19 April 2024, Friday

Related news

April 17, 2024
April 15, 2024
April 3, 2024
April 3, 2024
February 28, 2024
February 26, 2024
February 23, 2024
February 20, 2024
February 8, 2024
February 2, 2024

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി; ആയിശ ബാനു പുതിയ പ്രസിഡന്റ്

കോഴിക്കോട്
കെ കെ ജയേഷ്
September 12, 2021 8:02 pm

പാർട്ടിയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് സ്ത്രീവിരുദ്ധ നിലപാടിൽ ഉറച്ച് മുസ്ലീം ലീഗ്. എം എസ് എഫ് നേതാക്കൾക്കെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയവരെ ഒഴിവാക്കി എം എസ് എഫിന്റെ വനിതാ വിഭാഗം ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.

പുതിയ പ്രസിഡന്റായി മലപ്പുറത്തു നിന്നുള്ള ആയിഷ ബാനു പി എച്ചിനെയും ജനറൽ സെക്രട്ടറിയായി കണ്ണൂരിൽ നിന്നുള്ള റുമൈസ റഫീഖിനെയുമാണ് പ്രഖ്യാപിച്ചത്. നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസർക്കോട്), അയ്ഷ മറിയം (പാലക്കാട്) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഫ്ഷില (കോഴിക്കോട്), ഫായിസ എസ് (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം) എന്നിവരാണ് പുതിയ സെക്രട്ടറിമാർ. മലപ്പുറത്തു നിന്നുള്ള നയന സുരേഷാണ് ട്രഷറർ. വിവിധ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി ഹരിത സംസ്ഥാന കമ്മിറ്റി പുന: സംഘടിപ്പിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. എം എസ് എഫിന് ഹരിത വിഭാഗമേ വേണ്ടതില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിലപാട്. എന്നാൽ അത് പൊതു സമൂഹത്തിൽ പാർട്ടിക്ക് വലിയ മാനക്കേടുണ്ടാക്കുമെന്നും കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വത്തെ വിമർശിക്കാൻ ധൈര്യപ്പെടാത്തവരെ ഭാരവാഹികളാക്കിക്കൊണ്ട് കമ്മിറ്റിയെ പുനസംഘടിപ്പിക്കാൻ തീരുമാനിച്ചത്.


ഇതുംകൂടി വായിക്കൂ: ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കുമെന്ന്; മാധ്യമങ്ങൾക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം


നിലവിലെ ഹരിത നേതൃത്വവുമായി സഹകരിച്ച് നിന്നവരെ പ്രധാന പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഹരിത വിഷയത്തിലുള്ള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗവും എം എസ് എഫിലെ ഒരു വിഭാഗവും രംഗത്തെത്തുകയും ദേശീയ നേതൃത്വത്തിന് ഉൾപ്പെടെ കത്തയയ്ക്കുകയും ചെയ്തിരുന്നുവെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്. നേതൃത്വത്തെ ഹരിത നേതാക്കൾ ധിക്കരിച്ചെന്നും വനിതകൾക്ക് മുമ്പിൽ ഒരു തരത്തിലും കീഴടങ്ങരുതെന്നുമുള്ള നിലപാടിലുറച്ച് പാർട്ടി നേതൃത്വം മുന്നോട്ട് പോയതോടെയാണ് ഇത്തരമൊരു തീരുമാനം.

സ്ത്രീത്വത്തെ അധിക്ഷേപിച്ച വിഷയമുണ്ടായപ്പോൾ എം എസ് എഫ് നേതൃത്വത്തിനെതിരെ പരാതി നൽകാൻ വിസമ്മതിച്ച ആശിഷ ബാനുവിനെയാണ് പുതിയ പ്രസിഡന്റായി നേതൃത്വം തെരഞ്ഞെടുത്തത്. പഴയ കമ്മിറ്റിയിലെ ട്രഷറർ ആയിരുന്നു ആയിഷ ബാനു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റുമൈസ റഫീഖ് നേരത്തെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. മുൻ മലപ്പുറം ജില്ലാ പ്രസിഡന്റാണ് വൈസ് പ്രസിഡന്റായ നജ്വ ഹനീന. ട്രഷററായ നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്നു. ലൈംഗിക അധിക്ഷേപ പരാതി നൽകിയവരിൽ ഉൾപ്പെടാത്തവരാണ് ഇവരെല്ലാം. മാത്രമല്ല നേതൃത്വത്തിനെതിരെ പരാതി നൽകിയ മുൻ നേതൃത്വത്തെ പിന്തുണയ്ക്കാനും ഇവരാരും തയ്യാറായിരുന്നില്ല.


ഇതുംകൂടി വായിക്കൂ: ഹരിതയുടെ പരാതി ;എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ നവാസ് അറസ്റ്റിൽ


എം എസ് എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഹരിത സംസ്ഥാന കമ്മിറ്റിയിലെ പതിനൊന്നുപേരിൽ പത്തുപേരാണ് വനിതാ കമ്മീഷനും പൊലീസിനും പരാതി നൽകിയിരുന്നത്. പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെ അറസ്റ്റു ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടും ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാർക്കൊപ്പം നിലയുറപ്പിക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം ചെയ്യുന്നത്. ഹരിത വിവാദത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും മുൻ ഭാരവാഹികൾക്ക് നിഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ തങ്ങളുടെ സ്ത്രീ വിരുദ്ധ നിലപാടുകൾ ഒന്നുകൂടി ഉറപ്പിക്കുകയാണ് മുസ്ലം ലീഗ് നേതൃത്വം.

Eng­lish Sum­ma­ry : new state com­mit­tee for haritha

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.