മത്സ്യത്തൊഴിലാളി സംരക്ഷണ പദ്ധതിയിലെ പുതിയ അധ്യായം സ്‌കൂള്‍ വരാന്തകളില്‍ നിന്ന് സ്വപ്‌നഭവനങ്ങളിലേക്ക്

Web Desk
Posted on October 30, 2018, 11:05 pm

ജെ മേഴ്‌സിക്കുട്ടി അമ്മ
(ഫിഷറീസ് വകുപ്പ് മന്ത്രി)

മലയാളക്കരയുടെ സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ 2016 മേയ് 25‑ന് അധികാരത്തിലേറിയത്. പുതിയ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ നിരവധി പ്രശ്‌നങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം വാര്‍ത്താ മാധ്യമങ്ങള്‍ മത്സരത്തോടെ നടത്തുന്ന സമയം. മന്ത്രിമാരുടെ പോര്‍ട്ട്-ഫോളിയോ നിശ്ചയിച്ച് ക്യാബിനുകളില്‍ എത്തിയ മന്ത്രിമാര്‍ക്ക് മുമ്പാകെ നിരവധി പ്രശ്‌നങ്ങളുമായി ജനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും എത്തിയിരുന്ന ദിനങ്ങളായിരുന്നു അവ.
അപ്പോഴാണ് വലിയതുറയിലെ സ്‌കൂള്‍ വരാന്തയില്‍ നാല് വര്‍ഷക്കാലമായി താമസിച്ചുവരുന്ന 13 കുടുംബങ്ങളുടെ ദുരിത ജീവിതം ദൃശ്യമാധ്യമത്തില്‍ വളരെ പ്രാധാന്യത്തോടു കൂടി പ്രക്ഷേപണം ചെയ്തത്. ഫിഷറീസ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള ഏതൊരാളിന്റെയും ശ്രദ്ധ പിടിച്ചുപറ്റുന്ന വാര്‍ത്തയായിരുന്നു അത്.
സ്‌കൂള്‍ വരാന്തയില്‍ താമസിക്കുന്ന 13 കുടുംബങ്ങളില്‍ പലരുടെയും ദുഃഖങ്ങളും ആശങ്കകളും സ്വപ്‌നങ്ങളും വളരെ പ്രാധാന്യത്തോടുകൂടിയാണ് ചാനലില്‍ വന്നുകൊണ്ടിരുന്നത്. നാല് വര്‍ഷമായി സ്‌കൂള്‍ വരാന്തയില്‍ കാറ്റത്തും മഴയത്തും വെയിലത്തും താമസിച്ചിരുന്ന അവരുടെ സങ്കടങ്ങള്‍ക്ക് എങ്ങിനെ പരിഹാരം കാണണമെന്നുള്ള ചിന്ത എന്റെ മനസില്‍ ഉറച്ചു.
ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയോ പരിഹരിക്കപ്പെടാതെ പോകുന്ന ഒരു സാധാരണ സംഭവമായി അതിനെ കാണുവാന്‍ എനിക്ക് കഴിഞ്ഞില്ല. അവിടെ താമസിച്ചിരുന്ന സ്ത്രീകളുടെ കണ്ണീരും സങ്കടങ്ങളും എന്റെ മനസ്സിനെ വല്ലാതെ അലട്ടി.
അവരെ കാണുവാന്‍ തന്നെ ഞാന്‍ ഉറച്ചു. വലിയതുറ സ്‌കൂളിലേക്ക് പോകാന്‍ തീരുമാനിച്ചു. മന്ത്രി അവിടെ പോകരുത് എന്നും അവരെ കാണരുത് എന്നും അവര്‍ രോഷാകുലരാണ് എന്നും മന്ത്രിയുടെ ആഗമനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അടുത്തും അകലെയും നിന്നുമുള്ള പല കോണുകളില്‍ നിന്നും അഭിപ്രായമുണ്ടായി.
അവരെ കാണാതെ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയാതെ ഒരു ശാശ്വത പരിഹാരം കണ്ടെത്താനാകില്ലെന്ന് എനിക്ക് അറിയാമായിരുന്നു. രണ്ടും കല്‍പിച്ച് ഞാന്‍ വലിയതുറ സ്‌കൂളില്‍ എത്തി.
