പി എ വാസുദേവൻ

കാഴ്ച

June 26, 2021, 4:59 am

തെരഞ്ഞെടുപ്പിന് ഒരു പുതിയ പാഠപുസ്തകം

Janayugom Online

കേരളത്തിലെ അധികാരത്തുടര്‍ച്ച വെറും വോട്ട് വിശകലനത്തിനപ്പുറം, ആശയപരമായ അന്വേഷണങ്ങള്‍ക്കുകൂടി സാധ്യതതരുന്നു. ത്രിപുരയിലും ബംഗാളിലും അധികാരനഷ്ടം വന്നശേഷം കേരളത്തിന്റെ ഇടതുഭരണവും തകര്‍ച്ചയിലേക്കാണെന്ന് പല നിരീക്ഷണങ്ങളും ഉണ്ടായി. പക്ഷെ കേരള രാഷ്ട്രീയവും ഭരണവും വോട്ടിങ് മനസ്ഥിതിയും മറ്റൊരു തിരിവാണ് സ്വീകരിച്ചത്. ഭരണത്തുടര്‍ച്ച എന്ന ഒരു പൊതുപ്രസ്താവനയിയ്ക്കപ്പുറം പലതും അതില്‍ അന്വേഷിക്കേണ്ടതുണ്ട്. പ്രതിപക്ഷം അതിനെ വളരെ ലളിതവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പലതരത്തിലാണ്. പ്രകൃതിദുരന്തം, കോവിഡ് 19 എന്നിവയുടെ ദുരിതകാലത്ത് നടത്തിയ സൗജന്യകൂമ്പാരം. കോണ്‍ഗ്രസിന് പൊതുമനസിനെ സ്വാധീനിക്കാനാവായ്മ, നേതൃനിരയിലെ വിഘടനങ്ങള്‍, ഇതൊക്കെയായിരുന്നു യുഡിഎഫ് വാദങ്ങള്‍.

ഒരതിര്‍ത്തിവരെ ഇവയൊക്കെ സമ്മതിക്കാമെങ്കിലും ഭരണ‑സെെദ്ധാന്തിക വ്യാകരണങ്ങളില്‍ അതില്‍കവിഞ്ഞ സത്യങ്ങള്‍ കണ്ടെത്താനാവും. ഒറ്റവാചകത്തില്‍ ഭരണത്തിലെ നിഷ്ഠതയും വ്യക്തതയും തന്നെയാണ്, ഇങ്ങനെയൊരു വിജയത്തിനു കാരണം. അതില്‍ ഭരണപക്ഷത്തിന്റെ നൂലിഴമാറാത്ത കൂട്ടായ്മയുണ്ട്. ‘ഞാനല്ല, ഞങ്ങള്‍’ എന്ന് ഉറച്ചുവിശ്വസിച്ചതിന്റെ പ്രായോഗികഫലമാണത്. തെരഞ്ഞെടുപ്പും വിജയവും എല്ലാം കഴിഞ്ഞ്, ഭരണം ആരംഭിച്ചിരിക്കെ സാധാരണ വിശകലനങ്ങള്‍ക്കപ്പുറത്തേക്കു നാം കടക്കുന്നത് വരുംകാലസാധ്യതകളുടെ മനസിലാക്കല്‍ കൂടിയാണ്. ഒരു ഇലക്ഷനില്‍ സാമാന്യവിശകലനങ്ങള്‍ക്കപ്പുറത്ത് പലതുമുണ്ടല്ലോ. ഇലക്ടറല്‍ മോഹങ്ങങ്ങളുടെയും പുരോഗമന സാമൂഹിക പരിഷ്കരണങ്ങളുടെയും ഒരു ബാലന്‍സിങ് ഇതില്‍ കാണാനാവും. പാര്‍ട്ടിതല സംയോജനങ്ങളും മുന്നണി ഷഫ്ളിങ്സുമൊക്കെ അതിലുണ്ടാവാം. എന്നാല്‍ ഇലക്ഷന്റെ ആകെത്തുക അതാണെന്ന ന്യൂനീകരണം ശരിയല്ല. മറുപക്ഷത്തിന്റെ അത്തരം പ്രചാരണങ്ങള്‍ അവരുടെ രാഷ്ട്രീയ വ്യാഖ്യാന പരിമിതികളുടെ ലക്ഷണമാണ്. അതവര്‍ തുടരട്ടെ. ഉപരിവര്‍ഗത്തിന്റെ വോട്ടുകള്‍ വേണ്ടത്ര ഇടതുപക്ഷത്തിനു വന്നില്ലെന്നതും ഒരുതരം ബ്രാഹ്മിണിക്കല്‍ റിവെെവലിസത്തിനുള്ള ബിജെപി ശ്രമങ്ങള്‍ വിജയിച്ചില്ലെന്നതും ശബരിമല പ്രശ്നം ബാധിച്ചില്ലെന്നതുമൊക്കെ എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടത് അതിനു ശ്രമിച്ചവരാണ്.

