സിന്ധു നദിയില്‍ പുതിയ പദ്ധതികളുമായി ഇന്ത്യ

Web Desk
Posted on November 25, 2018, 10:48 pm

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.  ഷാപൂര്‍ കാണ്ഡി അണക്കെട്ട്, ജമ്മു കശ്മീരിലെ ഊജ്ജ് അണക്കെട്ട്, പഞ്ചാബിലെ സത്‌ലജ് ബിയാസ് നദികള്‍ തമ്മിലുള്ള ബന്ധിപ്പിക്കല്‍ എന്നിവയാണ് അതിവേഗം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് പദ്ധതികളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് വൈകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരിലെ കഠ്‌വ ജില്ലയില്‍ രവി നദിക്ക് കുറുകേ നിര്‍മ്മിക്കുന്ന ഊജ്ജ് അണക്കെട്ട് വൈദ്യുതോത്പാദനത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ജലസേചനത്തിനാണ് ഷാപൂര്‍ കാണ്ഡി അണക്കെട്ട് പ്രാധാന്യം നല്‍കുന്നത്.  സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യാപാകിസ്ഥാന്‍ കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതും, ചെനാബ്, ഝലം, സിന്ധു നദികളിലെ ജലം പാകിസ്ഥാന് അനുവദിക്കപ്പെട്ടതുമാണ്. ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ട ജലത്തിന്റെ 94 ശതമാനത്തോളം രാജ്യത്ത് ഉപയോഗിക്കുകയും ബാക്കി പാകിസ്ഥാനിലേക്ക് ഒഴുകുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം 2016 സെപ്റ്റംബറിലെ ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ പലപ്പോഴായി സിന്ധു നദീജല കരാര്‍ ഉപയോഗിച്ച് പാകിസ്ഥാനുമേല്‍ സമ്മര്‍ദമേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കമെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു.