള്‍ക്കിരയാവുന്നതില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

ബാലസംരക്ഷ സംവിധാനങ്ങളുടെ ശാക്തീകരണത്തോടെ ബാലസഭകളെ സജീവമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികളുമായി നേരിട്ടോ പരോക്ഷമായോ ഇടപെടുന്ന സംവിധാനങ്ങള്‍ക്ക് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ബാലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. അംഗനവാടികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, ആശാ പ്രവര്‍ത്തകര്‍, പാരാലീഗല്‍ പ്രവര്‍ത്തകര്‍, ക്ലബുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പരിശീലനം നല്‍കുക. കുട്ടികള്‍ക്കായി കലാകായിക ക്യാമ്പുകള്‍, ബോധവത്ക്കരണ ക്ലാസുകള്‍, ക്യാമ്പുകള്‍ എന്നിവയുമൊരുക്കും. കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ സ്‌കൂളുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അതത് പഞ്ചായത്തുകളിലെ കുട്ടികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍, സാമൂഹ്യബോധമുള്ള കലാകാരന്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ചുമര്‍ചിത്രങ്ങളും വരയ്ക്കും. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കാണാനാകുന്ന വിധത്തില്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1098 നമ്പറും പ്രദര്‍ശിപ്പിക്കും. ഇക്കാര്യത്തില്‍ നഗരസഭാ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സഹകരണം ഉറപ്പാക്കും. വിദ്യാഭ്യാസവകുപ്പ്, ബംഗ്‌ളൂരു നിംഹാന്‍സ്, കേരളപോലീസ്, ബാലവാശകമ്മീഷന്‍, ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റ്, കുടുംബശ്രീ, കുട്ടികളുടെ ക്ഷേമത്തിന്നായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ എന്നിവരുമായെല്ലാം ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. ദുരന്തനിരവാരണം പാഠ്യവിഷയമാക്കല്‍, നീന്തല്‍ പരീശീലനം നിര്‍ബന്ധമാക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ നിര്‍ദ്ദേശം മുന്നോട്ടു വക്കുന്നു.

Related News