മോഡി ദുര്‍ഭരണത്തിനെതിരെ മറ്റൊരു പോര്‍മുഖം

Web Desk
Posted on August 04, 2018, 10:43 pm

പ്രതേ്യക ലേഖകന്‍
ന്യൂഡല്‍ഹി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അക്കാദമിക സമൂഹത്തിന്റെയും പോരാട്ടം നരേന്ദ്രമോഡി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ് സമരത്തിന്റെ മറ്റൊരു പോര്‍മുഖമായി മാറുന്നു.
വെള്ളിയാഴ്ചയും ഇന്നുമായി രാഷ്ട്രതലസ്ഥാനത്ത്, കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (ജെഎന്‍യുടിഎ) പൊതുവിദ്യാഭ്യാസ സംരക്ഷണാര്‍ഥം സംഘടിപ്പിച്ച ദ്വിദിന കണ്‍വന്‍ഷനിലെ പ്രതിപക്ഷ എംപിമാരുടെ നിരയടക്കമുള്ള വിപുലമായ സാന്നിധ്യം നല്‍കുന്ന സൂചന അതാണ്. നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ പൊതു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും ബൗദ്ധിക ഊര്‍ജ്ജസ്വലതയും കവര്‍ന്നെടുക്കുകയാണെന്ന് കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി പ്രതിപക്ഷ എംപിമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ അക്കാദമിക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും ക്യാമ്പസുകളില്‍ വളര്‍ന്നുവരുന്ന ചെറുത്തുനില്‍പുകള്‍ക്ക് പ്രതിപക്ഷ എംപിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ക്കും വൈവിധ്യത്തിനുമെതിരെ വളര്‍ന്നുവരുന്ന ഭരണകൂട അസഹിഷ്ണുതയുടെ സംസ്‌കാരം അവയെ കേവലം ബിരുദധാരികളെ സൃഷ്ടിക്കുന്ന ഫാക്ടറികളാക്കി മാറ്റുമെന്ന് കണ്‍വന്‍ഷന്‍ ആശങ്ക പ്രകടിപ്പിച്ചു. സര്‍വകലാശാലകളെ അരാഷ്ട്രീകരിക്കാനും അവയെ നിര്‍ബന്ധിത സിദ്ധാന്തീകരണത്തിന്റെയും അസഹിഷ്ണുതയുടെയും കൂടാരങ്ങളാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കാനാണ് ഭരണകൂട ഒത്താശയോടെ ലക്ഷ്യംവയ്ക്കുന്നതെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി.
ജെഎന്‍യു ഭരണാധികാരികള്‍ അക്കാദമിക സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് നിരന്തരം പുറപ്പെടുവിക്കുന്ന ശാസനപരമ്പരകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്‍വന്‍ഷനിലെ സാന്നിധ്യം സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ജെഎന്‍യുവില്‍ അധ്യാപകര്‍ക്ക് ബയോമെട്രിക് ഹാജര്‍ സംവിധാനവും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധിതവുമാക്കിയ ശാസനങ്ങള്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും തുടര്‍ന്നുവരുന്ന ചെറുത്തുനില്‍പുകള്‍ക്ക് പ്രതിപക്ഷ എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചു.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷ(യുജിസി)നെ നോക്കുകുത്തിയാക്കി ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ (ഹയര്‍എജ്യൂക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ‑എച്ച്ഇസിഐ) തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കം ദുരുപദിഷ്ടമാണ്. ഉന്നതവിദ്യാഭ്യാസത്തിന് കൂടുതല്‍ സ്വയം ഭരണാധികാരം നല്‍കുന്നതിന്റെ പേരില്‍ നിയമനിര്‍മാണം നടത്താനുള്ള നീക്കത്തിലാണ് മോഡി ഭരണകൂടം. അത് ഫലത്തില്‍ പൊതു ഉന്നതവിദ്യാഭ്യാസ മേഖലക്കുള്ള സാമ്പത്തികസഹായം സ്വകാര്യ മേഖലയിലേക്ക് വഴിതിരിച്ചുവിടാനും പൊതുമേഖലയുടെ തകര്‍ച്ചയ്ക്കും വഴിവയ്ക്കുമെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി. നാളിതുവരെ സ്ഥാപിച്ചിട്ടില്ലാത്ത, അംബാനിമാരുടെ ഭാവനയില്‍ മാത്രം നിലനില്‍ക്കുന്ന, റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമാക്കി ഉദാര ധനസഹായം വാഗ്ദാനം ചെയ്ത മോഡി സര്‍ക്കാര്‍ നടപടിയെ കണ്‍വന്‍ഷന്‍ അപലപിച്ചു. ജെഎന്‍യുവിനെ അഞ്ഞൂറ് കോടിയില്‍പരം രൂപ കടമെടുക്കാന്‍ നിര്‍ബന്ധിക്കവെയാണ് ഇത്. രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ ഒന്നിനെപോലും മികവിന്റെ കേന്ദ്രമായി അംഗീകരിക്കാനും സഹായവാഗ്ദാനം നല്‍കാനും വിസമ്മതിക്കവെയാണ് ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ജെഎന്‍യു അക്കാഡമിക് സമൂഹം സര്‍വകലാശാലയെ തീവ്രഹിന്ദുത്വ സിദ്ധാന്ത അടിമസമൂഹമാക്കി മാറ്റാനുള്ള ബിജെപി-സംഘ്പരിവാര്‍ ശ്രമങ്ങളെ ധീരമായി ചെറുത്തുവരികയാണ്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവരെ രാജ്യദ്രോഹികളായി മുദ്രകുത്തി അറസ്റ്റ് ചെയ്തത് ദേശീയതലത്തില്‍ തന്നെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ അഭിമുഖീകരണത്തിനും നിയമയുദ്ധങ്ങള്‍ക്കും വഴിവച്ചിരുന്നു. രാഷ്ട്രതലസ്ഥാനത്ത് നടന്ന കണ്‍വന്‍ഷന്‍ രാജ്യത്തുടനീളം അസ്വസ്ഥമായ ക്യാമ്പസുകളില്‍ രാഷ്ട്രീയ അഭിമുഖീകരണത്തിനു വഴിതെളിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ജെഎന്‍യുടിഎ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ കണ്‍വന്‍ഷനില്‍ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എംപി, സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം, രാജീവ് ഗൗഡ(കോണ്‍ഗ്രസ്) സൗഗത ബോസ് (ടിഎംസി), ഉദിത്‌രാജ് (അഖിലേന്ത്യാ എസ്‌സി-എസ്ടി സംഘടനാ അധ്യക്ഷന്‍), മനോജ് ഝാ (ആര്‍ജെഡി), എന്നിവര്‍ക്കു പുറമേ മുന്‍ ബിജെപി നേതാവും കടുത്ത മോഡി വിമര്‍ശകനുമായ യശ്വന്ത് സിന്‍ഹയും പങ്കെടുത്തിരുന്നു.