16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 4, 2024
September 3, 2024
August 22, 2024
August 15, 2024
July 29, 2024
July 2, 2024
June 27, 2024
June 24, 2024
June 16, 2024
May 28, 2024

ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം

സ്വന്തം ലേഖിക
June 27, 2024 10:27 pm

ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് റവന്യുമന്ത്രി കെ രാജന്‍. ഇതിന്റെ ഉദ്ഘാടനം ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റില്‍ നടക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാരാണ് ഇതുവരെ തരംമാറ്റ പ്രക്രിയ തീര്‍പ്പ് കല്‍പ്പിച്ചിരുന്നത്. പുതിയ സംവിധാനം വരുന്നതോടെ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും നേരത്തെ തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വെയര്‍മാരെ താല്‍ക്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്‌വേര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തികരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഭൂമി തരംമാറ്റത്തിനായി ദിവസേന നൂറുകണക്കിന് അപേക്ഷകള്‍ ഓരോ ആര്‍ഡിഒ ഓഫിസുകളിലും ലഭിക്കുന്നുണ്ട്. ഭൂനികുതിയുള്‍പ്പടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിത്തുടങ്ങിയതോടെയാണ് ഭൂമി തരം മാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയാക്കിയതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതില്‍ 98 ശതമാനവും തീര്‍പ്പുകല്‍പ്പിച്ചു. 3,660 അപേക്ഷകള്‍മാത്രമാണ് പലവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
ആര്‍ഡിഒ ഓഫിസുകളില്‍ ഇത്തരത്തില്‍ കുന്നുകൂടിയ പതിനായിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുന്‍ഗണന നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തരംമാറ്റ നടപടികള്‍ ഓണ്‍ലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് മുഖേന 990 ജീവനക്കാരെ താല്‍ക്കാലികമായി ആറ് മാസത്തേക്ക് നിയമിച്ചു. 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങള്‍ക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ ബുധനാഴ്ച വരെ 1,78,620 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിനായി ഇ‑ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫിസുകളില്‍ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റുമാരെയും വില്ലേജ്/താലൂക്ക് ഓഫിസുകളിലേക്ക് പുനര്‍വിന്യസിച്ചു. ഈ സംവിധാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതെന്നും റവന്യു മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷൺ ഡോ. എ കൗശികൻ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: New sys­tem for dis­pos­al of land reclas­si­fi­ca­tion appli­ca­tions from July 1

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.