ട്രെയിനുകളിലെ പുതിയ ടോയ് ലറ്റുകൾ സെപ്റ്റിക് ടാങ്കുകളേക്കാൾ കഷ്ടം

Web Desk
Posted on January 05, 2018, 9:00 pm

ഇന്ത്യന്‍ തീവണ്ടികളിലെ പുതിയ ബയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി രോഗങ്ങളും. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്ന് ശരീരത്തിലേക്ക് ബാക്ടീരിയകള്‍ കടന്നുകൂടുക വഴി മനുഷ്യന്‍ നിത്യ രോഗിയായി മാറുമെന്നാണ് മദ്രാസ്‌ ഐഐടി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

1,305 കോടി ചെലവില്‍ ഇന്ത്യന്‍ റയില്‍വെ നിര്‍മ്മിച്ച ട്രെയിനുകളിലെ പുതിയ ബയോ ടോയ്‌ലറ്റുകള്‍ സെപ്റ്റിക് ടാങ്കുകളേക്കാള്‍ മോശമെന്നു രണ്ടുവര്‍ഷത്തെ പഠനത്തില്‍ നിന്നുള്ള  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ചവയാണ് ഹൈബ്രിഡ് ടോയ്‌ലറ്റുകള്‍.

വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരം വാക്വം ടോയ്‌ലറ്റും മാലിന്യം സംസ്‌കരിക്കാനുള്ള ബയോ ഡൈജസ്റ്റര്‍ ടാങ്കും ഉള്‍പ്പെടുന്നതാണ് ഈ ഹൈബ്രിഡ് ടോയ്‌ലറ്റുകള്‍. 93537 ബയോഡൈജസ്റ്ററുകള്‍ ‑അങ്ങനെയാണ് ഇവയെ വിളിക്കുന്നത് — എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ ഇതിനകം വിന്യസിച്ചിട്ടുണ്ട്. കോച്ചിന്റെ അടിവശത്ത് ഘടിപ്പിക്കുന്ന ബയോ ഡൈജസ്റ്റര്‍ ടാങ്കിലെ ബാക്ടീരിയ മനുഷ്യ വിസര്‍ജ്ജ്യത്തെ സംസ്‌കരിച്ച് വെളളവും വാതകങ്ങളുമാക്കി മാറ്റുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ഇത് മണിക്കൂറുകള്‍ കെട്ടി കിടക്കുക വഴി മനുഷ്യവിസര്‍ജ്ജ്യത്തിലെ ബാക്ടീരിയകള്‍ ടോയ്‌ലെറ്റില്‍ നിറയുകയും ടോയ്‌ലെറ്റ് ഉപയോഗിക്കുന്നവര്‍ അറിയാതെ ബാക്ടീരിയകള്‍ അവരുടെ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു.

ബയോ ടോയ്‌ലറ്റുകള്‍ പരമ്പരാഗത ശുചിമുറികളെക്കാള്‍ തെല്ലും കാര്യക്ഷമല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സെപ്റ്റിക് ടാങ്കുകളിലെന്ന പോലെ മലവും വെള്ളവും കെട്ടിക്കിടക്കുകയാണ് ഇവിടെയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ലിജി ഫിലിപ്പ് പറയുന്നു. ഇവരുടെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ച കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

പരമ്പരാഗത ശുചിമുറികള്‍ ഓരോ ഫഌിലും 1015 ലിറ്റര്‍ വെള്ളമുപയോഗിക്കുമ്പോള്‍ വാക്വം ടോയ്‌ലറ്റുകള്‍ ഏകദേശം 500 മില്ലീലിറ്റര്‍ ജലം മാത്രമാണ് ഒരു ഫഌഷില്‍ ഉപയോഗിക്കുന്നത.് ഈ സംവിധാനം അസുഖത്തെ ക്ഷണിച്ചുവരുത്തുകയാണ്.

വിമര്‍ശനം ഉണ്ടായിട്ടും, ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി120,000 കോച്ചുകളില്‍ ഈ ബയോ ടോയിലറ്റുകള്‍ 2018 ഡിസംബറോടെ ഘടിപ്പിക്കുകയാണ്്. ഇതിനായി 1,200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ബയോടോയ്‌ലറ്റുകള്‍ നിര്‍മിക്കാനുളള നീക്കം തുടങ്ങിയത്. ബിജെപി സര്‍ക്കാര്‍ എത്തിയപ്പോള്‍ നരേന്ദ്രമോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ഇത് ദ്രുതഗതിയില്‍ നടപ്പാക്കി. മതിയായ പഠനം നടത്താതെ ധൃതി പിടിച്ച് നടപ്പാക്കുകയായിരുന്നുവെന്നാണ് ആരോപണം.

എന്നാല്‍ പദ്ധതിയുടെ ആരംഭ പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടുമെന്നും റെയില്‍വേ മന്ത്രാലയ വക്താവ് അനില്‍ കുമാര്‍ സക്‌സേന പറഞ്ഞു. ഏറെ തണുത്ത അന്തരീക്ഷത്തില്‍ മാത്രം ജീവിക്കാന്‍ സാധിക്കുന്ന ബാക്ടീരിയകളെ അന്റാര്‍ട്ടിക്കയില്‍ നിന്ന് കൊണ്ടുവന്നാണ് ഈ ബയോ ടോയ്‌ലറ്റുകളില്‍ പരീക്ഷിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഇയുടെ മുന്‍ മേധാവി ലോകേന്ദ്ര സിങ് പറഞ്ഞു. ബാക്ടീരിയയെയും ചാണകത്തെയും സാധാരണ മണ്ണുമായി ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ഇതിന് മീഥൈന്‍ ഉത്പാദിക്കാനും അത് വഴി മനുഷ്യ വിസര്‍ജ്ജത്തെ വിഘടിപ്പിക്കാനും സാധിക്കും. ബയോ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ രണ്ട് വലിയ ഫാക്ടറികള്‍ തുടങ്ങാനുളള ആലോചനയിലാണ് ഇന്ത്യന്‍ റെയില്‍വേ.

ഇവ ഫലപ്രദമാകുമെന്ന് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കേഷന്‍ ഫെഡറേഷന്‍ ഒഫ് യൂറോപ്യന്‍ റെയില്‍വേസ് പോലുളള സ്വതന്ത്ര സംഘടനകളില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇത്തരം ടോയ്‌ലറ്റിന് ഡിആര്‍ഡിഓ പേറ്റന്റ് നേടിയിട്ടുമില്ല. ടാങ്ക് നിറഞ്ഞ് കഴിഞ്ഞാല്‍ വിസര്‍ജ്യം ട്രാക്കിലേക്ക് തന്നെ വീഴുമെന്നതാണ സ്ഥിതി.
ലോകത്തിലെ ഏറ്റവും വലിയ കക്കൂസെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ റെയില്‍വേയെ വിശേഷിപ്പിച്ചത്. ഏതാണ്ടു 3980 മാലിന്യം പ്രതിദിനം തള്ളുന്നു. ഒരു ട്രക്കില്‍ എട്ട് ടണ്‍ മാലിന്യം എന്ന തോതില്‍ 497 ട്രക്കുകളില്‍ കൊള്ളുന്ന മാലിന്യം.