പ്രതീക്ഷിച്ചതുപോലെ രോഷാകുലരായിരുന്നു അവരില്‍ പലരും. നാല് നാലര വര്‍ഷമായുള്ള ജീവിതത്തിലെ നരകയാതനയാണ് സ്വാഭാവികമായും അവരെ രോഷത്തിലാക്കിയത് എന്ന് എനിക്ക് അറിയാമായിരുന്നു. അവരെല്ലാം തന്നെ ഉറക്കെ സംസാരിക്കുകയായിരുന്നു. നാലര വര്‍ഷമായി പറഞ്ഞുപറ്റിച്ചതിന്റെയും തിരിഞ്ഞു നോക്കാത്തതിന്റെയും ദേഷ്യമായിരുന്നു അവരുടെ വാക്കുകളില്‍.
ഞാന്‍ വളരെ ശാന്തമായി നമുക്ക് ഒരുമിച്ചിരുന്നു സംസാരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് പറഞ്ഞു. അവരുടെ ദേഷ്യം നിറഞ്ഞ വാക്കുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശക്തി കുറഞ്ഞു. അവര്‍ ശാന്തരായി സംസാരിക്കാന്‍ ആരംഭിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ എന്നോട് പങ്കിട്ടു.
അവരുടെ രോഷവും ദേഷ്യവും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനോടായിരുന്നു.
അധികാരത്തില്‍ വന്നിട്ട് ദിവസങ്ങള്‍ മാത്രമായ പുതിയ സര്‍ക്കാരില്‍ നിന്നും വളരെയൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് അവരുടെ വാക്കുകള്‍ വെളിവാക്കി. പുതിയ സര്‍ക്കാരിനെ പഴയ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി കാണണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. നിങ്ങളെ പുനരധിവസിപ്പിക്കാനുള്ള എല്ലാ നടപടികളും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അവരോട് വ്യക്തമാക്കിയെങ്കിലും അവര്‍ മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍ണമായും അത് ഉള്‍ക്കൊണ്ടില്ല. ഇത്തരത്തിലുള്ള നിറവേറ്റാതെ പോയ നിരവധി വാഗ്ദാനങ്ങള്‍ കേട്ടതിന്റെ മരവിപ്പു മാത്രമായിരുന്നു ആ മുഖങ്ങളില്‍.
വീട് വച്ച് തരാമെന്നും മാറ്റി പാര്‍പ്പിക്കാം എന്നും പറഞ്ഞ് പലരും വന്നുപോയകാര്യം അവര്‍ ചുണ്ടിക്കാട്ടി. അവരില്‍ നിന്നും വ്യത്യസ്തമായ ഒന്നും തന്നെ അവര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും അവരുമായിട്ടുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ അവരോടുള്ള താല്‍പര്യം മനസിലാക്കാന്‍ ചിലരെങ്കിലും മുന്നോട്ട് വന്നു. വീട് വച്ച് മാറണമെന്നാണ് ബഹുഭുരിപക്ഷത്തിന്റെയും ആവശ്യം. സ്ഥലം വാങ്ങി വീട് വയ്ക്കുവാനുള്ള പദ്ധതി പ്രകാരം 10 ലക്ഷം രൂപ നല്‍കാമെന്നും അവര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും അപ്പോള്‍ അത് കണക്കിലെടുക്കാന്‍ അവര്‍ തയ്യാറായില്ല. ഫഌറ്റിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ഒരുരീതിയിലും അംഗീകരിക്കാനാവാത്ത പ്രതികരണമാണ് ഉണ്ടായത്.
1987‑ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കൊല്ലം ജില്ലയില്‍ മുഹമ്മദന്‍ സ്‌കൂളിലെ ക്യാമ്പില്‍ കഴിഞ്ഞ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിച്ച കാര്യം ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തിനുള്ള ഉദാഹരണമായി ഞാന്‍ പറഞ്ഞത് കുറച്ച് പേരെങ്കിലും അംഗീകരിക്കുകയുണ്ടായി. ഒരു ചെറിയ വിശ്വാസം സര്‍ക്കാരിന് അനുകൂലമായി സൃഷ്ടിക്കാന്‍ കഴിഞ്ഞതായി തോന്നി. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം സാധ്യമാക്കാമെന്ന് ഞാന്‍ അവര്‍ക്ക് വാക്ക് നല്‍കി. ഫഌറ്റ് നിര്‍മാണം ഒരിക്കലും നടക്കാത്ത പദ്ധതിയാകുമെന്ന് അപ്പോഴും അവര്‍ വിശ്വസിച്ചു.
