28 പുതിയ നക്ഷത്രങ്ങളെ കണ്ടെത്തി

Web Desk
Posted on July 28, 2019, 12:12 am

നൈനിറ്റാള്‍: പുതിയ 28 നക്ഷത്രങ്ങളെ കൂടി കണ്ടെത്തിയതായി ആര്യഭട്ട വാനനിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ക്ഷീരപഥത്തിന് പുറത്തായാണ് ഇവയെ കണ്ടെത്തിയത്.
കോമ ബെറനീസെസ് നക്ഷത്ര സമൂഹത്തിന് 60,000 പ്രകാശവര്‍ഷം അകെലയായാണ് ഇവയുടെ സ്ഥാനം. രാത്രിയില്‍ ആകാശത്തിന്റെ വടക്ക് ഭാഗത്തായി ഇവയെ കാണാനാകുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇവ ഇടയ്ക്കിടെ മിന്നിമിന്നി തെളിയാറുണ്ട്. തീവ്രതയേറിയ 3.6 മീറ്റര്‍ ഒപ്ടിക്കല്‍ ടെലിസ്‌കോപ് ദേവസ്ഥല്‍ ഒപ്ടിക്കല്‍ ടെലിസ്‌കോപ്പിലൂടെയാണ് ഇവയെ കണ്ടെത്തിയത്. ഏറെ പഴക്കമുള്ള നക്ഷത്ര സമൂഹമായ ഗ്ലോബുലാര്‍ ക്ലസ്റ്റര്‍ എന്‍ജിസി 4147ല്‍ ആദ്യമായാണ് ഇത്തരം നക്ഷത്രങ്ങളെ കണ്ടെത്തുന്നത്. വിശദാംശങ്ങള്‍ അടുത്ത മാസത്തെ ആസ്‌ട്രോണമിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കും.