സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ ചേരി സജീവമാകുന്നു. ഇസ്ലാമിക മതതീവ്രവാദസംഘടനായ എസ്‌ഡിപിഐയുടെ പിന്തുണ തേടിയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നീക്കത്തിനെതിരെ കോൺഗ്രസിൽ മമറ്റൊരു ചേരി സജീവമാകുന്നു. ചില സാമുദായിക സംഘടനകളുടെ നേതാക്കളുടെ പിന്തുണയോടെയാണ് രമേശ് ചെന്നിത്തല സതീശനെതിരെ പടയൊരുക്കം നടത്തുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ പഴയ എ, ഐഗ്രൂപ്പുകള്‍ ഇല്ലാതായി .
മറ്റ് നേതാക്കളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പുകള്‍. കോൺഗ്രസിന്റെ സംഘടനയിലും പാർലമെന്ററി പാർട്ടിയിലും പൊളിച്ചെഴൂത്തുണ്ടാകുമെന്ന് ചെന്നിത്തല സൂചന നൽകിയതിനെ ഇപ്പോള്‍ കൂട്ടിവായ്ക്കേണ്ടതാണ്. കോൺഗ്രസിൽ കൊള്ളാവുന്ന നേതാവ് ചെന്നിത്തലയാണെന്ന് എൻഎസ്‌എസും എസ്‌എൻഡിപിയും പരസ്യനിലപാട് എടുത്തതിനു പിന്നാലെ പോര് രൂക്ഷമായി.
മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സതീശനെ പിന്തുണയ്‌ക്കുമെന്ന് പറയാൻ കൂട്ടാക്കിയില്ല. കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചെന്നിത്തലയെ പരോക്ഷമായി പിന്തുണയ്‌ക്കുകയും ചെയ്‌തതോടെ വി ഡി സതീശനെതിരെ പുതിയ ചേരിക്ക് രൂപമായി. പഴയ എ ഗ്രപ്പും ഇതേ നിലപാടിലാണ്പാലക്കാട് ഉപതെരഞ്ഞെടുപ്പിലാണ് വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ യുഡിഎഫിനെ എസ്‌ഡിപിഐ , ജമാഅത്തെ ഇസ്ലാമി പാളയത്തിൽ കെട്ടിയത്.
എസ്‌ഡിപിഎൈയാകട്ടെ വിജയത്തിന്റെ അവകാശം ഉന്നയിച്ച് ആഹ്ലാദ പ്രകടനവും നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകരയിലടക്കം ഈ ബന്ധം ഉപയോഗിച്ചിരുന്നു. ഈ ബന്ധം ശക്തമാക്കാനും അതുവഴി കോൺഗ്രസിലെ ചോദ്യം ചെയ്യപ്പെടാത്തനേതാവായി ഉയരാനുള്ള സതീശന്റെ നീക്കത്തിനെയാണ് ചെന്നിത്തലയെവച്ച് വെട്ടിയത്.നേതൃതർക്കത്തിനിടെ കോൺഗ്രസിൽ തനിക്കുള്ള മേൽക്കൈ സാധൂകരിക്കാൻ രമേശ് ചെന്നിത്തലയും മടിച്ചില്ല.
എല്ലാ സമുദായ നേതൃത്വങ്ങളുമായും അടുത്ത ബന്ധമുണ്ടെന്ന് ശബരിമലയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ, സതീശൻ പറഞ്ഞത് 2021ന് മുമ്പുള്ള യുഡിഎഫ് അല്ല ഇപ്പോഴത്തേത് എന്നാണ്. കൂടുതൽ കക്ഷികൾ ഒപ്പമെത്തിയില്ലേ എന്ന സതീശന്റെ ചോദ്യം ചെന്നിത്തല പക്ഷക്കാർക്കുള്ള മറുപടിയാണ്. സതീശന്റെ നേതൃത്വത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിലുള്ള എതിർപ്പ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ പലരും പ്രകടിപ്പിക്കുന്നതും ചെന്നിത്തലയെ മുന്നിൽനിർത്തിയുള്ള പുതിയ നീക്കത്തിന് വേഗതകൂട്ടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.