ബിജെപിയുടെ റിവെെവലിസ്റ്റ് രാഷ്ട്രീയം വിജയംനേടുമെന്നു കണ്ട കോണ്‍ഗ്രസും അതിനോടൊത്തു പോയതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്. ഇതേറ്റവും കത്തിച്ചുനിര്‍ത്തിയ തിരുവനന്തപുരത്ത് 14ല്‍ 13ഉം എല്‍ഡിഎഫ് നേടിയതിന്റെ കാരണം, ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിര്‍ണയമാണെന്നും അതിന്റെ പരിഗണനകള്‍ വികസിത പ്രശ്നങ്ങളാണെന്നും പൊതുമനസ് തിരിച്ചറിഞ്ഞതുകൊണ്ടാണ്. അത് ജനാധിപത്യത്തിന് നല്ല ലക്ഷണമാണ്. പതിവുകൗശലങ്ങളും ആനുകാലികജാടകളും ഇനിയുംനിരത്തി അധികാരം തട്ടാനാവില്ലെന്ന് ബിജെപിയും കോണ്‍ഗ്രസും അറിയണം. ഇടതുപക്ഷം ഇന്നത്തെ പ്രവണത തുടരുകയും വേണം. ഇലക്ഷന്‍ വായനകളില്‍ പങ്ക് എല്ലാവര്‍ക്കും ഉണ്ടെന്നറിയണം. നേടിയ വിജയം നിരുപാധികമാണെന്നു കരുതാനാവില്ല. ഒരുപക്ഷെ ഇതേ റിവെെവലിസ്റ്റ് തന്ത്രങ്ങള്‍ അവര്‍ കൂടുതല്‍ നിശിതമായി തുടരാനും വിജയം നേടാനും ശ്രമിച്ചേക്കും. അതിനു മറുപടി രാഷ്ട്രീയനീക്കങ്ങളും സാമൂഹിക‑സാമ്പത്തിക വികസന ശ്രമങ്ങളുമാണ്.

