എവിൻ പോൾ

തൊടുപുഴ:

January 27, 2021, 5:46 pm

ഇടുക്കി ഡാമിന്റെ ചലനങ്ങളറിയാൻ ‘രശ്മി’

Janayugom Online

ഇടുക്കി അണക്കെട്ടിന്റെ ചലനങ്ങളുൾപ്പെടെ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനവുമായി കെഎസ്ഇബി. രശ്മി ഫോർ ഡാംസ് എന്നറിയപ്പെടുന്ന സംവിധാനത്തിന്റെ പൂർണരൂപം റിയൽ ടൈം ഏർലി വാർണിംഗ്, സ്ട്രക്ചറൽ ഹെൽത്ത് മോനിറ്ററിംഗ് ആന്റ് ഇന്റർപ്രിറ്റേഷൻ എന്നാണ്. ഡാമിന്റെ ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ട് അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങള്‍ തല്‍സമയം നിരീക്ഷണം നടത്തി നിരീക്ഷ ഫലങ്ങള്‍ കൃത്യമായി ഓരോ മണിക്കൂറിലും കണ്‍ട്രോള്‍ റൂമിലും പള്ളം ചീഫ് എഞ്ചിനീയറുടെ ഓഫീസിലും ലഭ്യമാക്കുന്ന സംവിധാനമാണ് രശ്മി ഫോര്‍ ഡാംസ്.

ഡാമിന്റെ ഗാലറിയ്ക്കുളളില്‍ സ്ഥാപിച്ചിരിക്കുന്ന ജോയിന്റ് മീറ്റര്‍, ക്രാക്ക് മീറ്റര്‍, സെട്രയിന്‍ മീറ്റര്‍, ടില്‍റ്റ് മീറ്റര്‍, പിസോ മീറ്റര്‍ മുതലായവയില്‍ നിന്നുമുള്ള യഥാസമയം റീഡുങ്ങുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമാകും. കൂടാതെ ചെറുതോണി ഡാമിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന റഡാര്‍ വാട്ടര്‍ ലെവല്‍ മുഖേന ഓരോ മണിക്കൂറിലും റിസര്‍വോയറിലെ ജലനിരപ്പ് കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകുകയും ചെയ്യും. ഡാമിന്റെ ഡൗണ്‍ട്രീമില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ ഡൗണ്‍സ്ട്രീം ഫെയിസില്‍ സ്ഥാപിച്ചിരിക്കുന്ന 26 ടാര്‍ഗെറ്റിന്റെ ഓരോ മണിക്കൂറിലുമുള്ള വ്യതിയാനം കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും.

കൂടാതെ ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ വഴി ഇടുക്കി ക്യാച്ച്മെന്ററിലെ മഴയുടെ അളവ് കാറ്റിന്റെ ഗതി, താപനില തുടങ്ങിയ വിവരങ്ങളും യഥാസമയം ലഭിച്ചുകൊണ്ടിരിക്കും. അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ വഴി അണക്കെട്ടിന്റെഅടി നിരപ്പ് മുതല്‍ ജലസംഭരണിയുടെ പലവിതാനത്തിലെ താപനിലയും അറിയാം. ഇതെല്ലാം ക്രോഡീകരിച്ച് അത്യാധുനിക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ തൽസമയമുള്ള സ്വാഭാവിക വ്യതിയാനങ്ങള്‍ പഠിക്കുവാനും കഴിയും. അസ്വാഭാവിക വ്യതിയാനം ഉണ്ടാകുന്ന പക്ഷം അത് ജാഗ്രതാ മുന്നറിയിപ്പ് പുറുപ്പെടുവിക്കുകയും ചെയ്യും. ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം ഏര്‍ലി വാണിംങ് ഓഫ് സ്റ്റക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ആന്റ് ഇന്റര്‍പെര്‍റ്റേഷന്‍ ഫോര്‍ ഡാംസിന്റെ(രശ്മി ഫോര്‍ ഡാംസ്) ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിച്ചു.

ENGLISH SUMMARY: new tech­nol­o­gy in iduk­ki dam

YOU MAY ALSO LIKE THIS VIDEO