കടല്‍ക്ഷോഭവും അതിന്റെ ഭാഗമായി തീരവും, തൊഴിലാളികളുടെ വീടും നഷ്ടപ്പെടുന്നത് ഒരു തുടര്‍ പ്രക്രിയയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്ന് എനിക്ക് തോന്നി. അതിന് നയപരമായ ഒരു തീരുമാനം വേണ്ടതുണ്ട്. 50 മീറ്ററിനകത്ത് നിന്ന് തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുക. അതിനനുസരിച്ച് ഒരു പദ്ധതി ഉണ്ടാക്കുക. വീണ്ടും കടല്‍ തീരത്ത് തന്നെ വീടു വയ്ക്കുന്ന പ്രവണത ഒഴിവാക്കാന്‍ ഒരു ഗ്രീന്‍ കോറിഡോര്‍ (തീരദേശപാത) കൂടി ചേരുന്ന ഒരു പദ്ധതി തയാറാക്കുക. ഇത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം അത് സമ്മതിച്ചു. തീരദേശ റോഡ് പിഡബ്ല്യുഡി ചെയ്യട്ടെ എന്നും പുനരധിവാസം ഫിഷറീസ് വകുപ്പ് ചെയ്യാനും തീരുമാനമായി.
അങ്ങനെ കടല്‍ത്തീരത്ത് നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കാന്‍ നയപരമായ ഒരു തീരമാനം ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഉണ്ടായി.
10 ലക്ഷം രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിന് മുന്നോട്ടു വന്ന പലര്‍ക്കും സ്ഥലം വേഗം ലഭ്യമാക്കുന്നതിനായി ക്യാബിനറ്റ് തീരുമാന പ്രകാരം സ്ഥലത്തിന് വില നിര്‍ണയിക്കാനുള്ള അധികാരം ജില്ല കളക്ടര്‍മാര്‍ക്ക് നല്‍കി. പദ്ധതി വളരെ വേഗം നടപ്പക്കാനുള്ള നടപടികള്‍ എല്ലാ തീരദേശ ജില്ലകളിലും ആരംഭിച്ചു.
വലിയതുറ സ്‌കൂളിലെ പുനരധിവാസ കണക്കുകളില്‍ നിന്ന് 192 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരുമെന്ന് കണ്ടെത്തി. ഇതിനായി മുന്‍ സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുട്ടത്തറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഏരിയായില്‍ നിന്ന് മൂന്നര ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയത്.
എന്നാല്‍ ഈ സ്ഥലം ഫിഷറീസ് വകുപ്പിന് നല്‍കുന്നതിനോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു നടപടിയും മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല.
ക്ഷീരവികസന വകുപ്പിന്റെ സ്ഥലം നല്‍കുന്നതിനു പകരമായി വകുപ്പ് അവിടെ നടത്തിവന്നിരുന്ന സ്വിവേജ് ഫാമിലെ പുല്‍കൃഷി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒന്‍പത് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നമെന്ന ആവശ്യം ഫിഷറീസ് വകുപ്പ് അംഗീകരിച്ചു.
വനം-ക്ഷീരവികസന വകുപ്പ് മന്ത്രി രാജുവുമായി നിരവധി യോഗങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഫിഷറീസ് വകുപ്പ് ക്ഷീരവികസന വകുപ്പിലെ 7 ജീവനക്കാര്‍ക്ക് ജോലി നല്‍കാം എന്ന് ഉറപ്പ് നല്‍കുകയും എഴ് പേര്‍ക്കും ഫിഷറീസ് വകുപ്പില്‍ ജോലി നല്‍കുകയും ചെയ്തു.
സ്വിവേജ് ഫാമിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് ചേര്‍ന്നുള്ള പിറകുവശത്തെ സ്ഥലമാണ് ഫഌറ്റിനായി നല്‍കാന്‍ ക്ഷീരവികസന വകുപ്പ് തീരുമാനിച്ചത്. ഭാവിയില്‍ ഇത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുള്ളതിനാല്‍ റോഡിനോട് ചേര്‍ന്നുള്ള മുന്‍വശത്തെ സ്ഥലം ക്ഷീരവികസന വകുപ്പിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ചകളുടെ ഭാഗമായി ആ സ്ഥലം തന്നെ ഫഌറ്റ് നിര്‍മാണത്തിനായി ലഭിച്ചു.
അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയതിന് ക്ഷീരവികസന വകുപ്പിനോടും അതിന്റെ മന്ത്രിയായ രാജുവിനോടും അഗാധമായ നന്ദി രേഖപ്പെടുത്തേണ്ട സമയം കൂടിയാണ് ഇത്.
