ഓടുന്ന ട്രെയിനുകളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ റോബോട്ടുകള്‍

Web Desk
Posted on December 28, 2018, 9:31 pm

ന്യൂഡല്‍ഹി: ട്രെയിനുകളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ ഇനി റോബോട്ടുകള്‍. സെന്‍ട്രല്‍ റയില്‍വേയുടെ നാഗ്പുര്‍ ഡിവിഷനു കീഴിലെ മെക്കാനിക്കല്‍ ബ്രാഞ്ചാണ് ട്രെയിനുകളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ നിര്‍മ്മിതബുദ്ധിയുള്ള റോബോട്ടുകളെ വികസിപ്പിച്ചിരിക്കുന്നത്. ഓടുന്ന ട്രെയിനുകളുടെ അടിഭാഗം പരിശോധിച്ച് കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ഭാഗത്തിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് അയക്കുന്ന രീതിയിലാണ് റോബോട്ടുകളുടെ പ്രവര്‍ത്തനം. ഉസ്താദ് എന്നുപേരിട്ട റോബോട്ട് ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വേയറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുക.

ഉയര്‍ന്ന കാര്യക്ഷമതയുള്ള ‘ഹൈ ഡെഫനിഷന്‍’ കാമറകളുടെ സഹായത്തോടെ എടുക്കുന്ന വീഡിയോ ചിത്രങ്ങള്‍ വൈഫൈ ഉപയോഗിച്ചാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയക്കുക. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ വലിയ സ്‌ക്രീനില്‍ പരിശോധിച്ചാണ് എന്‍ജിനീയര്‍മാര്‍ തകരാറുകള്‍ സ്ഥിരീകരിക്കുന്നത്.

മനുഷ്യരുടെ കണ്ണില്‍പ്പെടാത്ത തകരാറുകള്‍വരെ ഇത്തരം കാമറകള്‍ കണ്ടെത്തുമെന്ന് സെന്‍ട്രല്‍ റയില്‍വേ വക്താവ് സുനില്‍ ഉദാസി പറഞ്ഞു. റോബോട്ട് സംവിധാനം റയില്‍വേയുടെ മറ്റു സോണുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ റയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്)യെ ആധുനികവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും റയില്‍വേ തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി അത്യാധുനിക രഹസ്യ കാമറകളും കമ്പ്യൂട്ടര്‍വല്‍ക്കൃത ഉപകരണങ്ങളും ഡ്രോണുകളും തോക്കുകളും സേനക്ക് ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ക്ക് റയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. സേനക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിവിഷനല്‍,സോണല്‍ തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് അധികാരം നല്‍കി. ഡ്രോണ്‍ കാമറകള്‍, ബാഗേജ് സ്‌കാനറുകള്‍, ഡ്രാഗണ്‍ സര്‍ച്ച് ലൈറ്റുകള്‍, ആധുനിക തോക്കുകള്‍, രഹസ്യ കാമറകള്‍, ശബ്ദം രേഖപ്പെടുത്തുന്ന ഉപകരണങ്ങള്‍, രാത്രിയില്‍ കാഴ്ചനല്‍കുന്ന ഉപകരണങ്ങള്‍,ദേഹത്ത് രഹസ്യമായി ഘടിപ്പിക്കാവുന്നക്യാമറകള്‍ തുടങ്ങിയവയാണ് ആധുകനികവല്‍ക്കരണത്തിന്റെ പേരില്‍ സേനയ്ക്കുവേണ്ടി വാങ്ങുക.