ഏതര്‍ത്ഥത്തിലും കഴിഞ്ഞ വിജയം, സൗജന്യങ്ങളുടെ മാത്രം വിജയമായിരുന്നു. അതൊക്കെ, രണ്ടു പ്രളയങ്ങള്‍, നിപ, കോവിഡ് 19 എന്നിവ സൃഷ്ടിച്ച അടിയന്തര ദെെനംദിന അത്യാവശ്യ നിര്‍വഹണമായിരുന്നു. പ്രധാനം സ്ഥാപനവ്യവസ്ഥയുടെ ആഭ്യന്തര ദൃഢീകരണവും ഭരണ‑പൊതുജന ബന്ധവ്യവസ്ഥയുടെ സജീവതയുമായിരുന്നു. അല്പം വിശദമായി വിശകലനം നടത്തുന്നവര്‍ക്ക് ഇത് മനസിലാക്കാന്‍ വിഷമമുണ്ടാവില്ല. ഇതറിഞ്ഞതുകൊണ്ടുതന്നെയാവാം, പാര്‍ലമെന്റു തെരഞ്ഞെടുപ്പിലെ സമ്മതിദാന പിശകുകള്‍ പൊതുജനം തദ്ദേശ സ്വയംഭരണ‑സ്റ്റേറ്റ് തെരഞ്ഞെടുപ്പുകളില്‍ അടിമുടി തിരുത്തിയത്. ആദ്യത്തേതിനു തൊട്ടുതൊട്ടായി വന്ന ഇലക്ഷനുകളില്‍, കേരളത്തിന്റെ കാര്യം നോക്കാന്‍ ഇടതുപക്ഷം തന്നെ വേണമെന്ന തീരുമാനം തന്നെയാണത്. പഴയ കേരള മോഡലില്‍ നിന്നു വ്യത്യസ്തമായി ഇവിടത്തെ പ്രശ്നങ്ങളെയും മഹാമാരികളെയും സാമൂഹിക‑സാമ്പത്തിക വികസന നയങ്ങളുമായി ഉള്‍ച്ചേര്‍ത്തും, അതിനെ രാഷ്ട്രീയ സംഹിതകളും സംവിധാനവുമായി ബന്ധിപ്പിച്ചുമായിരുന്നു ഭരണനിര്‍വഹണം. പുറം കടംകൊണ്ട് പുറംമേനി എന്ന ‘മോഡല്‍’ ആരോപണത്തിനു ഇവിടെ പ്രസക്തിയില്ല.

ക്ഷേമപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും ഒപ്പംതന്നെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, സമ്പത്തിന്റെ വര്‍ധന എന്നിവയെല്ലാം ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതികളിലുണ്ടായിരുന്നു. അതായിരുന്നു ലോക്കല്‍, അസംബ്ലി തെരഞ്ഞെടുപ്പുകളുടെ തീരുമാനങ്ങളെ സ്വാധീനിച്ചത്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പുകാലത്തെ പ്രൊജക്ഷന്‍സ്, ക്ഷേമ, ഉല്പാദനനേട്ടങ്ങള്‍ തന്നെയായിരുന്നു. വോട്ടര്‍മാര്‍ അതിനനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് ‘ആന്റി ഇന്‍കംബന്‍സി’ പ്രവണതയുടെ തോട് ആദ്യമായി തകര്‍ന്നത്. സമ്പദ്ഘടനയിലും ആശ്വാസനടപടികളിലും ഉല്പാദനരംഗത്തും സൃഷ്ടിച്ച മാറ്റങ്ങള്‍ മുന്നോട്ടുവച്ചു നടത്തിയ പ്രചാരണം, തെരഞ്ഞെടുപ്പിന്റെ പുതിയൊരു പാഠപുസ്തകമുണ്ടാക്കിയത് മറന്നുകൂടാ. മുമ്പുണ്ടായിട്ടില്ലാത്തൊരനുഭവമായിരുന്നു ഇത് സമ്മതിദായകര്‍ക്ക്. ഭാവിയില്‍ ഇടതുപക്ഷത്തിനും പ്രതിപക്ഷത്തിനും പിന്തുടരേണ്ട ഒരു മാതൃകയാണിത്. തെരഞ്ഞെടുപ്പ് ജാടകളുടെയും കോലാഹലങ്ങളുടെയും പണം കെെമാറ്റത്തിന്റെയും അങ്കത്തട്ട് എന്നതു മാറാമെങ്കില്‍ അതൊരു വലിയ ആശ്വാസമാവും. അതിന്റെ ഒരു നല്ല തുടക്കമായിരുന്നു കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ്.

