സ്വന്തം ലേഖിക

 തിരുവനന്തപുരം

February 09, 2020, 9:10 pm

കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി പുതുപദ്ധതികൾ; പ്രതിദിനം 10 കോടി ലിറ്റർ ഉൽപ്പാദന ശേഷി ലക്ഷ്യം

Janayugom Online
.water- janayugam

സംസ്ഥാനത്തിന്റെ കുടിവെള്ള ക്ഷാമം ഗണ്യമായി പരിഹരിക്കാൻ പദ്ധതികൾ ഒരുങ്ങുന്നു. 8523 കോടി രൂപയുടെ 1891 കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ തന്നെ ഇത്രയേറെ പദ്ധതികൾ ഒരുമിച്ച് നടപ്പാക്കുന്നത് ഇതാദ്യമാണ്. കിഫ്ബിയിൽ നിന്നും 4384 കോടി രൂപയുടെ 61 പ്രവൃത്തികൾ, അമൃതിൽ നിന്നും 1254 കോടി രൂപയുടെ 283 പ്രവൃത്തികൾ, സംസ്ഥാന പദ്ധതിയിൽ നിന്നും 1562 കോടി രൂപയുടെ 1448 പ്രവൃത്തികൾ, നബാർഡിൽ നിന്നും 736 കോടി രൂപയുടെ 39 പ്രവൃത്തികൾ, കേന്ദ്രാവിഷ്കൃത കുടിവെള്ള പദ്ധതിയിൽ നിന്നും 620 കോടിരൂപയുടെ 52 പ്രവൃത്തികൾ ഇങ്ങനെ വിവിധ പദ്ധതികളിലൂടെ ഏതാണ്ട് 10 കോടി ലിറ്റർ പ്രതിദിന ഉൽപ്പാദനശേഷി കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

പ്രളയകാലത്ത് ഉല്പാദനശേഷിയുടെ 52 ശതമാനം പ്രവർത്തനരഹിതമായത് രണ്ടാഴ്ചകൊണ്ട് പുനഃസ്ഥാപിക്കുന്നതിനും ശബരിമലയിലെ കുടിവെള്ള മാലിന്യസംസ്കരണം ഉറപ്പുവരുത്തുന്നതിനും സാധിച്ചു. ഇതേ കാര്യക്ഷമത നിലവിലെ പദ്ധതികളിലും ഉണ്ടായാൽ സമയബന്ധിതമായി പൂർത്തീകരിക്കുവാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയുമെന്നാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല ഈ പദ്ധതികളിലെ മൂന്നിലൊന്ന് നിലവിലുള്ള വിതരണ പൈപ്പുകൾ മാറ്റിയിടുന്നതിനാണ്. ഇതുവഴി വിതരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ഒരു യൂണിറ്റ് വെള്ളത്തിന്റെ ചെലവ് താഴ്ത്തുന്നതിനും കഴിയും. ഇന്ന് ഒരു ലിറ്റർ വെള്ളത്തിന്റെ ശരാശരി ചെലവ് 23.72 രൂപയാണ്. വെള്ളത്തിന് ഈടാക്കുന്ന ശരാശരി വിലയാകട്ടെ 9.5 രൂപയും. ഈ വിടവ് കുറയ്ക്കേണ്ടതുണ്ട്. ഇതാണ് വാട്ടർ അതോറിറ്റി ലക്ഷ്യമിടുന്നത്. മാത്രമല്ല 2020–21ൽ വാട്ടർ അതോറിറ്റിയുടെ കുപ്പിവെള്ളം വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുകയും ചെയ്യും.

വാട്ടർ അതോറിറ്റിക്ക് 675 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര പദ്ധതികളിൽ നിന്ന് 400 കോടി രൂപകൂടി ലഭ്യമാകും. അരുവിക്കര കുപ്പിവെള്ള പദ്ധതി പൂർത്തീകരിക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതി വൈകുന്ന പശ്ചാത്തലത്തിൽ പഴയ സ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി വരൾച്ച നേരിടുന്നതിനുള്ള അടിയന്തിര പദ്ധതിയുടെ ഭാഗമായി നാല് കോടി രൂപ അധികമായി അനുവദിക്കുകയും ചെയ്തു. ഇത്തരത്തിൽ വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ സംസ്ഥാനത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് ശ്രമം.

you may also like this video;