റീബില്‍ഡ് കേരള: ഗതാഗതമേഖലയില്‍ വിപുല പദ്ധതികള്‍

Web Desk
Posted on July 20, 2019, 10:48 pm

തിരുവനന്തപുരം: റീബില്‍ഡ് കേരളയില്‍ വിപുലമായ പദ്ധതികള്‍ ഗതാഗത മേഖലയില്‍ ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ വിവിധ മേഖലകളില്‍ ഗ്രീന്‍ബസ് കോറിഡോറുകള്‍ സ്ഥാപിക്കുന്നത് സജീവ പരിഗണനയില്‍. കാര്‍ബണ്‍ ന്യൂട്രല്‍ ശബരിമല പദ്ധതിയുടെ ഭാഗമായി 19 കിലോമീറ്ററിലും പൂത്തോട്ട, അങ്കമാലി റൂട്ടില്‍ 48 കിലോമീറ്ററിലും ഇ ബസ് കോറിഡോര്‍ ആക്കുകയാണ് ലക്ഷ്യം. മുനമ്പം, ഗോശ്രീ റൂട്ടിലും ഇ ബസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.

കേരള ലോജിസ്റ്റിക്‌സ് പോര്‍ട്ട് ലിമിറ്റഡ്, കളമശേരിയില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പോര്‍ട്ട്, തോപ്പുംപടിക്കും ഗോശ്രീയ്ക്കുമിടയില്‍ പുതുതലമുറ ട്രാം തുടങ്ങിയ പദ്ധതികളും പരിഗണനയിലാണ്. പുതുതലമുറ ട്രാം പദ്ധതിക്ക് 1,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗതാഗതവകുപ്പിന് കീഴില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ഫണ്ട് രൂപീകരിക്കാനും ആലോചനയുണ്ട്. സംസ്ഥാന മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ നടപ്പാക്കുന്നതും നാല് എയര്‍പോര്‍ട്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കുന്നതും പരിഗണനയിലാണ്.