പുനര്‍വിതരണത്തില്‍ മാത്രം ഊന്നിയ കേരള മോഡല്‍, ഇടതുപക്ഷം ഗൗരവപൂര്‍ണമായ വിശകലനത്തിനു വിധേയമാക്കിയിട്ട് ഏതാണ്ട് മൂന്നു ദശകങ്ങളായി. പുനര്‍വിതരണം താല്‍ക്കാലിക നടപടിയാണ്. സമ്പത്ത് ഉല്പാദനത്തിന്റെ അടിത്തറ വികസിച്ചിരിക്കണം. ‘ശക്തമായ സമ്പത്തുല്പാദനം നടക്കുന്നില്ലെങ്കില്‍, നമ്മുടെ പുനര്‍വിതരണത്തിന്റെ അടിത്തറ സുസ്ഥിരമായി നിലനില്‍ക്കില്ലെന്ന്’ ധനമന്ത്രി തോമസ് ഐസക്ക് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അതായിരുന്നു ശരി. സമ്പത്തുല്പാദനത്തിന് ഒരു ദീര്‍ഘകാല കാഴ്ചപ്പാടിനുള്ള അടിത്തറയിലാണ്, കഴിഞ്ഞ ടേമില്‍ ശ്രദ്ധിച്ചിരുന്നത്. അതിന്, പണം ഒരു പ്രശ്നമാവാതിരിക്കാനുള്ള അന്വേഷണമാണ് ‘കിഫ്ബി‘യിലെത്തിയത്. അതിന്റെ നേരെയായിരുന്നു പ്രതിപക്ഷത്തിന്റെ കടന്നുകയറ്റം. സാമ്പ്രദായിക ധനാഗമമാര്‍ഗങ്ങളില്‍ ഒട്ടിനിന്നാല്‍, ഒരു വന്‍ വികസനവും സാധിക്കുമായിരുന്നില്ല. ദിനസരികൊണ്ടു പോവലല്ലല്ലോ ഭരണം. വികസനത്തിന്റെ പുനര്‍വിതരണതന്ത്രം നിലനിര്‍ത്താന്‍ ഉല്പാദനശക്തികളുടെ വ്യാപനം അത്യാവശ്യമാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനമാണ് ധനവ്യവസ്ഥയെ ശക്തമാക്കിയത്. തീര്‍ത്തും വ്യത്യസ്തമായൊരു കാഴ്ചപ്പാടും ഭരണതന്ത്രവുമായിരുന്നു അത്.

ഇതൊക്കെ ഇലക്ഷന്റെ ‘ഹാള്‍ഔട്ടി‘നെ ബാധിക്കാതിരിക്കില്ല. നമ്മുടെ അന്വേഷണപാതകള്‍ നീളേണ്ടത് ഈ വഴിയിലൂടെയാവണം. സാമ്പത്തിക വികസനതന്ത്രം, തുല്യ അവകാശ‑അവസര സാഹചര്യം എന്നിവയിലൂന്നിയ ഒരു രാഷ്ട്രീയ അജണ്ടയുടെ പ്രാവര്‍ത്തികതയുടെ പശ്ചാത്തലത്തിലാവണം കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലത്തെ നേരിടാന്‍. തെരഞ്ഞെടുപ്പുകാലത്ത് മുന്നോട്ടുവച്ചതും അതുതന്നെയായിരുന്നു. അല്ലാതെ ശബരിമല പ്രശ്നമായിരുന്നില്ല. അത് വേറെ പരിഗണിക്കപ്പെടേണ്ടതാണ്. ഗൗരവതരമായൊരു സാമ്പത്തിക‑രാഷ്ട്രീയ കാഴ്ചപ്പാട് മറുപക്ഷത്തിനില്ലായിരുന്നു.

പബ്ലിക് ആക്ഷനിലൂടെ സാമൂഹിക‑സാമ്പത്തിക വികസനമായി ഭരണതന്ത്രം. കേരള ഉപദേശീയതയെ നാഷണല്‍ കാഴ്ചപ്പാടിലൂടെയും അന്തര്‍ദേശീയ യാഥാര്‍ത്ഥ്യങ്ങളിലൂടെയും നമുക്ക് കാണാനാവും. അതിനുള്ള ശ്രമവും ഉണ്ടായിരുന്നു. ബിജെപിക്ക് നേട്ടം ഉണ്ടാക്കാനാവാത്തതും അതുകൊണ്ടായിരുന്നു. അതൊരു വന്‍ കൂട്ടായ്മയായിരുന്നു.

നാമിനിയും പരിപാലിക്കേണ്ട കൂട്ടായ്മ.