സമയപരിധിക്കുള്ളിലും, ഗുണനിലവാരം ഉറപ്പാക്കിയും, അഴിമതിയുടെ കറ പുരളാതെയും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ മുട്ടത്തറയിലെ ഫഌറ്റ് നിര്‍മ്മാണം ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഏല്‍പിക്കുന്നതിന് കാരണമായി . സംസ്ഥാന മന്ത്രിസഭയുടെ അനുമതിയോടു കൂടി 2016 ഡിസംബറില്‍ അവരെ ഏല്‍പ്പിച്ച ഫഌറ്റുകളുടെ നിര്‍മാണം 2017 നവംബറോടു കൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ഫഌറ്റ് നിവാസികള്‍ക്ക് ആവശ്യമായ വൈദ്യൂതീകരണ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളം സജ്ജമാക്കാല്‍, ചുറ്റുമതില്‍ നിര്‍മാണം, ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണം എന്നീ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു.
വിവിധ വകുപ്പുകളുടെ ഏകീകരണം ആവശ്യമായ ഈ പ്രവര്‍ത്തനം സമയബന്ധിതമായി തീര്‍ക്കുന്നതിലുണ്ടായ നിരവധി പ്രശ്‌നങ്ങളും, കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ പെയ്ത തുടര്‍ച്ചയായ മഴയും പ്രളയവും ഫഌറ്റ് പൂര്‍ണമായി നിര്‍മിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ കൈകളില്‍ എത്തിക്കാന്‍ കാലതാമസം സൃഷ്ടിച്ചു.
മുട്ടത്തറ വില്ലേജിലെ മൂന്നര ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് ഫഌറ്റുകള്‍ അടങ്ങിയ 24 ബ്ലോക്കുകളായാണ് ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. മുകളിലും താഴെയുമായി നാല് ഫഌറ്റുകളാണ് ഒരു യൂണിറ്റിലുള്ളത്.
ഒരോ ഫഌറ്റിലും ഒരു ഹാള്‍, രണ്ടു കിടപ്പുമുറികള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവയും മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫഌറ്റ് സമുച്ചയത്തിന് ചുറ്റുമതില്‍, തറയോട് പാകിയ പൊതുസ്ഥലം, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകള്‍, യാര്‍ഡ് ലൈറ്റിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിയും അതിന്റെ ഉദ്യോഗസ്ഥരും, പ്രോജക്ടിന് നേതൃത്വം നല്‍കിയ സംസ്ഥാന കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും ഫിഷറീസ് വകുപ്പിനുമാണ് ഇതിനുള്ള ക്രഡിറ്റ് നല്‍കേണ്ടത്.
ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായുള്ള ചെറുവീടുകളിലാണ് താമസിച്ചു വരുന്നത്. വലിയൊരു വിഭാഗത്തിനും സ്വന്തമായി സ്ഥലമോ, വീടോ ഇല്ല. തീരദേശ ഗ്രാമങ്ങളില്‍ എന്‍ഐആര്‍ഡി നടത്തിയ സര്‍വ്വേയില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചു.
സ്വന്തമായി സ്ഥലമുള്ള മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതികള്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നുണ്ട്. എന്നിരുന്നാലും എല്ലാ ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്കും വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല. അതിനാലാണ് ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത മേഖലയില്‍ സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളി പാര്‍പ്പിട പുനരധിവാസ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ആരംഭം കുറിച്ചിട്ടുള്ളത്.
സംസ്ഥാന ജനസംഖ്യയില്‍ 10.18 ലക്ഷം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാമൂഹ്യ‑സുരക്ഷിത‑ആശ്വാസ പദ്ധതികള്‍ക്ക് ആക്കം കൂട്ടുന്നതായിരിക്കും മുട്ടത്തറയില്‍ ഫഌറ്റ് നിര്‍മാണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
നിരവധി കടമ്പകള്‍ കടന്നും മുട്ടത്തറയിലെ ഫഌറ്റ് നിര്‍മാണ പൂര്‍ത്തീകരണത്തിലൂടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള മറ്റൊരു വാഗ്ദാനം കൂടി സാക്ഷാത്കരിക്കുകയാണ്.
ഒക്‌ടോബര്‍ 31‑ന് വൈകീട്ട് 4.00 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫഌറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ എളിയ പ്രവര്‍ത്തനത്തിന്റെ സാക്ഷാത്കാര വേളയില്‍ അതിന്റെ ഭാഗമാകാന്‍ ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.