ഐസ്‌ക്രീം കേസ്; മൊഴിമാറ്റാന്‍ പണം ലഭിച്ചുവെന്ന് ഇരയായ സ്ത്രീ

Web Desk
Posted on January 05, 2019, 6:18 pm

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ പോലീസില്‍ മൊഴിമാറ്റി പറയുന്നതിന് പണം ലഭിച്ചുവെന്ന് ഇരയായ സ്ത്രീ .ഒരു ലക്ഷം രൂപ പണമായും സഹകരണ ബാങ്കില്‍ ഈടായി നല്‍കി വായ്പയെടുത്ത വീടിന്റെ ആധാരം അഞ്ച് ലക്ഷം രൂപനല്‍കി എടുപ്പിച്ചു നല്‍കിയെന്നും ഇവര്‍ വ്യക്തമാക്കി. ഈ കേസില്‍ രണ്ടാമത് അന്വേഷണം വന്നപ്പോള്‍ ആരോപണ വിധേയനായ മുന്‍മന്ത്രിയുടെ ബന്ധു റൗഫ് പണം നല്‍കി മൊഴി മാറ്റി പറയിക്കുകയായിരുന്നെന്നാണ് ഇരയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍. സത്യാവസ്ഥ തുറന്നുപറയുമെന്നും കേസില്‍ വീണ്ടും അന്വേഷണം വേണമെന്നും ഇവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കേസ് നടത്താനാണ് തീരുമാനം. എന്നാല്‍ വക്കീല്‍ ആരാണെന്നു ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നിരവധി സ്ത്രീകള്‍ കേസില്‍ ഇരയാണ്. ശ്രീദേവി വഴിയാണ് കേസിലേക്ക് താനെത്തിയത്. ഷെരീഫും പലകുറി ഭീഷണിപ്പെടുത്തി. നേരത്തെ കേസ് അന്വഷിച്ച ജെയ്‌സണ്‍ ആദ്യഘട്ടത്തില്‍ സത്യസന്ധമായാണ് മുമ്പോട്ടു പോയതെങ്കിലും പിന്നീട് അദ്ദേഹം എതിരായ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധികൊണ്ടാണ് പ്രതികരിക്കാതിരുന്നത്. കോടതിയില്‍ വിചാരണ തുടങ്ങുന്ന സമയം നുണപരിശോധനക്ക് വിധേയയാകാന്‍ ഒരുക്കമാണെന്നും ഇവര്‍ പറഞ്ഞു.